നെ‌ഹ്‌റുവിനെ മാലയിട്ട് തിലകമണിയിച്ചു,​ പിന്നാലെ ഗ്രാമത്തിൽ നിന്ന് പുറത്താക്കി,​ നെഹ്‌റുവിന്റെ ഭാര്യയെന്ന് പ്രചരിപ്പിച്ച യുവതിയുടെ ജീവിതം പുസ്തകമായപ്പോൾ

Wednesday 05 January 2022 10:13 PM IST

ഈ വർഷത്തെ ഓടക്കുഴൽ പുരസ്കാരത്തിന് സാറാ ജോസഫിന്റെ ബുധിനി എന്ന നോവലാണ് അർഹമായത്. സ്വതന്ത്ര ഭാരതത്തിലെ വമ്പൻ പദ്ധതികളും വൻകിട കമ്പനികളും സാധാരണ മനുഷ്യരുടെ ജീവിതത്തെ എങ്ങനെ മാറ്റി മറിച്ചു... ആ അന്വേഷണമാണ് സാറാജോസഫിന്റെ മനസിൽ ബുധിനിയെന്ന കഥാപാത്രത്തേയും നോവലിനേയും രൂപപ്പെടുത്തിയത്.

1959 ഡിസംബർ ആറിന് ദാമോദർ നദിയിലെ പാഞ്ചേത്ത് ഡാം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെ ദാമോദർവാലി കോർപ്പറേഷന്റെ നിർദ്ദേശപ്രകാരം മാലയിട്ട് നെറ്റിയിൽ തിലകമണിയിച്ചത് 15 വയസുകാരി ബുധിനിയായിരുന്നു. പദ്ധതി ബുധിനയെക്കൊണ്ടാണ് നെഹ്റു ഉദ്ഘാടനം ചെയ്യിച്ചത്. ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഗ്രോത്രവർഗക്കാരി ഡാം ഉദ്ഘാടനം ചെയ്യത്. എന്നാൽ ജാർഖണ്ഡിലെ സന്താൾ ഗോത്രവർഗക്കാരി. മറ്റൊരു ഗോത്രത്തിൽ പെട്ടയാൾക്ക് മാലിയിട്ടത് സമുദായം ആചാര ലംഘനമായാണ് കണ്ടത്.. ബുധിനിയെ ഊരുവിലക്കി. ഗ്രാമത്തിൽ നിന്ന് പുറത്താക്കി...

ഓടക്കുഴൽ പുരസ്‌കാരം നേടിയ 'ബുധിനി' നോവലിലേക്കുളള യാത്ര സാറാജോസഫ് കേരളകൗമുദിയുമായി പങ്കിടുന്നു:

'' 2016 ൽ അതിരപ്പിള്ളി സമരം അവസാനിപ്പിച്ച സെമിനാറിൽ വച്ചാണ് കവി സിവിക് ചന്ദ്രൻ ബുധിനിയുടെ കഥ പറയുന്നത്. അദ്ദേഹം അതൊരു കവിതയാക്കിയിരുന്നു. കഥയാക്കണമെന്ന് സിവിക് പറഞ്ഞു. ഹൃദയത്തിൽ തട്ടുന്ന പ്രമേയമായി തോന്നി.


കുടിയൊഴിപ്പിക്കുന്നവരുടെ കാര്യമായതിനാൽ പ്രത്യേകിച്ചും. 2012 ൽ ഇംഗ്ളീഷ് ദിനപത്രത്തിൽ വന്ന ലേഖനത്തിൽ ബുധിനിയുടെ ജീവിതകഥയുണ്ടായിരുന്നു. ചെറിയ സംഭവമായിരുന്നില്ല. അതുകൊണ്ട് നോവലിനായി വികസിപ്പിച്ചു. ബുധിനിയെ കാണാൻ ആഗ്രഹിച്ചു. സുഹൃത്തിന്റെ സഹായത്തോടെ ജാർഖണ്ഡിലെത്തി. ദാമോദർവാലി കോർപറേഷനിൽ ജോലി ചെയ്തിരുന്നയാളുടെ സഹായം തേടി. ബുധിനിക്ക് എന്ത് സംഭവിച്ചു? നേരിട്ട് ബുധിനിയോട് ചോദിച്ചുകൂടെ എന്ന് അദ്ദേഹത്തിന്റെ മറുചോദ്യം. പത്രത്തിൽ വന്ന ലേഖനത്തിൽ ബുധിനി മരിച്ചെന്നായിരുന്നു. കണ്ടത് യഥാർത്ഥ ബുധിനിയെ. 70 വയസ് കഴിഞ്ഞു. ജീവിതകഥ രാജീവ് ഗാന്ധിയെ ധരിപ്പിച്ചതിനെ തുടർന്ന് ദാമോദർവാലി കോർപറേഷനിൽ ജോലി കൊടുത്തിരുന്നു. പെൻഷനും നൽകി. കോളനിയിൽ താമസ സ്ഥലം ലഭ്യമാക്കി. അതിനുമുൻപ് ജീവിതം ദയനീയമായിരുന്നു. നെഹ്റുവിന്റെ ഭാര്യയെന്ന് പ്രചരിപ്പിച്ചു. കൊലപ്പെടുത്താൻ ശ്രമങ്ങളുണ്ടായി. രാത്രി ഓടി കാട്ടിൽപ്പോയി. തളർന്നിരുന്ന ബുധിനിയെ ഒരു ബ്രാഹ്മണൻ ജീവിതത്തിലേക്ക് കൂട്ടി. അവർക്ക് മകളുണ്ടായി, രത്ന. ബുധിനി കഥകൾ പറഞ്ഞു. സംഭവം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചു. ബുധിനിയോടൊപ്പം നെഹ്റുവിന് മാലയിട്ട മറ്റൊരാളെയും കണ്ടു. ആ കാഴ്ചകളുടെ ഉൗർജ്ജമാണ് നോവലിന് പിന്നിൽ.'' - സാറാജോസഫ് പറഞ്ഞു...

Advertisement
Advertisement