ജില്ലയിൽ കള്ളനോട്ട് വ്യാപകം

Thursday 06 January 2022 12:36 AM IST

തൃശുർ: ജില്ലയിൽ കള്ളനോട്ട് വ്യാപകം. ഇന്നലെ മാത്രം തൃശൂർ സിറ്റിപരിധിയിലെ രണ്ട് പൊലീസ് സ്റ്റേഷനുകളിൽ കള്ളനോട്ട് കേസുകൾ റിപ്പോർട്ട് ചെയ്തു. വിയ്യൂർ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലാണ് കള്ളനോട്ടുകേസ് റിപ്പോർട്ട് ചെയ്തത്.

മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ലോട്ടറി വിൽപ്പനക്കാരനാണ് തട്ടിപ്പിനിരയായത്. വെളപ്പായ കനാൽപാലത്തിന് സമീപം റോഡ് സൈഡിൽ ലോട്ടറി വിൽപ്പന നടത്തുന്ന കോഴിക്കുന്ന് സ്വദേശി രാജനാണ് തട്ടിപ്പിനിരയായത്.

കറുപ്പ് സ്‌കൂട്ടറിൽ എത്തിയ ആൾ രണ്ടായിരം രൂപ നൽകി 450 രൂപയ്ക്ക് ലോട്ടറി ടിക്കറ്റ് എടുത്തശേഷം 1550 ബാക്കി വാങ്ങി മടങ്ങിപോകുകയാരുന്നു. വൈകീട്ട് ലോട്ടറി ഏജൻസി ഓഫിസിൽ പണം നൽകിയപ്പോഴാണ് രണ്ടായിരത്തിന്റേത് കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. തട്ടിപ്പിനിരയായ ലോട്ടറി കച്ചവടക്കാരൻ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി.

തിരൂരിൽ കണ്ണട വ്യാപാരിയും കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായി. ലെൻസ് കെയർ ഒപ്ടിക്കൽസിൽ കഴിഞ്ഞ ദിവസം എത്തിയ ആൾ കണ്ണട വാങ്ങിയ ശേഷം രണ്ടായിരം നൽകിയാണ് കടയിലെ ജീവനക്കാരിയെ കബളിപ്പിച്ചത്. കടയുടമ മാർവിൻ വിയ്യൂർ പൊലീസിൽ പരാതി നൽകി.

Advertisement
Advertisement