നിയമലംഘനത്തിനുള്ള കെ.സുധാകരന്റെ ആഹ്വാനം ക്രിമിനൽ കുറ്റം: എം.വി.ജയരാജൻ

Wednesday 05 January 2022 10:08 PM IST
എം.വി.ജയരാജൻ

കണ്ണൂർ :കെ റെയിൽ പദ്ധതിയുടെ സർവേകുറ്റികൾ പിഴുതെറിയുമെന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ നിയമലംഘനത്തിനുള്ള ആഹ്വാനം ക്രിമിനൽ കുറ്റമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ഈ ആഹ്വാനം കേട്ടാണ് മാടായിപാറയിൽ ക്രിമിനൽസംഘം കല്ലുകൾ നശിപ്പിച്ചത്. മുമ്പ് കത്തിയും വാളും കാട്ടി ഡി.സി.സി പ്രസിഡന്റ് സ്ഥാനം പിടിച്ചെടുത്തതുപോലെയാണ് കെ .പി .സി. സി പ്രസിഡന്റ് ആഹ്വാനം ചെയ്തതിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ പഴമൊഴി. അതാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഭൂവുടമകൾക്ക് നാലിരട്ടി നഷ്ടപരിഹാരം ഉൾപ്പെടെയുള്ള പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചതോടെ കേരളത്തിന്റെ ഭാവി വികസനത്തിനു വളരെയേറെ പ്രയോജനകരമായ കെ റെയിൽ പദ്ധതിയുമായി സഹകരിക്കാൻ ജനങ്ങൾ തയ്യാറാവുകയാണ്. ജനസമക്ഷം സിൽവർ ലൈൻ ക്യാമ്പയിൻ പരിപാടി മന്ത്രിമാരുടെ നേതൃത്വത്തിൽ ആരംഭിച്ചതോടെ വിറളി പിടിച്ച വികസന വിരുദ്ധ രാഷ്ട്രീയക്കാരുടെ പേക്കൂത്തുകൾ വികസന തല്പരരായ ജനങ്ങൾ അംഗീകരിക്കില്ല.

കല്ലുകൾ നശിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത നേതാവിന്റെ പേരിലും കേസെടുക്കണം. മുമ്പ് കീഴാറ്റൂർ ബൈപാസിന്റെ സമയത്ത് ജനങ്ങളെ ഇളക്കിവിട്ടതുപോലെ കെറെയിൽ പദ്ധതിയുടെ കാര്യത്തിലും ജനങ്ങളെ നിയമവിരുദ്ധ ചെയ്തികൾക്കായി പ്രേരിപ്പിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. നിയമപരമായി എതിർക്കാൻ കഴിയില്ല എന്നു വന്നപ്പോഴാണ് നിയമവിരുദ്ധ കുറ്റങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. കീഴാറ്റൂരിൽ എങ്ങനെയാണോ സമരം അവസാനിച്ചത് അതേ ഗതിയായിരിക്കും ഇപ്പോൾ ഈ വികസന വിരുദ്ധ രാഷ്ട്രീയക്കാരുടെ കെ റെയിൽ വിരുദ്ധ സമരത്തിനും ഉണ്ടാവുകയെന്നും ജയരാജൻ പറഞ്ഞു.

Advertisement
Advertisement