സുരക്ഷാ വീഴ്ച ; പ്രധാനമന്ത്രി രാഷ്‌ട്രപതിയെ കണ്ടു, പഞ്ചാബ് സർക്കാർ പ്രതിക്കൂട്ടിൽ

Thursday 06 January 2022 11:47 PM IST

ഉന്നതർക്കെതിരെ നടപടിക്ക് സാദ്ധ്യത

സുപ്രീംകോടതിയിൽ ഹർജി ഇന്ന്

ന്യൂഡൽഹി:പഞ്ചാബ് സന്ദർശന വേളയിലെ സുരക്ഷാവീഴ്ചയെ പറ്റി ധരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദുമായി കൂടിക്കാഴ്ച നടത്തിയതിനിടെ,​ പ്രധാനമന്ത്രിയുടെ സുരക്ഷാ പ്രോട്ടോക്കാൾ പഞ്ചാബ് സർക്കാരും സംസ്ഥാന പൊലീസും ലംഘിച്ചെന്ന

ഉറച്ച നിലപാടിലാണ് കേന്ദ്രസർക്കാർ. പഞ്ചാബ് സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാദ്ധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ രാഷ്‌ട്രപതി ഉൽക്കണ്ഠ പ്രകടിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതി വിഷയം ചർച്ച ചെയ്‌തു.

പ്രധാനമന്തിക്ക് സുരക്ഷ നൽകുന്ന സ്പെഷ്യൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്. പി. ജി )​ ബ്ലൂ ബുക്ക് പ്രകാരം പ്രധാനമന്ത്രിയുടെ സുരക്ഷയുടെ പൂർണ ചുമതല സംസ്ഥാന സർക്കാരുകൾക്കാണ്. ബ്ലൂ ബുക്കിലെ നിർദ്ദേശങ്ങൾ നടപ്പാക്കേണ്ട ഉത്തരവാദിത്വം ഡി. ജി. പിക്കുമാണ്. ഇതിൽ പഞ്ചാബ് സർക്കാരും ഡി. ജി. പിയും പൂർണ പരാജയമായിരുന്നു എന്നാണ് കേന്ദ്രസർക്കാർ വ‌ൃത്തങ്ങളും എസ്. പി. ജിയും പറയുന്നത്.

വിവാദം രൂക്ഷമായതോടെ വീഴ്‌ച അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ രണ്ടംഗ ഉന്നതതല സമിതിയെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് മെഹ്‌താബ് സിംഗ് ഗില്ലും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് വർമ്മയും അടങ്ങുന്ന സമിതി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകും.

സംഭവം ഗുരുതരമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ. വി. രമണയും പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ചയിൽ പഞ്ചാബ് പൊലീസിന്റെ ഒത്തുകളിയുണ്ടെന്ന് ആരോപിക്കുന്ന പൊതുതാൽപര്യ ഹ‌ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഈ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ഇന്ത്യയുടെ ഏതെങ്കിലും പ്രധാനമന്ത്രിക്ക് സംഭവിക്കുന്ന ഏറ്റവും വലിയ സുരക്ഷാവീഴ്ചയാണിതെന്ന് ലോയേഴ്‌സ് വോയിസ് എന്ന സന്നദ്ധ സംഘടന സമർപ്പിച്ച ഹർജയിൽ പറയുന്നു.പഞ്ചാബ് ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരിക്കും ഡി. ജി. പി സിദ്ധാർത്ഥ് ചതോപാദ്ധ്യായയ്‌ക്കും എതിരെ അച്ചടക്ക നടപടി വേണമെന്നാണ് ഹ‌ർജിയിലെ ആവശ്യം.പ്രധാനമന്ത്രിയുടെ റൂട്ട് അറിയാമായിരുന്നത് പഞ്ചാബ് സർക്കാരിനും പൊലീസിനും മാത്രമാണ്. സുരക്ഷാ വീഴ്ച വന്നെങ്കിൽ ഉത്തരവാദികൾ പൊലീസാണെന്നും ഹ‌ർജിയിൽ പറയുന്നു. ഹർജിയുടെ പകർപ്പ് പഞ്ചാബ് സർക്കാരിന് നൽകാൻ കോടതി നിർദ്ദേശിച്ചു.

അതിനിടെ,​ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്തെ പഞ്ചാബ് പൊലീസിന്റെ നടപടികളുടെ റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്റലിജൻസ് ബ്യൂറോയ്ക്ക് നിർദ്ദേശം നൽകി.

ബ്ലൂബുക്ക് നിബന്ധനകൾ

റൂൾ 1 -

പ്രധാനമന്ത്രിക്ക് ഏറ്റവും അടുത്തുള്ള സുരക്ഷാ വലയം എസ്. പി.ജി

റൂൾ 2

സുരക്ഷയ്‌ക്കുള്ള എല്ലാ സന്നാഹങ്ങളും സംസ്ഥാന പൊലീസ് ഒരുക്കണം

റൂൾ 5

നിബന്ധനകൾ നടപ്പാക്കേണ്ട പൂർണ ചുമതല ഡി. ജി. പിക്ക്.

എസ്. പി. ജി വാദങ്ങൾ

പ്രധാനമന്ത്രിയുടെ സന്ദ‌ർശനം സംബന്ധിച്ച് ജനുവരി 1,​2 തീയതികളിൽ പഞ്ചാബ് സർക്കാരുമായും പൊലീസുമായും മീറ്റിംഗുകൾ നടത്തി

 ഭട്ടിൻഡ - ഫിറോസ് പൂർ യാത്രയ്‌ക്ക് ബദൽ പ്ലാൻ ചർച്ച ചെയ്‌തു

അപകട സ്ഥലങ്ങൾ പൊലീസ് സന്നാഹത്തോടെ ഏറ്റെടുക്കാൻ റൂട്ട് സർവേ

ജനുവരി 4ന് ഭട്ടിൻഡ - ഫിറോസ്‌പൂർ യാത്രയുടെ റിഹേഴ്സൽ

സുരക്ഷാ ഭീഷണി പൊലീസിന് അറിയാമായിരുന്നു എന്നതിന് പൊലീസിന്റെ ആഭ്യന്തര സന്ദേശങ്ങൾ തെളിവാണ്

റോഡുകൾ ഏറ്റെടുക്കാനും​ കർഷക ധർണ തടസമായാൽ റൂട്ട് മാറ്റാനും സന്ദേശം

കർഷകരെ ഫിറോസ്‌പൂരിലേക്ക് കടത്തി വിടരുതെന്ന് നിർദ്ദേശം

ഭട്ടിൻഡയിലേക്ക് ഹെലികോപ്റ്റർ യാത്ര അസാദ്ധ്യമായപ്പോൾ സുരക്ഷിതമായ റോഡ് യാത്രയ്ക്ക് ഡി. ജി. പി ക്ലിയറൻസ് നൽകി

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിൽ ഡി. ജി. പിക്കും ചീഫ് സെക്രട്ടറിക്കും പ്രത്യേകം കാറുകൾ ഉണ്ടായിരുന്നെങ്കിലും രണ്ട് പേരും വന്നില്ല

പ്രധാനമന്ത്രിയുടെ റൂട്ടിലെ പ്രതിഷേധം വാഹനവ്യൂഹത്തിന്റെ പൈലറ്റിനെ അറിയിക്കുന്നതിൽ പൊലീസ് കൺട്രോൾ റൂം പരാജയപ്പെട്ടു

ആ വിവരം യഥാസമയം അറിയിച്ചിരുന്നെങ്കിൽ പ്രധാനമന്ത്രി ഫ്ലൈഓവറിൽ കുടുങ്ങുന്നത് ഒഴിവാക്കാമായിരുന്നു.

വിവരം അറിയാത്തതിനാൽ പ്രധാനമന്ത്രിയുടെ വാഹനം പ്രതിഷേധക്കാരുടെ വളരെ അടുത്തു വരെ എത്തി

പ്രധാനമന്ത്രിയുടെ വഴിയിലുടനീളം പൊലീസ് സാന്നിദ്ധ്യം നാമമാത്രം

പ്രധാനമന്ത്രി കുടുങ്ങിയ സ്ഥലത്തും പൊലീസ് നിഷ്‌ക്രിയം

അവിടെ ആളുകൾ അതിവേഗം തടിച്ചുകൂടാൻ തുടങ്ങി

സു​ര​ക്ഷാ​ ​വീ​ഴ്ച​:​ ​കേ​ന്ദ്ര​ത്തി​ന്റെ മൂ​ന്നം​ഗ​ ​സ​മി​തി

സു​ര​ക്ഷാ​ ​വീ​ഴ്ച​യെ​ ​കു​റി​ച്ച് ​അ​ന്വേ​ഷി​ക്കാ​ൻ​ ​കാ​ബി​ന​റ്റ് ​സെ​ക്ര​ട്ട​റി​ ​(​സു​ര​ക്ഷ​ ​വി​ഭാ​ഗം​)​ ​സു​ധീ​ർ​ ​കു​മാ​ർ​ ​സ​ക്സേ​ന​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ് ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ ​ബ​ൽ​ബീ​ർ​ ​സിം​ഗ്,​ ​എ​സ്.​പി.​ജി​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ജ​ന​റ​ൽ​ ​എ​സ്.​സു​രേ​ഷ് ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​മൂ​ന്നം​ഗ​ ​സ​മി​തി​യെ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രാ​ല​യം​ ​നി​യോ​ഗി​ച്ചു.

Advertisement
Advertisement