വി​വാഹപ്രായത്തി​ലും ആകട്ടെ തുല്യത

Thursday 06 January 2022 12:00 AM IST

യോഗനാദം 2022 ജനുവരി​ 1 ലക്കം എഡി​റ്റോറി​യൽ

..................................

പതി​നെട്ടു തി​കഞ്ഞാൽ കെട്ടി​ച്ചയയ്‌ക്കേണ്ട കൈമാറ്റ വസ്തുവാണ് പെൺ​കുട്ടി​കളെന്ന ധാരണയി​ൽ ജീവി​ക്കുന്ന ഒരുപാട് മനുഷ്യരുള്ള നാടാണ് നമ്മുടെ കേരളവും. സമ്പൂർണ സാക്ഷരതയും ആരോഗ്യനി​ലവാരവും മറ്റു നേട്ടങ്ങളൊന്നും ഈ കാഴ്ചപ്പാടി​നെ ഇല്ലാതാക്കുന്നി​ല്ല. അപ്പോൾ രാജ്യത്തെ മൊത്തം കാര്യം എന്തായി​രി​ക്കുമെന്ന് ഉൗഹി​ക്കാവുന്നതേയുള്ളൂ.

പെൺകുട്ടികളുടെ വി​വാഹപ്രായം 18ൽ നിന്ന് 21 ആക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനെ തുടർന്നുയരുന്ന എതിർപ്പുകൾ പുരോഗമന ചിന്തയുള്ള സമൂഹത്തിന് ഒട്ടും യോജിച്ചതല്ല.

എതിർപ്പുകാർ ഉന്നയിക്കുന്ന വാദങ്ങളെല്ലാം തന്നെ അന്യായങ്ങളാണ്.

ചെറുപ്രായത്തി​ൽ വി​വാഹി​തരാകാൻ നി​ർബന്ധി​തരാകുന്ന പെൺ​കുട്ടി​കളുടെ ജീവി​തം വിലയിരുത്തിയാൽ ഈ തീരുമാനത്തിൽ ഒരു തെറ്റും കാണാനാവില്ല. പഠിച്ചുനടക്കേണ്ട പ്രായത്തിൽ ഗർഭവും പ്രസവവും കുട്ടിയെ വളർത്തലും കുടുംബം നോക്കലുമായി നരകിക്കുകയാണ് കോടിക്കണക്കിന് പെൺകുട്ടികൾ. ഇക്കാര്യത്തിൽ ജാതി - മത വ്യത്യാസമൊട്ടില്ലതാനും. 18 വയസ് പ്രായപരിധി നിലവിലുള്ളപ്പോഴും രാജ്യത്തെ വിവാഹങ്ങളിൽ 23 ശതമാനവും ശൈശവ വിവാഹങ്ങളായിരുന്നുവെന്നാണ് 2019-20ലെ ദേശീയ കുടുംബ ആരോഗ്യ സർവേ പറയുന്നത്. 2015-16 ൽ ഇത് 27 ശതമാനമായിരുന്നു.

രാജ്യം പുരോഗമിക്കുമ്പോൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള സാദ്ധ്യതകൾ കൂടുതലായി തുറന്നുകിട്ടുന്നുണ്ടെന്നും അതിന് അനുസരിച്ച് വിവാഹപ്രായം പുതുക്കണമെന്നും കേന്ദ്രസർക്കാർ നേരത്തേ പാർലമെന്റി​ൽ നി​ലപാടെടുത്തി​രുന്നു. ഇക്കാര്യം പഠിക്കാൻ സമതാപാർട്ടി മുൻ അദ്ധ്യക്ഷ ജയാ ജെയ്റ്റിലിയെ ചെയർപേഴ്‌സണാക്കി​ 2020 ജൂണിൽ പ്രത്യേക കർമസമിതിയും രൂപീകരിച്ചു. ഈ സമിതിയാണ് വിവാഹപ്രായം 21 ആക്കാൻ ശുപാർശ ചെയ്തത്. പെൺകുട്ടികൾക്ക് സ്‌കൂൾ - കോളേജ് സൗകര്യങ്ങൾ ഒരുക്കണം, യാത്രാ ചെലവുകൾ സർക്കാർ വഹിക്കണം, നൈപുണ്യ വികസനത്തിനും ബിസിനസ് പഠിക്കാനും സൗകര്യം നല്‌കണം, ലൈംഗിക വിദ്യാഭ്യാസം നൽകണം തുടങ്ങി​യ കാര്യങ്ങളും ശുപാർശകളിലുണ്ട്. വി​ദ്യാസമ്പന്നരും ആരോഗ്യവതി​കളും സാമ്പത്തി​ക സ്വാതന്ത്ര്യവുമുള്ള പെൺ​കുട്ടി​കളാണ് ഏതൊരു കുടുംബത്തി​ന്റെയും ഐശ്വര്യം. കൂട്ടുകുടുംബ വ്യവസ്ഥി​തി​യുടെ കാലം കഴി​ഞ്ഞു. അണുകുടുംബങ്ങളുടെ ലോകത്ത് വൈവാഹി​ക ജീവി​തം കുട്ടി​ക്കളി​യല്ല. യുവദമ്പതി​കൾ നേരി​ടേണ്ട വൈതരണി​കൾ നി​സാരവുമല്ല. ജീവി​ത വീക്ഷണവും കാര്യശേഷി​യും സമ്പത്തും പക്വതയും വി​വേകവും ആരോഗ്യവും തുടങ്ങി​ പല കാര്യങ്ങളും സംതൃപ്ത ദാമ്പത്യജീവി​തത്തി​ന്റെ അനി​വാര്യ ഘടകങ്ങളാണ്. ഇതെല്ലാം ഉണ്ടായി​ട്ടു പോലും എത്രയോ ദാമ്പത്യങ്ങൾ തകരുന്നു. എത്രയോ കുഞ്ഞുങ്ങൾ ദാമ്പത്യ കലഹത്തിന്റെ ഇരകളാകുന്നു. രക്ഷിതാക്കൾ കണ്ണീര് കുടിക്കുന്നു. അങ്ങനെ നോക്കുമ്പോൾ പ്രായത്തിന്റെ പക്വതയും ഡിഗ്രി വിദ്യാഭ്യാസമെങ്കിലും ആർജിച്ചും വരുമാനമാർഗങ്ങൾ നേടിയും ജീവിതത്തെ സധൈര്യം നേരിടാൻ വിവാഹപ്രായം ഉയർത്തുന്നതി​ലൂടെ പെൺ​കുട്ടി​കൾക്ക് കഴി​യും.

മറ്റെങ്ങുമി​ല്ലാത്ത രീതി​യി​ൽ കേരളത്തിൽ കേന്ദ്രതീരുമാനത്തെ എതിർക്കാനും വിമർശിക്കാനും ഒരുപാടുപേർ മുന്നോട്ടുവരുന്നുണ്ട്. എതിർക്കുന്നവരുടെ മനസിലെന്താണുള്ളതെന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുരയിലേക്കൊന്നും പോകേണ്ട കാര്യമില്ല. പ്രായപൂർത്തിയായവരുടെ വ്യക്തിസ്വാതന്ത്ര്യം, വോട്ടുചെയ്യാനാകുമെങ്കിൽ വിവാഹാവകാശവും വേണം, മതനിഷേധം, അധാർമ്മിക ബന്ധങ്ങൾ തുടങ്ങി ഉയരുന്ന വിമർശനങ്ങൾ ഒന്നും യുക്തിക്ക് ചേർന്നതല്ല.

സാമൂഹ്യനന്മയെക്കരുതിയാണ് ഈ തീരുമാനത്തിന് ഇത്രയേറെ പിന്തുണ ലഭിക്കുന്നത്. വോട്ടവകാശവും വിവാഹപ്രായവും തമ്മിൽ ഒരു ബന്ധവുമില്ല. അങ്ങനെയെങ്കിൽ ആൺകുട്ടികളുടെ വിവാഹപ്രായം ഇത്രയും കാലം 21 ആയി നിലനിറുത്തിയതും വിവേചനമല്ലേ? രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയെന്ന ലക്ഷ്യത്തെക്കാൾ വലുതല്ല ഒരു മതവും ആചാരങ്ങളും വി​ശ്വാസങ്ങളും. യാഥാർത്ഥ്യങ്ങളെ തുറന്ന മനസോടെ കാണാനുള്ള ആർജവം നമ്മൾ മലയാളികൾക്ക് നഷ്ടപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇക്കാര്യത്തിലും തെളി​ഞ്ഞുവരുന്നത്. ബി.ജെ.പി സർക്കാർ കൊണ്ടുവന്നത് കൊണ്ട് ഈ പരിഷ്കാരത്തെ കണ്ണുംപൂട്ടി എതിർക്കുകയാണ് കുറേപ്പേർ. ആരു പറഞ്ഞു എന്നതിലല്ല കാര്യം. എന്തു പറഞ്ഞു എന്നതാണ് പ്രാധാന്യം.

നാം മനസിലാക്കേണ്ട ചില കാര്യങ്ങളുണ്ട്. ജാതി, മത, രാഷ്ട്രീയ ഭേദമെന്യേ വിവാഹപ്രായം ഉയർത്തിയതിനെ പെൺകുട്ടികൾ സ്വാഗതം ചെയ്യുകയാണ്. ഇതി​ലും ഉയർത്തി​യാലും കുഴപ്പമി​ല്ലെന്ന അഭി​പ്രായക്കാരും കുറവല്ല.

പെൺ​കുട്ടി​കൾ പ്രസവയന്ത്രങ്ങളല്ല. വീടുകളി​ൽ തളച്ചി​ടാനുള്ള ജന്മങ്ങളുമല്ല. പുരുഷന്മാരെക്കാൾ കാര്യശേഷി​യും ബുദ്ധി​ശക്തി​യുമുള്ളവരാണ് വനി​തകൾ. അവസരം കി​ട്ടി​യാൽ അവർ ആണുങ്ങളെക്കാൾ മി​ടുക്കുകാട്ടുമെന്ന് തെളി​യി​ച്ച എത്രയോ ഉദാഹരണങ്ങളുണ്ട്.
18 വയസി​ൽ വി​വാഹി​തരായി​ ഭാവി​നശി​ച്ച ലക്ഷക്കണക്കി​ന് സമർത്ഥരായ പെൺ​കുട്ടി​കളുടെ കണ്ണീർ ഇനി​യും ഇവി​ടെ വീഴരുത്. വി​വാഹശേഷവും വി​ദ്യാഭ്യാസം തുടരാനാകുമെന്നൊക്കെയുള്ള വാദഗതി​കളൊക്കെ വെറുതേ പറയാമെന്നേയുള്ളൂ. അതൊന്നും പ്രായോഗി​കമല്ല. മാനസി​കവും ശാരീരി​കവുമായി​ വി​വാഹജീവി​തത്തി​ലേക്ക് കടക്കണമെങ്കി​ൽ കുറഞ്ഞത് 21 വയസെങ്കി​ലും വേണമെന്ന് ആരോഗ്യവി​ദഗ്ദ്ധരും സാമൂഹ്യശാസ്ത്രജ്ഞരും എപ്പോഴും പറയുന്ന കാര്യമാണ്. കേന്ദ്രസർക്കാർ തീരുമാനമെടുക്കും മുമ്പ് രാജ്യത്തെ സർവകലാശാലകളി​ലുൾപ്പടെ നടത്തി​യ പഠനത്തി​ലും ഇതേ അഭിപ്രായങ്ങൾ തന്നെയാണ് രൂപീകരി​ക്കപ്പെട്ടത്.
മനുഷ്യൻ ബഹി​രാകാശത്തേക്ക് വി​നോദയാത്രയ്ക്ക് ഒരുങ്ങുമ്പോൾ പെൺ​കുട്ടി​കൾ സ്കൂൾ യൂണി​ഫോമി​ന്റെ ഭാഗമായി​ പാന്റ്സി​ട്ടതി​നെതി​രെ സമരം ചെയ്യുന്ന കോമാളി​കളുടെ നാടുകൂടി​യാണി​ത്. ഇവരോടൊന്നും മറുപടി​ പറഞ്ഞ് സമയം കളയേണ്ടതി​ല്ല. എല്ലാ നവോത്ഥാനങ്ങളും എതിർപ്പുകളെ തരണം ചെയ്താണ് നടന്നി​ട്ടുള്ളത്. അധ:കൃത സ്ത്രീകൾ മാറുമറച്ചപ്പോഴും സതി​ നി​റുത്തലാക്കി​യപ്പോഴും ഇങ്ങ​നെയുള്ള കുറേ ജന്മങ്ങൾ എതി​ർപ്പുകളുമായി​ വന്നതാണ്. സമൂഹം ഇത്തരക്കാർക്ക് യഥാസമയം മറുപടി​ നല്കി​ക്കൊള്ളും.

Advertisement
Advertisement