യാത്രക്കാരെ മർദ്ദിച്ച സംഭവം: കല്ലട ബസ് പൊലീസ് പിടിച്ചെടുത്തു, ഓഫീസ് അടച്ചു പൂട്ടാനും ഉടമയോട് ഹാജരാകാനും നിർദേശം
കൊച്ചി: യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ കല്ലട ട്രാവൽസിനെതിരെ പൊലീസ് കൂടുതൽ നടപടിയിലേക്ക്. ബസ് പിടിച്ചെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ കല്ലട ട്രാവൽസ് ഉടമ സുരേഷിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ബസിന്റെ പെർമിറ്റ് റദ്ദാക്കുന്നതിനോടൊപ്പം ഇയാൾക്കെതിരെ നടപടി എടുക്കാനും സാധ്യതയുണ്ട്. കല്ലട ട്രാവൽസിന്റെ കൊച്ചിയിലെ ഓഫീസ് അടച്ചു പൂട്ടാനും നിർദേശം നൽകി കഴിഞ്ഞു. അക്രമത്തോടനുബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണിത്.
കഴിഞ്ഞദിവസമാണ് സോഷ്യൽ മീഡിയയിലടക്കം സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചത്. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘം ചേർന്ന് തിരിച്ചടിക്കുകയായിരുന്നു. ബസിലെ യാത്രക്കാരിലൊരാൾ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ യുവാക്കളെ ജീവനക്കാർ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്‌തു.
സംഭവത്തിൽ, യാത്രക്കാരെ മർദ്ദിച്ച മൂന്ന് ബസ് ജീവനക്കാരെ പ്രതികളാക്കിയാണ് കേസ് എടുത്തിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കമ്പനി മാനേജരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മരട് പൊലീസാണ് നടപടി സ്വീകരിച്ചത്. നിലവിൽ ചുമത്തിയ വകുപ്പുകൾ ദുർബലമാണെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. ഇതിന് മുന്നോടിയായി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ ബസ് പരിശോധിച്ചിരുന്നു. തുടർന്നാണ് പൊലീസ് വാഹനം പിടിച്ചെടുത്തത്.