ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് ഭയന്ന് പ്രതിരോധവുമായി ചൈന; പാംഗോംഗ് തടാകത്തിൽ സൈനിക നീക്കം എളുപ്പമാക്കാൻ പാലം നിർമ്മിക്കുന്നെന്ന് സൂചനകൾ

Monday 03 January 2022 8:20 PM IST

ലഡാക്ക്: ഇന്ത്യയും ചൈനയും തമ്മിൽ സൈനിക ഏറ്റുമുട്ടൽ നടന്ന ലഡാക്കിലെ ഭാഗങ്ങളിൽ നിർ‌മ്മാണങ്ങളുമായി ചൈന. തങ്ങളുടെ പട്ടാളത്തിന് അടിയന്തരഘട്ടത്തിൽ എളുപ്പം എത്തിച്ചേരാൻ സഹായകമാകുന്ന നിർ‌മ്മാണങ്ങളാണ് ചൈന ഇവിടെ നടത്തുന്നതെന്നാണ് ജിയോ ഇന്റലിജൻസ് വിദഗ്ദ്ധൻ ഡാമിയൻ സൈമൺ നൽകുന്ന സൂചന. ഇതിന് സഹായമായ ചിത്രങ്ങൾ ഇദ്ദേഹം ട്വീ‌റ്റ് ചെയ്‌തിട്ടുണ്ട്.

കിഴക്കൻ ലഡാക്കിൽ പാംഗോംഗ് തടാകത്തിൽ ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന ഭാഗത്താണ് പാലം നിർമ്മിച്ചിരിക്കുന്നത്. പാലം ഏതാണ്ട് നിർമ്മാണം പൂർത്തിയായതാണ് സൂചനകൾ. ഇതുവഴി ആയുധങ്ങളും സൈനികനീക്കവും എളുപ്പത്തിൽ നടത്തുകതന്നെയാകും ചൈന കണക്കുകൂട്ടുന്നത്. 2020ലെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ചൈന ഇവിടെ സൈനിക സഹായമാകുന്ന നിർമ്മാണങ്ങൾ വർദ്ധിപ്പിക്കുന്നത്. ഇരു രാജ്യങ്ങളിലെയും സൈനികർ നിലയുറപ്പിച്ചിരുന്ന മേഖലയായിരുന്നു ഇത്. ഇന്ത്യൻ സൈന്യം സൈനികതല ചർച്ചകളുടെ ഫലമായി പിന്മാറിയ അവസരത്തിലാണ് ചൈന ഇവിടെ പാലം നിർമ്മിച്ചത്.

പാലം പണി പൂർ‌ത്തിയായതോടെ ലഡാക്കിലെ വിവിധയിടങ്ങളിലൂടെ സൈനിക വിന്യാസം സുഗമമായി നടത്താനാണ് ചൈന ശ്രമിക്കുന്നത്. 2020ന് ശേഷം 50,000ത്തോളം സൈനികരെയാണ് ഇന്ത്യയും ചൈനയും ഇവിടെ നിയോഗിച്ചിരുന്നത്. 2020 ജൂൺ 20നാണ് ഇന്ത്യ-ചൈന സൈനികർ‌ തമ്മിൽ ഇവിടെ മുഖാമുഖം ഏ‌റ്റുമുട്ടിയത്. 20 സൈനികരെയാണ് അന്ന് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. ചൈനയുടെ നാലുപേർ മരിച്ചതായി ഔദ്യോഗികമായി അറിയിച്ചെങ്കിലും 40ലധികം പേരാണ് മരിച്ചതെന്നാണ് വിവിധ രാജ്യങ്ങൾ വ്യക്തമാക്കുന്നത്.

പ്രശ്‌നമുണ്ടായ ഇടത്തുനിന്നും രണ്ട് കിലോമീ‌റ്ററോളം പിന്മാറാൻ ഇന്ത്യയും ചൈനയും കഴിഞ്ഞവർഷം തീരുമാനിച്ചിരുന്നു. ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായുള‌ള ചർച്ചയ്‌ക്ക് ശേഷമായിരുന്നു ഈ തീരുമാനം.

Advertisement
Advertisement