തിരശ്ശീല നീക്കി നാടക അരങ്ങ് ഉണർന്നു

Monday 03 January 2022 10:45 PM IST

ചെറുവത്തൂർ: കൊവിഡിനെ തുടർന്ന് രണ്ടു വർഷത്തിനടുത്ത് മുടങ്ങിക്കിടന്ന നാടകമേഖല പതിയെ സജീവമാകുന്നു . കൊവിഡിന്റെ അതിതീവ്രവ്യാപനത്തെ തടയാൻ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നാടകസമിതികളുടെ പ്രവർത്തനം നിശ്ചലമായിരുന്നു.ജീവിതം ദുരിതപൂർണമായ ആ നാളുകളെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാടകകലാകാരന്മാർ.

സീസണിൽ മാത്രമാണ് നാടകകലാകാരന്മാർക്കും സമിതികൾക്കും വരുമാനം ലഭിച്ചിരുന്നത്.കൊവിഡ് രൂക്ഷമായതും ലോക്ക്ഡൗൺ നിലവിൽ വന്നതും ഉത്സവകാലത്തായിരുന്നു.രണ്ട് സീസണുകൾ പൂർണമായും ഈ മേഖലയ്ക്ക് നഷ്ടപ്പെട്ടു. മേയ്ക്കപ്പ്, രംഗസജ്ജീകരണം, ലൈറ്റ് ആൻഡ് സ്റ്റേജ്, കലാസംവിധാനം തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ജീവിതവും ഈ ഘട്ടത്തിൽ ദുരന്തസമാനമായി.

മറ്റെല്ലാമേഖലയിലെയും നിയന്തണങ്ങൾ നീക്കിയതിന് ശേഷമാണെങ്കിലും സ്റ്റേജ് പ്രോഗ്രാമുകൾക്ക് അനുമതി ലഭിച്ചതോടെ പുത്തനുണർവിലാണ്. കണ്ണൂർ - കാസർകോട് ജില്ലകളിൽ പലയിടത്തും നാടക മത്സരവും നാടകോത്സവത്തിനും തിരശ്ശീല ഉയർന്നുകഴിഞ്ഞു. കരിങ്കൽകുഴി, കരിവെള്ളൂർ ,തടിയൻ കൊവ്വൽ ,നെരുവമ്പ്രം, ഏഴോം ,കൊടക്കാട് ,കദളീവനം കൊടക്കാട്, തായിനേരി തുടങ്ങിയ സ്ഥലങ്ങളിൽ വിവിധ കലാസമിതികളുടെ നേതൃത്വത്തിൽ നാടക മത്സരം അരങ്ങേറി. ഏതാനും ദിവസങ്ങൾക്ക് മുമ്പായാണ് തൃക്കരിപ്പൂർ കെ.എം.കെ. സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാടകോത്സവം സംഘടിപ്പിച്ചത്. 4 നാടകങ്ങളാണ് ഇവിടെ അവതരിപ്പിക്കപെപട്ടത്. മാണിയാട്ട് കോറസ് കലാസമിതിയുടെ വെളിച്ചപ്പാട്, ഗ്രാമം പ്രതിഭയുടെ രാക്ഷസി , ചെറു പുഴ ഇ ഗ്രാമീണ നാടക വേദിയുടെ അതിര് , കടന്നപ്പള്ളി പാടിയിൽ ഗ്രാമവേദി യുടെ പ്രതിച്ഛായ എന്നിങ്ങനെയുള്ള ചെറു നാടകങ്ങളാണ് വേദിയിലെത്തിയത്. ദീർഘകാലത്തെ ഇടവേളക്ക് ശേഷമെത്തിയ നാടകങ്ങൾ കാണാൻ വലിയ ജനക്കൂട്ടം തന്നെ എത്തിയിരുന്നു.

നീണ്ട ഇടവേള നാടകത്തിന്റെ നിലവാരം മെച്ചപ്പെടുത്തിയെന്ന തോന്നുന്ന രീതിയിലായിരുന്നു അവതരിപ്പിക്കപ്പെട്ട മിക്ക നാടകകങ്ങളും.മത്സരത്തിൽ ഓരോ ഇരുപത് മിനിട്ടുകൾക്കുള്ളിലും വ്യത്യസ്ത കഥകളും രംഗസജ്ജീകരണങ്ങളും മാറി മാറി വന്നത് പ്രേഷകരെ പിടിച്ചിരുത്തി. .നിരവധി മത്സരങ്ങളിൽ ,ഒന്നും ,രണ്ടും ,സ്ഥാനവും ,രചന ,നടൻ ,സംവിധാനം ,സംഗീത നിയന്ത്രണം എന്നീ സമ്മാനങ്ങൾ നേടിയ കോറസിന്റെ വെളിച്ചപ്പാട്, വിജേഷ് കാരി സംവിധാനം ചെയ്ത അതിരുകൾ എന്നിവ കാണികളുടെ പ്രശംസയേറ്റുവാങ്ങി.

സിനിമയിലേക്ക് വഴിതുറന്ന്

നാടകങ്ങളിൽ നിറഞ്ഞുനിന്ന അഭിനേതാക്കളിൽ പലരും സിനിമയിലേക്ക് ചേക്കേറുന്നത് കലാകാരന്മാരുടെ പ്രതീക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്ച നിശ്ചയമെന്ന ഹിറ്റു ചിത്രത്തിലെ പ്രധാന കഥാപാത്രമായി മനോജ്, മിന്നൽ മുരളിയിലെ പി.സി. ഗോപാലകൃഷ്ണൻ , ചിത്രീകരണം നടന്നു വരുന്ന അന്ത്രു ദി മാൻ എന്ന സിനിമയിലെ സി.കെ. സുനിൽ ,രാജീവൻ വെള്ളൂർ തുടങ്ങിയവർ തൃക്കരിപ്പൂർ കെ എം കെ. സ്മാരക കലാസമിതിയുടെ പ്രശസ്തമായ നാടകം ഖസാക്കിന്റെ ഇതിഹാസത്തിലൂടെ ശ്രദ്ധേയരായ നാടകനടന്മാരാണ്. പി.ജെ.ആന്റണി അവാർഡ് ജേതാവ് ബാബു അന്നൂർ മേയ്ക്കപ്പ് മുതൽ അഭിനയം വരെ കൈകാര്യം ചെയ്ത ശേഷമാണ് സിനിമയിൽ സജീവമായത്. ഈ നടന്മാരൊക്കെ നാടക രംഗത്തിന് കൂടുതൽ പ്രചോദനം നൽകുന്ന താരങ്ങളാണ്.

Advertisement
Advertisement