ചരിത്ര സ്മാരകങ്ങളെ തമസ്ക്കരിക്കുന്നവർ

Thursday 06 January 2022 1:30 AM IST
കൊല്ലം പീരങ്കി മൈതാനം

ചരിത്രത്തിന്റെ തിരുശേഷിപ്പുകൾ ഏതൊരു നാടിന്റെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതാണ്. ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുന്നതിലൂടെ വരുംതലമുറകൾക്ക് അതിന്റെ പ്രാധാന്യവും പ്രൗഢിയുമൊക്കെ മനസിലാക്കാം. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാന്മാരായ ഭരണാധികാരികൾ ഇത്തരം പൈതൃക സ്മാരകങ്ങളെ എന്തുവില കൊടുത്തും സംരക്ഷിച്ച് നിധിപോലെ കാത്തുസൂക്ഷിക്കാനാകും ശ്രമിക്കുക. ചരിത്രമുറങ്ങുന്ന കൊല്ലം പട്ടണത്തിലും ഇങ്ങനെയുള്ള നിരവധി ചരിത്ര സ്മാരകങ്ങൾ ആരാലും ശ്രദ്ധിക്കാതെയും സംരക്ഷിക്കപ്പെടാതെയും നാശത്തിന്റെ വക്കിലാണ്. എന്നാൽ കച്ചവടം മാത്രം ലക്ഷ്യമിട്ട് ചരിത്രസ്മാരകങ്ങളെ വികസനത്തിന്റെ പേരിൽ വികലമാക്കുന്നതിന്റെയോ ഇല്ലായ്മ ചെയ്യുന്നതിന്റെയോ പല ഉദാഹരണങ്ങളുണ്ട് കൊല്ലത്ത്. ചരിത്രപ്രസിദ്ധമായ കൊല്ലം പീരങ്കി മൈതാനം എന്നറിയപ്പെടുന്ന കന്റോൺമെന്റ് മൈതാനം അപ്രത്യക്ഷമാകുന്നതുകണ്ട് നൊമ്പരപ്പെടുകയാണ് നഗരത്തെ സ്നേഹിക്കുന്നവർ. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ സൈനികകേന്ദ്രം ആയിരുന്നതിനാലാണ് ഈ പ്രദേശത്തിന് കന്റോൺമെന്റ് എന്ന പേരുണ്ടായത്. 1809 ൽ കൊല്ലം യുദ്ധം നടന്നത് ഈ മൈതാനത്തു വച്ചാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1915 ലെ കല്ലുമാല സമരത്തിന്റെ സമാപനത്തിന് വേദിയായതും 1927ൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ജനങ്ങളോട് സംസാരിച്ചതും ഇവിടെയാണ്. 1938 ൽ നടന്ന ചിങ്ങം 17 വിപ്ലവത്തിൽ ആറു പേർ ബ്രിട്ടീഷ് സൈന്യത്തിന്റെ പീരങ്കി വെടിയേറ്റ് കൊല്ലപ്പെടുകയുണ്ടായി. അങ്ങനെ പീരങ്കി മൈതാനം എന്ന പേരിനു കാരണമായി ഇവിടെ സ്ഥാപിച്ചിരുന്ന അഞ്ച് പീരങ്കികൾ ഇപ്പോൾ തൊട്ടടുത്ത ടി.കെ ദിവാകരൻ സ്മാരക പാർക്കിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. ദേശീയപാതയോരത്ത് കൊല്ലം ശ്രീനാരായണ കോളേജിനു സമീപം സ്ഥിതി ചെയ്യുന്ന പീരങ്കി മൈതാനത്തിന്റെ ഭൂരിഭാഗം സ്ഥലവും വികലമായ കോൺക്രീറ്റ് വികസനത്തിന്റെ പേരിൽ നഷ്ടമായിക്കഴിഞ്ഞു.

കാലങ്ങളായി ആഘോഷ വേളകളിലും ഉത്സവകാലത്തുമൊക്കെ വിവിധതരം പ്രദർശനങ്ങൾക്കും മേളകൾക്കും സാംസ്‌കാരിക കൂട്ടായ്മകൾക്കും ഇന്ത്യൻ പ്രധാനമന്ത്രി വരെ പങ്കെടുക്കുന്ന മഹാസമ്മേളനങ്ങൾക്കും ചെറു സമ്മേളനങ്ങൾക്കുമൊക്കെ വേദിയായിരുന്നത് കന്റോൺമെന്റ് മൈതാനമാണ്. കഴിഞ്ഞ കുറെക്കാലമായി മൈതാനത്തിന്റെ ഓരോ ഭാഗവും പലർക്കായി പതിച്ചുനല്‌കിയും ഭാവനയില്ലാത്ത വികസനത്തിനായും ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ശേഷിക്കുന്നതിൽ 1.43 ഏക്കർ സ്ഥലത്ത് ഒളിമ്പ്യൻ സുരേഷ്ബാബുവിന്റെ സ്മാരകമായി ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഇപ്പോൾ പുരോഗമിക്കുകയാണ്.

ഇൻഡോർ സ്റ്റേഡിയം

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2016- 17 ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണിത്. കിഫ്ബിയിൽ നിന്ന് 42.72 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. വിവിധ കളികൾക്ക് ഉപയോഗിക്കാവുന്ന ഇൻഡോർ സ്റ്റേഡിയത്തിനൊപ്പം സെവൻസ് ഫുട്ബോൾ കോർട്ട്, വി.ഐ.പി പവലിയനുകൾ, വിശ്രമമുറി, ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവയും ലാൽ ബഹദൂർ സ്റ്റേഡിയത്തിന് സമീപമുള്ള ടെന്നീസ് കോർട്ടിനോട് ചേർന്ന് ചെയ്ഞ്ചിംഗ് റൂമും ഉൾപ്പെട്ടതാണ് പദ്ധതി.

കേരളത്തിന്റെ കായിക ചരിത്രത്തിൽ അഭിമാനകരമായ സ്ഥാനം അലങ്കരിക്കുന്ന കായികപ്രതിഭയാണ് കൊല്ലംകാരനായ സുരേഷ്ബാബു. ഹൈജംപിൽ കേരളം കണ്ട എക്കാലത്തെയും മികച്ച പ്രതിഭ. 1972 മുതൽ ഏഴുവർഷക്കാലം ദേശീയ അത്‌ലറ്റിക്സിൽ നിറഞ്ഞുനിന്ന താരം. തുടർച്ചയായി രണ്ട് ഏഷ്യൻ ഗെയിംസിൽ രണ്ടിനങ്ങളിൽ മെഡൽ നേടിയ ഇന്ത്യൻ താരം.1972 ലെ മ്യൂണിക്ക് ഒളിമ്പിക്സിൽ പങ്കെടുത്ത അദ്ദേഹം ഹൈജംപിൽ മെഡൽ നേടിയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ചതാണ് അദ്ദേഹത്തെ ഒളിമ്പ്യൻ സുരേഷ് ബാബുവാക്കി മാറ്റിയത്. അദ്ദേഹത്തിന് ഒരു സ്മാരകം നിർമ്മിക്കുന്നതിന് കൊല്ലത്തെ ഒരാളും എതിരല്ല. എന്നാൽ അതിനായി മറ്റൊരു സ്ഥലം കണ്ടെത്താതെ കാലങ്ങളായി കൊല്ലത്തിന്റെ ചരിത്ര പാരമ്പര്യം ദ്യോതിപ്പിക്കുന്ന വിശാലമായ പീരങ്കി മൈതാനത്തെ ഇല്ലാതാക്കി വേണമായിരുന്നോ എന്നാണ് ചരിത്രകുതുകികളും കൊല്ലത്തെ സ്നേഹിക്കുന്നവരും ആരായുന്നത്. കൊല്ലത്ത് മുമ്പ് നടപ്പാക്കിയ കായികവികസനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കൂടി അറിയുമ്പോഴാണ് പുതുതായി നിർമ്മിക്കുന്ന കായിക കോംപ്ളക്സിന്റെ ഭാവിയെക്കുറിച്ച് പലരും ആശങ്കപ്പെടുന്നത്. പീരങ്കി മൈതാനത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥയിൽ ദു:ഖിക്കുന്നത് കായികപ്രേമികൾ മാത്രമല്ല, കൊല്ലം പൗരാവലി ഒന്നടങ്കമാണ്. കേരളത്തിലെ ആദ്യ ഫുട്ബോൾ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയമായിരുന്നു ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം. മുൻപ് മുനിസിപ്പൽ സ്റ്റേഡിയം എന്നാണറിയപ്പെട്ടിരുന്നത്. 1988-89 ൽ പുനർനി‌ർമ്മിച്ച ഇവിടെ 30,000 കാണികൾക്ക് ഇരിക്കാൻ സൗകര്യമുണ്ട്. റഗ്ബി, ഫുട്ബോൾ, അത്‌ലറ്റിക്സ്, ക്രിക്കറ്റ് എന്നിവയ്ക്ക് അനുയോജ്യമായ സ്റ്റേഡിയം പലതവണ സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായിട്ടുണ്ട്. 2015 ലെ ദേശീയ ഗെയിംസിന്റെ റഗ്ബി ഇനങ്ങൾ ഇവിടെയാണ് നടന്നത്. അന്ന് 6.89 കോടി മുടക്കി നവീകരിച്ച സ്റ്റേഡിയത്തിൽ ഇപ്പോൾ ഒരു കളിയും കളിയ്ക്കാനാകാത്ത വിധം തകർന്നു കിടക്കുകയാണ്. കൂറ്റൻ ഫ്ളഡ് ലൈറ്റ് ടവറുകൾ ഇളക്കി മാറ്റിയതല്ലാതെ പകരം സ്ഥാപിച്ചില്ല. ഇതിനു പുറത്തായി പീരങ്കി മൈതാനത്തിന്റെ കുറെ ഭാഗം അക്വയർ ചെയ്ത് കോടികൾ ചെലവിട്ട് നിർമ്മിച്ച സ്വിമ്മിംഗ് പൂളിൽ ഇപ്പോൾ തെരുവ്നായ്ക്കളാണ് കുളിയ്ക്കുന്നത്. ഒരു ദിവസം പോലും സ്വിമ്മിംഗ് പൂൾ ഉപയോഗിച്ചിട്ടില്ല. 2015 ലെ ദേശീയ ഗെയിംസിനോടനുബന്ധിച്ച് ആശ്രാമത്ത് നിർമ്മിച്ച ഹോക്കി സ്റ്റേഡിയവും ഇപ്പോൾ ആരും കാണാനും നോക്കാനുമില്ലാതെ നശിക്കുന്നു. കോടാനുകോടികൾ ചിലവിട്ട് നിർമ്മിച്ച ഈ കായിക സംവിധാനങ്ങളാകെ തകർച്ചയെ നേരിടുമ്പോൾ വീണ്ടും കോടികൾ മുടക്കി നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിനും ഭാവിയിൽ ഇതേ ഗതിയുണ്ടാകുമെന്ന് ആശങ്കപ്പെടുന്നതും കായികപ്രേമികൾ മാത്രമല്ല. സ്വാതന്ത്ര്യസമരസേനാനിയും തിരു-കൊച്ചി മുൻ മുഖ്യമന്ത്രിയുമായിരുന്ന സി. കേശവന്റെ സ്മാരകമായ ടൗൺ ഹാൾ സ്ഥിതിചെയ്യുന്നതും കന്റോൺമെന്റ് മൈതാനത്തോട് ചേർന്നാണ്. സി. കേശവന്റെ പൂർണകായ പ്രതിമയും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെ എന്തുകൊണ്ടും ചരിത്ര പ്രാധാന്യമേറിയ പീരങ്കിമൈതാനത്തെ പൂർണമായും ഇല്ലായ്മ ചെയ്യാൻ ഇറങ്ങിത്തിരിച്ചിരിക്കുകയാണ് ചരിത്രബോധം അശേഷം തൊട്ടുതീണ്ടിയിട്ടില്ലാത്ത കൊല്ലത്തെ ഭരണാധികാരികൾ. മൈതാനത്തിന്റെ അവശേഷിക്കുന്ന ഒന്നരയേക്കറോളം സ്ഥലത്ത് സിവിൽ സ്റ്റേഷൻ അനക്സ് കൂടി നിർമ്മിക്കാനുള്ള നീക്കത്തിലാണ് ജില്ലാ ഭരണകൂടം. അതോടെ പീരങ്കിമൈതാനം വിസ്മൃത ചരിത്രമായി മാറും.

ആശ്രാമം മൈതാനവും

ചുരുങ്ങിത്തുടങ്ങി

തിരുവിതാംകൂറിലെ ഒട്ടേറെ ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച പീരങ്കി മൈതാനം നിർമ്മാണ പ്രവർത്തനം മൂലം ഇല്ലാതായതിനു പിന്നാലെ നഗരത്തിൽ അവശേഷിക്കുന്ന ഏക മൈതാനമായ ആശ്രാമം മൈതാനത്തും കടമുറികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 72 ഏക്കർ വിസ്തൃതിയുള്ള മൈതാനം കേരളത്തിലെ ഒരു കോർപ്പറേഷൻ പരിധിയിലുള്ള ഏറ്റവും വലിയ തുറസായ പ്രദേശമാണ്.

ആശ്രാമം അഡ്വഞ്ചർ പാർക്ക്, കുട്ടികളുടെ പാർക്ക്, പിക്‌നിക്ക് വില്ലേജ്, ബ്രിട്ടീഷ് റസിഡൻസി എന്നിവയെല്ലാം ഇതിനു തൊട്ടടുത്തായുണ്ട്. സംസ്ഥാനത്തെ ആദ്യ ജൈവവൈവിദ്ധ്യ പൈതൃക പാർക്കായി പ്രഖ്യാപിച്ച പ്രദേശം ഇതിനടുത്താണ്. കേരളത്തിൽ ആദ്യം വിമാനമിറങ്ങിയ സ്ഥലമെന്ന പ്രത്യേകതയും ആശ്രാമം മൈതാനത്തിന് സ്വന്തം. കൊല്ലം ഫെസ്റ്റ്, കൊല്ലം പൂരം എന്നിവയ്ക്ക് വേദിയാകുന്നതും ജില്ലയിൽ വി.ഐ.പി കൾ ഹെലികോപ്ടറിൽ പറന്നിറങ്ങുന്നതും ഇവിടെയാണ്. ചെറിയ ക്രിക്കറ്റ് മൈതാനവും ഡ്രൈവിംഗ് ടെസ്റ്റിനുള്ള സ്ഥലവും ഇവിടെയുണ്ട്. ആശ്രാമം പ്രദേശത്തെ ജൈവവൈവിധ്യ മേഖലയിൽ ഉൾപ്പെടുത്താനുള്ള ശുപാർശയെ അട്ടിമറിച്ചതു തന്നെ മൈതാനത്ത് കച്ചവടസ്ഥാപനങ്ങൾ നിർമ്മിക്കുയെന്ന ലക്ഷ്യത്തോടെയാണെന്ന് ആരോപണം ഉയർന്നിരുന്നു. കടമുറികൾ മാത്രം നിർമ്മിച്ചു കൈമാറുന്നത് വലിയ എതിർപ്പിനു കാരണമാകുമെന്ന് മനസിലാക്കി 'പൈതൃക വീഥി" പദ്ധതി എന്ന ഓമനപ്പേര് നല്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ അരങ്ങേറുന്നത്. ചരിത്ര സ്മാരകങ്ങളെ ഇല്ലാതാക്കി കോടികളുടെ നിർമ്മാണ പ്രവർത്തനം നടത്തി തടിച്ചുകൊഴുക്കുന്നവർ അറിയാറേ ഇല്ല അവർ തമസ്‌കരിക്കുന്നത് വിലപ്പെട്ട ചരിത്രത്തെയാണെന്ന്.

Advertisement
Advertisement