കേരളത്തിൽ ഒമിക്രോൺ പടരുന്നുവെന്ന് പ്രചാരണം: അതിർത്തിയിൽ വീണ്ടും കടുപ്പിച്ച് കർണാടക

Friday 07 January 2022 10:12 PM IST

കാസർകോട്: കേരളത്തിൽ ഒമിക്രോണും ​കൊവിഡും വ്യാപകമാണെന്ന കർണാടക മാദ്ധ്യമങ്ങളിലെ വാർത്തകളുടെ ചുവടുപിടിച്ച് അതിർത്തിയിൽ കടുത്ത നടപടിയ്ക്കൊരുങ്ങി കർണാടക. കാസർകോട് നിന്ന് സുള്ള്യയിലേക്ക് പ്രവേശിക്കുന്ന അതിർത്തിയിൽ ഇന്നലെ കർശനപരിശോധനയ്ക്ക് ശേഷമാണ് ആളുകളെ കടത്തിവിട്ടത്.ഇന്നുമുതൽ തലപ്പാടി അതിർത്തിയിലും പരിശോധന കർശനമാക്കുമെന്നാണ് വിവരം.

കർണാടക സർക്കാരിന്റെ നിർദ്ദേശമനുസരിച്ചാണ് പരിശോധന. കാസർകോട്-സുള്ള്യ അതിർത്തിയിൽ മുഡൂർ, മണ്ടെകാൽ കന്യാന, കണ്ണാടിത്തോട്, ബഡ്ഡടുക്ക, വാട്ടോളി എന്നിവിടങ്ങളിലുള്ള ചെക്ക് പോസ്റ്റുകളിലാണ് പരിശോധന ശക്തമാക്കിയത്. പൊലീസും ഹോംഗാർഡുമാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ക്യാമ്പ് ചെയ്താണ് ഇവിടെ പരിശോധന നടത്തുന്നത്. മുമ്പ് കൊവിഡ് രൂക്ഷമായ ഘട്ടത്തിൽ ഈ ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന നടന്നിരുന്നു.

കർണാടകയിലേക്ക് യാത്ര ചെയ്യാൻ

72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് വേണം

ബസിൽ യാത്ര ചെയ്യുന്നവരുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉറപ്പുവരുത്തണം

ദക്ഷിണ കർണാടകയിൽ വാരാന്ത്യ കർഫ്യു

കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ ഇന്നലെ രാത്രി എട്ടുമണിമുതൽ വാരാന്ത്യകർഫ്യൂ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിവരെ കർഫ്യൂ നീണ്ടുനിൽക്കും. കർഫ്യൂ നിലനിൽക്കുന്ന ദിവസങ്ങളിൽ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകാൻ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെ.വി രാജേന്ദ്ര നിർദേശിച്ചു. അവശ്യസേവനങ്ങൾ, ബസ് സർവീസ് തുടങ്ങിയവയെ കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷക്ക് എത്തുന്ന വിദ്യാർത്ഥികൾ പരിശോധനാസമയത്ത് ഹാൾ ടിക്കറ്റ് കാണിക്കണം. വിവാഹങ്ങൾ, ഒഴിവാക്കാൻ കഴിയാത്ത മതപരമായ ചടങ്ങുകൾ മുതലായവ നിയന്ത്രണങ്ങൾ പാലിച്ച് നടത്താം. അവശ്യസാധനങ്ങൾ വീടിന് തൊട്ടടുത്ത കടകളിൽ നിന്ന് വാങ്ങണം. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി കമ്മിഷണർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement
Advertisement