നഗരസഭയിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി

Saturday 08 January 2022 7:08 AM IST

തിരുവനന്തപുരം: നഗരസഭ ആസ്ഥാനത്തും സോണൽ ഓഫീസുകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തി. വിജിലൻസിന്റെ ഓപ്പറേഷൻ നിർമ്മാണത്തിന്റെ ഭാഗമായുള്ള പരിശോധനയാണ് നടന്നത്. വിഴിഞ്ഞം, വട്ടിയൂർക്കാവ്, കടകംപള്ളി സോണൽ ഓഫീസുകളിലാണ് ക്രമക്കേട് കണ്ടെത്തിയത്.

വിഴിഞ്ഞം സോണൽ ഓഫീസിലെ റവന്യൂ വിഭാഗം 2021 ഡിസംബർ 29 വരെ വിവിധ ഇനങ്ങളിലായി പിരിച്ചെടുത്ത രസീതിന്റെ തുകയായ മൂവായിരത്തോളം രൂപ ബാങ്കിൽ അടച്ചിട്ടില്ല. വിവിധ അപേക്ഷ ഫോമുകൾ വിറ്റുകിട്ടിയ തുകയാണിത്. കൂടാതെ വിഴിഞ്ഞം സോണലിലെ വാഹനങ്ങളുടെ ഇന്ധനക്ഷമതാ ടെസ്റ്റ് നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവിടത്തെ ലോഗ് ബുക്ക് പരിപാലിക്കുന്നില്ലെന്നും, വട്ടിയൂർക്കാവ് സോണൽ ഓഫീസിൽ നടത്തിയ പരിശോധനയിൽ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകളിൽ ചിലത് നിരസിക്കപ്പെട്ടതായും ഈ വിവരം അപേക്ഷകരെ മാസങ്ങളായി അറിയിച്ചിട്ടില്ലായെന്നും കണ്ടെത്തി. അപേക്ഷ നിരസിച്ചാൽ അപേക്ഷരെ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ ഇവിടെ അത് പാലിക്കപ്പെട്ടില്ല.

കടകംപ്പള്ളി സോണൽ ഓഫീസിൽ രണ്ടര സെന്റ് ഭൂമിയിൽ നിർമ്മിച്ച കെട്ടിടത്തിനായി 2019ൽ അപേക്ഷ സമർപ്പിച്ചുവെങ്കിലും നാളിതുവരെ അപേക്ഷയിൽ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വിജിലൻസ് കണ്ടെത്തി. സോണൽ ഓഫീസുകളിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വരുംദിവസങ്ങളിൽ വിശദമായി അന്വേഷണം നടത്തുമെന്ന് വിജിലൻസ് അറിയിച്ചു. കണ്ടെത്തിയ ക്രമക്കേടിന്റെ വിശദീകരണവും വിജിലൻസ് നഗരസഭയോട് തേടിയിട്ടുണ്ട്. സോണൽ ഓഫീസിലെ വിജിലൻസിന്റെ കണ്ടെത്തലിൽ നഗരസഭയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നാണ് സൂചന. ഒരു ഉദ്യോഗസ്ഥനെതിരെ ലഭിച്ച പരാതിയിൽ കഴിഞ്ഞ മാസവും വിജിലൻസ് നഗരസഭ ആസ്ഥാന ഓഫീസിൽ മിന്നൽ പരിശോധന നടത്തിയിരുന്നു.

Advertisement
Advertisement