സ്ഥലവും പണവും പാഴാക്കി റെഡ് ബട്ടൺ എന്ന വേസ്റ്റ് ബട്ടൺ

Thursday 06 January 2022 12:25 AM IST

തിരുവനന്തപുരം: സ്ത്രീസുരക്ഷ മുൻനിറുത്തി പൊലീസ് നഗരത്തിൽ സ്ഥാപിച്ച റെഡ് അലർട്ട് ബട്ടണുകൾ പ്രവർത്തനരഹിതമായിട്ട് നാളേറെ. സ്ഥാപിച്ച് ഒരു വർഷം പോലും തികയുന്നതിനു മുമ്പാണ് കവടിയാറിലും കഴക്കൂട്ടത്തുമുള്ള റെഡ് ബട്ടൺ പബ്ളിക് റോബോട്ടിക് സ്പെക്ട്രം എന്ന റെഡ് ബട്ടണുകൾ ഉപയോഗശൂന്യമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അസിസ്റ്റന്റ് കമ്മിഷണർ മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ട് ഏഴുമാസത്തിലേറെയായി. ബന്ധപ്പെട്ട കമ്പനിയായ അങ്കമാലിയിലെ റെഡ് ബട്ടൺ ടെക്നോളജീസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് കമ്മിഷണർ കത്തുനൽകിയെങ്കിലും ഇതുവരെ അവരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായിട്ടില്ല.

2020 ഒക്ടോബർ 26നാണ് കവടിയാർ വിവേകാനന്ദ പാർക്കിനു സമീപത്തും കഴക്കൂട്ടം മാർക്കറ്റ് റോഡിലും റെഡ് ബട്ടണുകൾ സ്ഥാപിച്ചത്. അടിയന്തര സാഹചര്യങ്ങളിൽ ഇതിലെ ബട്ടൺ അമർത്തിയാൽ ഇവരുടെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ പൊലീസ് കൺട്രോൾ റൂമിൽ ലഭിക്കും വിധമുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. എന്നാൽ ഇതിന് നാളുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പ്രവർത്തനം ഇങ്ങനെ

അപകടങ്ങളോ കുറ്റകൃത്യങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് യന്ത്രത്തിലെ റെഡ് ബട്ടൺ അമർത്താം. ഉടൻ ഇതിൽ നിന്നുള്ള സന്ദേശം പൊലീസ് കൺട്രോൾ റൂമിലേക്കും പട്രോളിംഗ് വാഹനത്തിലേക്കും എത്തും. അപകടഘട്ടത്തിൽ നേരിട്ട് പൊലീസുമായി സംസാരിക്കാം. ഈ സമയത്തുള്ള മുഴുവൻ ദൃശ്യവും ശബ്ദവും കൺട്രോൾ റൂമിലും പട്രോളിംഗ് വാഹനത്തിലും ലഭിക്കും. നിമിഷങ്ങൾക്കകം സുരക്ഷയ്ക്കായി പൊലീസ് സംഭവസ്ഥലത്ത് എത്തുകയും ചെയ്യും. യന്ത്രത്തിൽ സ്ഥാപിച്ചിട്ടുള്ള 4 കെ റെസല്യൂഷനുള്ള അഞ്ച് കാമറകൾക്ക് 360 ഡിഗ്രിയിലുള്ള മിഴിവാർന്നതും വ്യക്തതയുള്ളതുമായ ചിത്രങ്ങൾ പകർത്താനാകും.

ദിവസങ്ങളുടെ ആയുസ് മാത്രം

റെ‌ഡ് ബട്ടൺ സ്ഥാപിച്ച് ദിവസങ്ങൾ കഴി‌ഞ്ഞപ്പോൾ തന്നെ വിഷ്വൽ മെസേജുകൾ കൺട്രോൾ റൂമിലേക്ക് ചെല്ലുന്നത് നിലച്ചു. അലർട്ട് മെസേജുകൾ പോയിരുന്നതും പിന്നാലെ ഇല്ലാതായി. കിഴക്കേകോട്ട,​ വട്ടിയൂർക്കാവ്,​ ശാസ്തമംഗലം, തിരുവനന്തപുരം വിമാനത്താവളം എന്നിവിടങ്ങളിലും ഇൗ സംവിധാനം ഏർപ്പെടുത്താൻ ആലോചിച്ചെങ്കിലും അതും നടന്നില്ല. റെഡ് ബട്ടൺ സ്ഥാപിച്ചിരിക്കുന്നതിന് പരിസരത്തുള്ളവർക്ക് മാത്രമേ ഇതുകൊണ്ടുള്ള പ്രയോജനം വേഗത്തിൽ ലഭിക്കൂ. അതും സംവിധാനം നോക്കുകുത്തിയാകുന്നതിന് കാരണമായി.

""റെഡ് ബട്ടൺ പ്രവർത്തന സജ്ജമാക്കുന്നതിനായി ബന്ധപ്പെട്ട കമ്പനിക്ക് കത്തയച്ചിട്ടുണ്ട്. അവരുടെ ഭാഗത്തു നിന്നുള്ള നടപടിക്കായി കാത്തിരിക്കുന്നു.""

ആർ. പ്രതാപൻ നായർ,

അസിസ്റ്റന്റ് കമ്മിഷണർ

Advertisement
Advertisement