തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി കോൺഗ്രസും ബി.ജെ.പിയും

Thursday 06 January 2022 2:42 AM IST

ന്യൂഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ബി.ജെ.പിയും കോൺഗ്രസും തിരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി.

യു.പിയിലെ കോൺഗ്രസിന്റെ എല്ലാ തിരഞ്ഞെടുപ്പ് റാലികളും റദ്ദാക്കിയതായി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു. പാർട്ടി തിരഞ്ഞെടുപ്പ് പ്രചാരണം ഏത് രീതിയിലാണ് മുന്നോട്ട് പോകേണ്ടതെന്ന് സ്ഥിതിഗതികൾ വിലയിരുത്തി അറിയിക്കാൻ സംസ്ഥാന ഘടകങ്ങളോട് ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

നോയിഡയിൽ ഇന്ന് നടക്കാനിരുന്ന യോഗി ആദിത്യനാഥിന്റെയും ലഖ്നൗവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന റാലികളും മാറ്റിവച്ചതായി ബി.ജെ.പിയും അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ പദ്ധതികളുടെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ തിങ്കൾ മുതൽ ശനി വരെ നടത്താനിരുന്ന പരിപാടിയും ബി.ജെ.പി നിറുത്തിവച്ചു. കഴിഞ്ഞ ദിവസം ബറേലിയിൽ മാസ്ക് ധരിക്കാതെ മഹിളാ കോൺഗ്രസ് പ്രവർത്തകർ നടത്തിയ മരത്തൺ ഓട്ടം

വിവാദത്തിലായിരുന്നു. ബി.ജെ.പി ഉൾപ്പെടെയുള്ള പാർട്ടികൾ ഇതിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. തുടർന്ന് നരേന്ദ്ര മോദിയും യോഗി ആദിത്യനാഥും പങ്കെടുക്കുന്ന റാലികൾ നിരോധിക്കണമെന്ന് യു .പി കോൺഗ്രസ് ഘടകം തിരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്രയോട് ആവശ്യപ്പെട്ടിരുന്നു. ചെറിയ സമ്മേളനങ്ങളിലൂടെയും നാടകാവതരണം, ഗൃഹ സമ്പർക്കം പരിപാടികളിലൂടെയും പ്രചരണങ്ങൾ നടത്താനാണ് കോൺഗ്രസിന്റെ പദ്ധതി. എന്നാൽ, വ്യാപകമായി വെർച്വൽ റാലികൾ നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം.

Advertisement
Advertisement