ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധന: 93 സ്ഥാപനങ്ങൾക്ക് നോട്ടീസ്

Saturday 08 January 2022 12:01 AM IST

കോട്ടയം : ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ പിഴവുകൾ കണ്ടെത്തിയ 93 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 13 സ്ഥാപനങ്ങളിൽ നിന്ന് പിഴയടയ്ക്കാനുള്ള നടപടി സ്വീകരിച്ചു. ഫിഷറീസ് വകുപ്പുമായി ചേർന്ന് 21 മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 10 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിൽ നിന്ന് പിഴ ഈടാക്കാൻ നടപടിയെടുത്തു. ഇവിടെ നിന്ന് പഴകിയതായി കണ്ടെത്തിയ 49 കിലോ മത്സ്യം നശിപ്പിച്ചതായും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ അറിയിച്ചു. കഴിഞ്ഞമാസം ജില്ലയിലെ 418 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 56 സ്റ്റാറ്റിറ്റ്യൂട്ടറി സാമ്പിളുകളും, 173 സർവെയിലൻസ് സാമ്പിളുകളും പരിശോധനയ്ക്കയച്ചു. സുരക്ഷിതമല്ലെന്നു കണ്ടെത്തിയ പക്കാവട (ഈരാറ്റുപേട്ട കാലിക്കട്ട് സ്വീറ്റ്‌സിന്റെ 22.11.2021 ബാച്ച് നമ്പർ വി.സി.017), ടീ റസ്‌ക് (ആലപ്പുഴ എൻ.ജി.എസ്. ഫുഡ്‌സിന്റെ 27.11.2021 ബാച്ച് നമ്പർ റ്റി 11/21) എന്നിവ വിപണിയിൽ നിന്നു പിൻവലിക്കുന്നതിന് ബന്ധപ്പെട്ട വ്യാപാരികൾക്ക് നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമപ്രകാരമുള്ള ഗുണനിലവാരം രേഖപ്പെടുത്താതെ 2021 സെപ്തംബറിൽ പായ്ക്കുചെയ്ത തിരുവനന്തപുരം ചോയ്‌സ് ഹെർബൽസിന്റെ നറു നെയ്ക്കെതിരേ ( ബാച്ച് നമ്പർ 119) നിയമ നടപടിയെടുത്തു. കഴിഞ്ഞ വർഷം സെപ്തംബറിൽ നിർമിച്ച മധുര വേൽ കൺഫെക്ഷനറിയുടെ മിഠായി, തൃശൂർ അഫാൻ ഫുഡ് പ്രൊഡക്ട്‌സിന്റെ സിന്തറ്റിക് വിനാഗിരി (മെയ് 2021, ബാച്ച് നമ്പർ സിഎം01), വൈക്കം വേമ്പനാട് ഓയിൽ മിൽസിന്റെ വെളിച്ചെണ്ണ(നവംബർ 2021 ന് നിർമ്മിച്ചത്), മൂവാറ്റുപുഴ ഫിലോമിനാസ് ഫുഡ് പ്രൊഡക്ട്‌സിന്റെ മുതിര മുളപ്പിച്ചത് (21121, ബാച്ച് നമ്പർ പി.എഫ്.പി. നവംബർ 2) എന്നിവയ്‌ക്കെതിരെ ലേബൽ നിയമങ്ങൾ പാലിക്കാത്തതിന് നിയമനടപടി ആരംഭിച്ചു. ഇത്തരം ഭക്ഷ്യവസ്തുക്കൾ വിപണനം നടത്തിയതിന് നാലു ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തു.

Advertisement
Advertisement