ഒറ്റ വർഷം പിരിഞ്ഞുപോയത് 30 പേർ : നീണ്ടുനിവർന്ന് ലോക്കോ പൈലറ്റ് ഡ്യൂട്ടി

Friday 07 January 2022 9:32 PM IST
ലോക്കോ പൈലറ്റ്

15ന് അവകാശ സംരക്ഷണ ദിനം

കണ്ണൂർ: റെയിൽവെ സ്വകാര്യവത്കരണത്തിലേക്ക് കുതിക്കുന്നതിന്റെ ഭാഗമായി ലോക്കോ പൈലറ്റ് തസ്കിക വെട്ടിച്ചുരുക്കുന്നു. ഇതോടെ നിലവിലുള്ളവർക്ക് ഇരട്ടി ജോലിയായി. അമിത ജോലിഭാരത്തെ തുടർന്ന് ഒരു വർഷം മാത്രം സംസ്ഥാനത്ത് മുപ്പതോളം പേർ വി. ആർ. എസ് എടുത്ത് പിരിഞ്ഞുപോയി.ഒഴിവുകൾ സമയബന്ധിതമായി നികത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡിവിഷനിലെ ലോക്കോപൈലറ്റുമാർ 15ന് അവകാശദിനമായി ആചരിക്കും.

കൊവിഡ് നിയന്ത്രണങ്ങളിൽ ട്രെയിൻ സർവീസുകൾ വെട്ടിക്കുറച്ചതോടെ ലോക്കോ പൈലറ്റുമാരുടെ നിയമനം വെട്ടിച്ചുരുക്കിയതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.തസ്തിക ഒഴിഞ്ഞു കിടക്കുമ്പോഴും കോവിഡ് നിയന്ത്രണങ്ങളുടെ പേരുപറഞ്ഞ് ഈ ഒഴിവുകളിലേക്ക് ആവശ്യത്തിന് നിയമനങ്ങൾ നടത്താൻ റെയിൽവേ നടപടി സ്വീകരിച്ചിട്ടില്ല.നിലവിൽ ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ പരിഹരിക്കാൻ ഗുഡ്സ് ട്രെയിനുകളിലേ ലോക്കോപൈലറ്റുമാരെ പാസഞ്ചർ ട്രെയിനുകളിലേക്ക് മാറ്റിനിയമിച്ചിരിക്കുകയാണ്. ഇതോടെ ഗുഡ്സ് ട്രെയിനുകളിലേ ലോക്കൊ പൈലറ്റുമാർക്ക് ജോലിഭാരമാവുകയാണ്.

അവധിയില്ലാതെ ജോലി

പകരം ആളില്ലാത്തതു കാരണം അവധി എടുക്കാൻ കഴിയാത്ത സ്ഥിതിയാണ് തങ്ങളുടേതെന്നാണ് ജീവനക്കാർ പരാതിപ്പെടുന്നത്.

വാരാന്ത്യത്തിലും മറ്റ് അത്യാവശ്യങ്ങൾക്കും അവധി എടുക്കുന്നതിന് റിസർവ് പോസ്റ്റുകൾ കണക്കാക്കിയാണ് റെയിൽവേ ലോക്കോപൈലറ്റുമാരെ നിയമിക്കുന്നത്.

എന്നാൽ നിയമനങ്ങൾ വെട്ടിക്കുറച്ചതോടെ ലീവ് റിസർവ് പോസ്റ്റുകൾ ഇല്ലാത്ത അവസ്ഥയാണ്. മാത്രമല്ല സർവീസുകൾ പൂർണ തോതിൽ പുനരാരംഭിക്കാനും നിലവിലെ സാഹചര്യത്തിൽ കഴിയില്ല. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ 20 ശതമാനത്തോളം ട്രെയിനുകൾ ഇനിയും സർവീസ് പുനരാരംഭിക്കാനുണ്ട്. കൂടുതൽ ലേക്കോ പൈലറ്റുമാരെ നിയമിക്കാതെ ഈ സർവീസുകൾ പുനസ്ഥാപിക്കാനാവില്ല.ഇതു കാരണം പാലക്കാട് ഡിവിഷനുകളിലെ ജീവനക്കാർ ആവശ്യത്തിന് ലീവ് പോലും എടുക്കാനാകാതെ ദുരിതം അനുഭവിക്കുകയാണ്.

ഒഴിവുകൾ

പാലക്കാട് ഡിവിഷനിൽ-70

തിരുവനന്തപുരം ഡിവിഷനിൽ- 65

ജീവനക്കാർ പറയുന്നു

ഷൊർണൂർ സ്റ്റേഷനിൽ നിന്നുള്ള ലോക്കോപൈലറ്റുമാർക്ക് അവധിയെടുക്കാൻ സാധിക്കുന്നില്ല

അവധിയെടുക്കാനാവാത്തത് ജോലിയെയും യാത്രക്കാരുടെ സുരക്ഷയെയും ബാധിക്കും.

Advertisement
Advertisement