വസ്ത്ര ശാലകൾക്ക് മുന്നിൽ ഡമ്മികൾ വേണ്ടെന്ന് താലിബാൻ

Thursday 06 January 2022 2:54 AM IST

കാബൂൾ: രാജ്യത്തെ വസ്ത്രശാലകൾക്ക് മുന്നിൽ പെൺപ്രതിമകൾ പാടില്ലെന്ന് താലിബാൻ ഭരണകൂടത്തിന്റെ നിർദ്ദേശം. ഇതോടെ സ്ഥാപനങ്ങളിലെ ഡമ്മികളുടെ തലയറുത്ത് മാറ്റി വ്യാപാരികൾ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇസ്ലാമിന് നിഷിദ്ധമായ വിഗ്രങ്ങളെപ്പോലെയാണ് പ്രതിമകൾ എന്നാണ് താലിബാൻ വാദം. പെൺപ്രതിമകളുടെ മുഖത്തേക്ക് നോക്കുന്നത് ശരിയത്ത് നിയമപ്രകാരം തെറ്റാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. പ്രതിമകൾ മുഴുവനായി എടുത്തുനീക്കണമെന്നായിരുന്നു തുടക്കത്തിൽ പുറപ്പെടുവിച്ച ഉത്തരവ്. പിന്നീട് ഉത്തരവിൽ ഇളവ് വരുത്തി പെൺപ്രതിമകളുടെ തലവെട്ടി മാറ്റിയാൽ മതിയെന്ന് ധാരണയായി. ഉത്തരവ് ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. അതേ സമയം രാജ്യത്തെ ശത്രുക്കളിൽ നിന്ന് പ്രതിരോധിക്കാനായി ചാവേറുകളാകാൻ അഫ്ഗാൻ പൗരന്മാരെ ക്ഷണിച്ച് താലിബാൻ. പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്‌പെഷ്യൽ ഫോഴ്‌സിന്റെ ഭാഗമാകാനാണ് താലിബാൻ ചാവേറുകളെ പരിശീലിപ്പിക്കുന്നത്. ഒരു ലക്ഷം സൈനികരെ ഉൾപ്പെടുത്തി ഈ സേന രൂപീകരിക്കാനാണ് താലിബാൻ ശ്രമം. സ്ത്രീകൾക്കും അവസരം നല്കുമെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. താജിക്കിസ്ഥാൻ അതിർത്തിയിൽ താലിബാൻ ചാവേറുകളെ വിന്യസിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

Advertisement
Advertisement