4മാസമായി ശമ്പളമില്ല, പരാതി പറയാനെത്തിയ ശുചീകരണ തൊഴിലാളി കുഴഞ്ഞുവീണു

Friday 07 January 2022 12:05 AM IST

ആലപ്പുഴ: ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന് കീഴിലെ ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങിയിട്ട് നാല് മാസം പിന്നിട്ടു. ഇതേപ്പറ്റി ജില്ലാ കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി പരാതി പറയുന്നതിനിടെ തൊഴിലാളികളിൽ ഒരാൾ കുഴഞ്ഞുവീണു. കൊമ്മാടി സ്വദേശി സിന്ധുവിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം ഫണ്ട് ലഭ്യമാകാത്തതും, പിന്നീട് സാങ്കേതിക തടസവുമാണ് ശമ്പളം വൈകുന്നതിന് കാരണമെന്നാണ് തൊഴിലാളികൾക്ക് ലഭിച്ച മറുപടി. പ്രതിദിനം 450 രൂപ വേതനത്തിൽ 54 താൽക്കാലിക തൊഴിലാളികളാണ് ആലപ്പുഴ ഡി.ടി.പി.സിക്ക് കീഴിലുള്ളത്. ഇതിൽ 42 പേർ ബീച്ചിലും, ബാക്കിയുള്ളവർ ഫിനിഷിംഗ് പോയിന്റിലുമാണ് ജോലി ചെയ്യുന്നത്. 18 വർഷത്തിലധികമായി ജോലി ചെയ്യുന്നവരെപ്പോലും സ്ഥിരപ്പെടുത്താനുള്ള യാതൊരു നടപടികളും അധികൃതർ കൈക്കൊണ്ടിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു.താൽക്കാലിക തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. സി.ഡി.എസ്, കുടുംബശ്രീ, ഡി.ടി.പി.സി, തൊഴിലാളി പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുക്കും.

പണം അയച്ചു, അക്കൗണ്ട് മാറിപ്പോയി !

ഡിസംബർ 28ന് ട്രഷറിയിലെത്തിയ ശമ്പളത്തുക, കുടുംബശ്രീയുടെ അക്കൗണ്ടിലേക്ക് പിറ്റേദിവസം തന്നെ കൈമാറിയതായി ഡി.ടി.പി.സി അധികൃതർ വ്യക്തമാക്കി. ദിവസങ്ങൾ പിന്നിട്ടിട്ടും ശമ്പളം ലഭിച്ചില്ലെന്ന തൊഴിലാളികളുടെ പരാതി ഉയർന്നതോടെ നടന്ന അന്വേഷണത്തിൽ, പണം കൈമാറിയത് നിലവിൽ ആക്ടീവായ അക്കൗണ്ടിലല്ല എന്നായിരുന്നു കുടുംബശ്രീയിൽ നിന്ന് ലഭിച്ച മറുപടി. ശമ്പളത്തുക കൈമാറുന്നതിന് മറ്റൊരു അക്കൗണ്ടിലാണ് പണം വരേണ്ടതെന്നാണ് കുടുംബശ്രീ അധികൃതർ പറയുന്നത്. പരാതികൾ ഉയർന്നതോടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് കാലതാമസമില്ലാതെ ശമ്പള വിതരണം പൂർത്തിയാക്കുമെന്ന് അധികൃതർ ഉറപ്പ് നൽകി.

ദിവസവേതനമല്ലാതെ മറ്റൊരു ആനുകൂല്യവും ഞങ്ങൾക്ക് ലഭിക്കുന്നില്ല. ഇന്നലെ ജില്ലാ കളക്ടറോട് പരാതി പറയുന്നതിനിടെ കുഴഞ്ഞുവീണ സിന്ധുവിന്റേത് ഉൾപ്പടെ പല കുടുംബങ്ങളും പട്ടിണിയിലാണ്

- താത്കാലിക തൊഴിലാളികൾ

Advertisement
Advertisement