തൊണ്ടിമുതലും ചിറയിൻകീഴ് പൊലീസും,സ്ഥലപരിമിതി പ്രധാന പ്രശ്നം

Friday 07 January 2022 12:09 AM IST

ചിറയിൻകീഴ്: ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ അസൗകര്യങ്ങൾക്ക് നടുവിൽ. സ്ഥലപരിമിതിയാണ് സ്റ്റേഷൻ നേരിടുന്ന പ്രധാന വിഷയം. വിവിധ കേസുകളിൽ പിടിക്കപ്പെടുന്ന തൊണ്ടിവാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്റ്റേഷൻ പരിസരത്ത് സ്ഥലമില്ല. വലിയകട -ചിറയിൻകീഴ് ബസ് സ്റ്റാൻഡ് റോഡിൽ താലൂക്ക് ആശുപത്രിക്ക് മുൻവശത്താണ് തൊണ്ടി മുതലുകളായ ലോറികളും ടിപ്പർ വാഹനങ്ങളുമടക്കം പാർക്ക് ചെയ്തിരിക്കുന്നത്. സ്ഥലപരിമിതിയുള്ള റോ‌ഡിൽ ഇത്തരം വാഹനങ്ങൾ കൂടി പാർക്ക് ചെയ്യേണ്ടിവരുന്നത് യാത്രാ തടസ്സത്തിന് വഴിയൊരുക്കുകയാണ്.റെയിൽവേ ഗേറ്റ് കൂടി അടയ്ക്കുന്നതോടെ യാത്രാക്ലേശം രൂക്ഷമാകും. തൊണ്ടി സാധനങ്ങളും വഴിയോര കച്ചവടവും സ്റ്റാൻഡിൽ നിന്നിറങ്ങുന്ന ബസുകളും റെയിൽവേ ഗേറ്റും കൂടിയാകുമ്പോൾ ഇവിടത്തെ യാത്രാദുരിതം പതിന്മടങ്ങാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

സ്റ്റേഷനിൽ ജീപ്പില്ലാത്തതാണ് മറ്റൊരു വിഷയം. കഴിഞ്ഞ സെപ്തംബറിൽ സ്റ്റേഷനിലെ ഒരു ജീപ്പ് ആക്സിഡന്റിൽപ്പെട്ടിരുന്നു. അതിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ഇതേകാലയളവിൽത്തന്നെ ആകെയുണ്ടായിരുന്ന മറ്റൊരു ജീപ്പും പണിമുടക്കുകയുണ്ടായി. തുടർന്ന് കുറച്ചുനാൾ സ്റ്റേഷനിൽ ജീപ്പേ ഇല്ലായിരുന്നു. 'ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിൽ ജീപ്പില്ല; നെട്ടോട്ടത്തിൽ പൊലീസുകാർ' എന്ന തലക്കെട്ടിൽ കേരളകൗമുദി വാർത്ത നൽകിയിരുന്നു. തുടർന്നാണ് പണിമുടക്കിയ ജീപ്പ് തകരാറുകൾ പരിഹരിച്ച് സ്റ്റേഷന് കൈമാറിയത്. ഈ ജീപ്പിന്റെ തകരാറുകൾ പൂർണമായും പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും തകരാറുകൾ പേറിയാണ് ഈ വാഹനം ഓടുന്നത് എന്നാണ് അറിയുവാൻ കഴിയുന്നത്. പ്രതിവർഷം രണ്ടായിരത്തോളം കേസുകൾ രജിസ്റ്റർ ചെയ്യുന്ന ഈ സ്റ്റേഷൻ പരിധിയിൽത്തന്നെ നിരവധി കോളനികളുമുണ്ട്. അക്രമങ്ങളും മയക്കുമരുന്ന്, കഞ്ചാവ് മാഫിയ കേസുകളുമൊക്കെ അടിക്കടി റിപ്പോ‌‌‌ർട്ട് ചെയ്യുന്ന സ്ഥലം കൂടിയാണ്. വാഹനത്തിന്റെ കുറവ് കാരണം പല സംഭവ സ്ഥലങ്ങളിലും പൊലീസിന് സമയത്ത് എത്താൻ സാധിക്കുന്നില്ല. കേസന്വേഷിക്കാൻപോലും പൊലീസിന് അന്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സ്റ്റേഷനിലെ ബാത്ത് റൂം ഭാഗത്തെ ചോർച്ചയും ഇവിടെ ആവശ്യത്തിന് ജീവനക്കാരുടെ കുറവും മറ്റൊരു വിഷയമാണ്. മൂന്ന് എസ്.ഐ മാരുടെ ഒഴിവുള്ള ഇവിടെ ആകെയുള്ളത് ഒരാൾ മാത്രം.ഒരാൾ മെഡിക്കൽ ലീവിലും മറ്റൊരാളുടെ പോസ്റ്റും രണ്ട് എ.എസ്.ഐ മാരുടെ പോസ്റ്റും നികത്താനുമുണ്ട്.

വെള്ളത്തിൽ വരച്ച വര

ചിറയിൻകീഴ് മേൽപ്പാലവുമായി ബന്ധപ്പെട്ട നിർമാണ ജോലികൾ ഈ ഭാഗത്ത് നടക്കുമ്പോൾ കസ്റ്റഡിയിലെടുത്ത ഈ വാഹനങ്ങളുടെ പാർക്കിംഗ് പൊല്ലാപ്പാകുകയാണ്.സ്റ്റേഷൻ കോമ്പൗണ്ടിലും സ്ഥിതി ഇതുതന്നെയാണ്.

പൊലീസുകാരുടെ വാഹനങ്ങൾ തന്നെ സ്റ്റേഷൻ കോമ്പൗണ്ടിൽ പാർക്ക് ചെയ്യാൻ സ്ഥലമില്ല. പിടിച്ചെടുത്ത വാഹനങ്ങളിൽ ലേലം ചെയ്യേണ്ടവ എത്രയുംവേഗം ലേലം ചെയ്തും മറ്റുളളവ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം വാടകയ്ക്കോ ലീസിനോ എടുത്ത് കണ്ടെത്തണമെന്ന ആവശ്യം വെള്ളത്തിൽ വരച്ച വര പോലെ നീളുകയാണ്.

പ്രശ്നം ഇങ്ങനെ

ട്രാഫിക് ബ്ലോക്ക് പതിവാണ്

അപകട സാദ്ധ്യത ഏറെയാണ്

രോഗികൾക്കും ബുദ്ധിമുട്ട്

റെയിൽവേ ഗേറ്റ് അടച്ചാൽ യാത്ര ദുരിതമയം

പരിഹരിക്കേണ്ടത്

തൊണ്ടിമുതലുകൾ റോഡിൽ നിന്നു മാറ്റുക

വഴിയോരക്കച്ചവടത്തിന് ശാശ്വത പരിഹാരം കാണുക

അനധികൃത പാർക്കിംഗ് നിയന്ത്രിക്കുക

ബസ് സ്റ്റോപ്പിനടുത്തുള്ള കച്ചവടം അനുവദിക്കരുത്

പ്രതികരണം: സ്റ്റേഷനിലെ അടിസ്ഥാന വിഷയങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണം.

അനിൽ ചാമ്പ്യൻസ് (വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിൻകീഴ് യൂണിറ്റ് പ്രസിഡന്റ്)

Advertisement
Advertisement