മുഖ്യമന്ത്രിയുടെ സവാരി ഇനി കറുത്ത ഇന്നോവയിൽ

Tuesday 04 January 2022 12:02 AM IST

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി ഔദ്യോഗിക വാഹനമായി സാധാരണ വെളുത്ത നിറത്തിലുള്ള കാറുകളാണ് ഉപയോഗിക്കുന്നതെന്ന പതിവ് മാറ്രി മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക യാത്രകൾ ഇനി കറുത്ത നിറമുള്ള കാറിൽ. കെ.എൽ.01 സി.ടി 6683 രജിസ്‌ട്രേഷനിലെ ഫുൾ ഓപ്ഷൻ ക്രിസ്റ്റൽ ഷൈൻ ബ്ലാക്ക് ഇന്നോവ ക്രിസ്റ്റയാണ് മുഖ്യമന്ത്രിയുടെ പുതിയ ഔദ്യോഗിക വാഹനം. പാലക്കാട് ജില്ലാ സമ്മേളനം കഴിഞ്ഞ് ഇന്നലെ രാവിലെ തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി, വിമാനത്താവളത്തിൽ നിന്നും എ.കെ.ജി സെന്ററിലേക്കായിരുന്നു ഇതിൽ കന്നി യാത്ര നടത്തിയത്.


പൊലീസ് നിർദ്ദേശത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ യാത്ര കറുത്ത കാറിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്കായി കറുത്ത നിറത്തിലുളള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ടാറ്റയുടെ രണ്ട് ഡാർക്ക് എഡിഷൻ ഹാരിയറുകളും വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിൽ ലഭിച്ച ആദ്യ കാറാണ് മുഖ്യമന്ത്രി ഉപയോഗിച്ചു തുടങ്ങിയത്. വാഹനവ്യൂഹത്തിലെ പൈലറ്റ്, അകമ്പടി ഉൾപ്പടെ സെക്യൂരിറ്റി സംഘത്തിൽപ്പെട്ട വാഹനങ്ങളെല്ലാം കറുത്ത നിറത്തിലേക്ക് മാറും.

വാഹനങ്ങൾ വാങ്ങുന്നതിനായി കഴിഞ്ഞ സെപ്തംബറിൽ 62.46 ലക്ഷം രൂപ പൊതുഭരണവകുപ്പ് അനുവദിച്ചിരുന്നു. രാത്രി സുരക്ഷയ്ക്ക് മികച്ചത് കറുപ്പ് നിറമാണ് എന്ന വിലയിരുത്തലിലാണ് പൊലീസിന്റെ ശുപാർശ. രാത്രി ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ കറുത്ത വാഹനങ്ങൾ സഹായിക്കും എന്ന വിലയിരുത്തലിൽ പ്രധാനമന്ത്രി ഉൾപ്പെടെ പല രാഷ്ട്രത്തലവന്മാരും കറുത്ത നിറത്തിലുള്ള കാറുകളാണ് ഉപയോഗിക്കുന്നത്.

Advertisement
Advertisement