ഇനിയും കുറയാതെ പച്ചക്കറി വില

Thursday 06 January 2022 7:03 AM IST

കോട്ടയം: പുതുവർഷത്തിലേയ്ക്ക് പ്രവേശിച്ചിട്ടും സംസ്ഥാന സർക്കാരിന്റെ വിപണി ഇടപെടൽ ഫലംകണ്ടില്ല.പല പച്ചക്കറി ഇനങ്ങൾക്കും നൂറു കടന്നിരിക്കുകയാണ്. സർക്കാർ ഇടപെടൽ കൊണ്ട് കുറഞ്ഞത് തക്കാളിയുടെ വില മാത്രം. ഹോർട്ടി കോർപ്പിന്റെ രണ്ട് തക്കാളി വണ്ടികൾ, തെങ്കാശിയിൽ നിന്ന് നേരിട്ടുള്ള പച്ചക്കറി, ആഭ്യന്തരവിപണിയിൽ നിന്നുള്ള പച്ചക്കറി ഇവയെല്ലാം എത്തിയിട്ടും വില നിയന്ത്രണം നടപ്പാകുന്നില്ല.

കാരറ്റ്, ബീറ്റ്‌റൂട്ട്, പയർ, കാബേജ്, മുളക്, മുരിങ്ങക്ക എന്നിവക്കാണ് വില ഉയർന്നത്. ഹോട്ടിക്കോർപ്പിന്റെ തെങ്കാശിയിൽ നിന്നുള്ള പച്ചക്കറി വിഹിതം എത്തിയിട്ടും വില കുറയുന്നില്ല. രണ്ട് ടൺ പച്ചക്കറികൾ എത്തിയിട്ടും ഹോർട്ടി കോർപ്പിന്റെ വിപണി സംവിധാനത്തിന്റെ പരിമിതിമൂലം ആവശ്യക്കാർക്ക് പ്രയോജനം ചെയ്യുന്നില്ല. അതേസമയം പയർ, പടവലം, അമരപ്പയർ, നെല്ലിക്കാ വെള്ളരി നാരങ്ങ എന്നിവ ഹോർട്ടി കോർപ്പിന്റെ സ്റ്റാളുകൾ വഴി വിലക്കുറവിൽ വില്പന നടത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പച്ചക്കറി എത്തുമെന്നും അധികൃതർ പറയുന്നുണ്ട്. ഇതിനിടെ തക്കാളി വണ്ടിയിലൂടെ പച്ചക്കറി വില്പനയുണ്ടെങ്കിലും ഇത് നഗര കേന്ദ്രീകൃതമായതിനാൽ ഗ്രാമങ്ങളിലെ തീ വിലയിൽ ആശ്വാസമാവുന്നില്ല. കാലാവസ്ഥ വ്യത്യാസപ്പെട്ടതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പച്ചക്കറി ഇനങ്ങൾ ഈ ആഴ്ചയിൽ എത്തുമെന്നാണ് കച്ചവടക്കാരുടെ പ്രതീക്ഷ ആഭ്യന്തര വിപണിയിൽ വിളവെടുപ്പിന് സമയമായതോടെ പച്ചക്കറി ഇനങ്ങൾക്ക് വിലകുറയുമെന്ന പ്രതീക്ഷയിലാണ്.

പച്ചക്കറി (ഹോൾസെയിൽ വില),

മുളക് 90, കാരറ്റ് 90, വെണ്ടയ്ക്ക 45, ബീറ്റ്‌റൂട്ട് 80, തക്കാളി 55, ബീൻസ് 35, കാബേജ് 65, പയർ 60, കറിക്കായ 36, പാവയ്ക്ക 48, കോവയ്ക്ക 40, മുരിങ്ങക്ക 260, കത്രിക്ക 45, മാങ്ങ 65, വഴുതനങ്ങ 60, വെള്ളരി 30, പടവലം 26, പച്ചതക്കാളി 45, സവാള 38, കൂർക്ക 45 എന്നിങ്ങനെയാണ് ഹോൾസെയിൽ വില.


ഹോർട്ടി കോർപ്പ് വില,

വെള്ളരി 40, കോവയ്ക്ക 38, വെണ്ടയ്ക്ക് 48, പാവയ്ക്ക 56, കത്രിക്ക 54, മുളക് 78, തക്കാളി 48, ഇഞ്ചി 45, ചീര 40, കുറ്റിപ്പയർ 48

"വിലയിൽ ദിനംപ്രതി വ്യത്യാസമുണ്ടാകുന്നുണ്ട്. മാർക്കറ്റിൽ നിന്നും നേരിട്ട് പച്ചക്കറി എടുക്കുന്നവരുടെ തിരക്ക് ഇപ്പോൾ കാണാനില്ലാത്ത സ്ഥിതിയാണ്. മാർക്കറ്റിൽ നിന്നും പച്ചക്കറി എടുത്ത് ചില്ലറ വില്പന നടത്തുന്നവർ ഇരട്ടി വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്

രാജേഷ്

പച്ചക്കറിമൊത്ത വ്യാപാരി

Advertisement
Advertisement