വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കോടിയുടെ വികസന പദ്ധതികളുമായി കേന്ദ്ര സർക്കാർ; പ്രധാനമന്ത്രി ഇന്ന് മണിപ്പൂരും ത്രിപുരയും സന്ദർശിക്കും

Tuesday 04 January 2022 7:58 AM IST

ന്യൂഡൽഹി: രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കോടിയുടെ വികസന പദ്ധതികളുമായി മോദി സർക്കാർ. ഇന്ന് പ്രധാനമന്ത്രി ത്രിപുരയിലും മണിപ്പൂരിലും സന്ദർശനം നടത്തുന്നുണ്ട്. വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും തറക്കല്ലിടൽ കർമ്മവും പ്രധാനമന്ത്രി നിർവഹിക്കും.

4800 കോടിയുടെ 22 പ്രോജക്‌ടുകൾ ഇംഫാലിൽ പ്രധാനമന്ത്രി തുടക്കം കുറിക്കും. അഗ‌ർത്തലയിൽ മഹാരാജ ബീർ ബിക്രം എയ‌ർപോർട്ടിലെ ഇന്റഗ്രേറ്റഡ് ടെർമിനൽ കെട്ടിടം ഉദ്‌ഘാടനം ചെയ്യും. രണ്ട് പുതിയ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും.

ഈ വർഷം മാർച്ചിലാണ് മണിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. കൊവിഡ് ഒമിക്രോൺ ഭീതിയാണ് കാരണം. മണിപ്പൂരിൽ 1850 കോടിയുടെ 13 പ്രോജക്‌ടുകളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 2950 കോടിയുടെ ഒൻപത് പ്രോജക്‌ടുകൾക്ക് തറക്കല്ലിടും.

ആരോഗ്യം, റോഡ് വികസനം, കുടിവെള‌ള വിതരണം, ഐടി, കല, സാംസ്‌കാരിക, നൈപുണ്യ വികസന പദ്ധതികൾക്കാണ് പ്രധാനമന്ത്രി തുടക്കമിടുക. അഞ്ച് ദേശീയപാതാ പദ്ധതികൾക്കായി 1700 കോടിയാണ് നീക്കിവച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു. ബരാക് നദിക്ക് കുറുകെ 75 കോടി ചിലവഴിച്ചുള‌ള സ്‌റ്രീൽ നി‌ർമ്മിത പാലവും ഇന്ന് ഉദ്ഘാടനം ചെയ്യുന്നുണ്ട്.