വിദ്യാർത്ഥികൾക്ക് വാക്സിനേഷന് പ്രത്യക സൗകര്യം ഒരുക്കും

Thursday 06 January 2022 4:58 AM IST

കോട്ടയം: കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷന്റെ ഭാഗമായി 8,9 തിയതികളിൽ ജില്ലയിലെ എല്ലാ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിനേഷൻ സൗകര്യമൊരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 15 മുതൽ 18 വയസുവരെയുള്ളവരുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ഓൺലൈനായി ചേർന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു.

രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഏറെ സഹായകമാകുന്നതിനാലാണ് അവധി ദിവസങ്ങളായ ശനിയും ഞായറും ജില്ലയിലെ എല്ലാ പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും വാക്‌സിനേഷന് സൗകര്യമൊരുക്കിയത്. ജനുവരി 10നകം കുട്ടികളുടെ വാക്‌സിനേഷൻ പൂർത്തീകരിക്കുകയാണ് ലക്ഷ്യം. സ്‌കൂളുകളിലെ 15 വയസിനു മുകളിലുള്ള എല്ലാ വിദ്യാർഥികളും കൊവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്‌തെന്ന് ഉറപ്പാക്കാനും രജിസ്‌ട്രേഷന് സൗകര്യമൊരുക്കാനും സ്‌കൂൾ മേധാവികൾക്ക് നിർദേശം നൽകി.

15 വയസിനു മുകളിലുള്ള വാക്‌സിൻ സ്വീകരിക്കാത്ത വിദ്യാർഥികളുടെ വിവരം ഹാജർ ബുക്കിൽ രേഖപ്പെടുത്തി സംക്ഷിപ്ത റിപ്പോർട്ട് നൽകാൻസ്‌കൂൾ മേധാവികൾക്ക് നിർദ്ദേശം നൽകി. വിദ്യാർഥികളെ സ്‌കൂളിനു സമീപം വാക്‌സിൻ ലഭ്യമാകുന്ന പ്രാഥമിക, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും എത്തിച്ച് വാക്‌സിൻ ലഭ്യമാക്കുന്നതിന് സ്‌കൂൾ മുൻകൈയെടുത്താൽ ഇതിനാവശ്യമായ എല്ലാ സൗകര്യവും ഒരുക്കും.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സി.ജെ സിതാര, വിദ്യാഭ്യാസ ഉപഡയറക്ടർ എൻ. സുജയ, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതല വഹിക്കുന്ന എ.ഒ. സിബി, വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയറക്ടർ എ.ഡി. ലിജി ജോസഫ്, സഹോദയ പ്രസിഡന്റ് ബെന്നി ജോർജ്, ഐ.സി.എസ്.ഇ.സ്‌കൂൾ പ്രതിനിധി ഫാ. ജെയിംസ് മുല്ലശേരി, ജില്ലാ മാസ് മീഡിയ ഓഫീസർ ജെ. ഡോമി, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement