ആഗോള മലയാളത്തിന്റെ തച്ചൻ

Friday 07 January 2022 10:41 PM IST

  • മലയാളത്തെ ഡിജിറ്റൽ യുഗത്തിലേക്ക് കൈപിടിച്ച ഹുസൈന് ആദരം

തൃശൂർ: മലയാളഭാഷ, കടലാസിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് മാറാൻ തുടങ്ങുമ്പോൾ സാങ്കേതികമികവോടെ കൈപിടിച്ചവരിൽ പ്രധാനിയാണ് കൊടുങ്ങല്ലൂർ എറിയാട് സ്വദേശി ഡോക്ടർ.കെ.എച്ച് ഹുസൈൻ (69). സാമൂഹിക മാദ്ധ്യമങ്ങളുടെ കടന്നുവരവിലും മലയാളിക്ക് മലയാളത്തെ ചേർത്തുപിടിക്കാൻ ഇടയാക്കിയതിൽ രണ്ട് പതിറ്റാണ്ടിന്റെ ഹുസൈന്റെ പ്രയത്നത്തിനും പങ്കുണ്ട്. അദ്ദേഹത്തിന്റെ സേവനങ്ങൾ മാനിച്ച് ടി.എൻ. ജോയ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ ഹുസൈനും അക്ഷരങ്ങളും എന്ന പേരിൽ കെ.എച്ച് ഹുസൈനെ ആദരിക്കും. കെ.സി നാരായണൻ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ വി.കെ ശ്രീരാമൻ അദ്ധ്യക്ഷനാകും. ഡോ. ടി.വി. സുനീത മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ അഡ്വ.വി.ആർ സുനിൽകുമാർ, ഇ.ടി. ടൈസൻ മാസ്റ്റർ, എം.യു. ഷിനിജ ടീച്ചർ, കെ.പി. രാജൻ, കെ.ആർ. ജൈത്രൻ എന്നിവർ സംസാരിക്കും.

1999ൽ രചന അക്ഷരവേദി എന്ന സന്നദ്ധ സംഘടനയിൽ ആർ. ചിത്രജകുമാറിനും സംഘത്തിനുമൊപ്പം രചന തനതുലിപി ഫോണ്ടും, ടെക്സ്റ്റ് എഡിറ്ററും തയ്യാറാക്കിയാണ് ഈ മേഖലയിലെത്തുന്നത്. ആലുവ യു.സി കോളേജിൽ നിന്ന് ഗണിതത്തിൽ ബിരുദം നേടിയ അദ്ദേഹം നക്‌സൽ പ്രസ്ഥാനങ്ങളിൽ ആകൃഷ്ടനായി അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രവർത്തിച്ചു. 20 മാസത്തോളം പീഡനം ഏറ്റുവാങ്ങി ജയിൽ വാസമനുഭവിച്ചു. ടി.എൻ. ജോയിയായിരുന്നു രാഷ്ട്രീയ ഗുരു. പിന്നീട് കേരള സർവകലാശാലയിൽ നിന്ന് ലൈബ്രറി സയൻസിൽ ബിരുദമെടുത്തു. കെ.എഫ്.ആർ.ഐയിൽ ജോലി ചെയ്യുമ്പോഴാണ് ഇൻഫർമേഷൻ സിസ്റ്റം രംഗത്തും രചനയിലും പ്രവർത്തിക്കുന്നത്.
ആർ. ചിത്രജകുമാർ രചന അക്ഷരവേദി തുടങ്ങുമ്പോൾ കമ്പ്യൂട്ടറിലുള്ള പരിജ്ഞാനം ആപ്രസ്ഥാനത്തിന്റെ ഭാഗമാക്കി. 2006ൽ രചന യൂണികോഡാവുകയും സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിന്റെ നേതൃത്വത്തിൽ സാമൂഹിക മാദ്ധ്യമ കാലഘട്ടത്തിൽ ജനകീയമായി പ്രചരിക്കുകയും ചെയ്തു.

ലയാള ക്‌ളാസിക് ഗ്രന്ഥങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്ന സായാഹ്ന ഫൗണ്ടേഷനുമായി ചേർന്ന് പ്രവർത്തിക്കാനും കെ.എച്ച് ഹുസൈനായി. 2015ലാണ് സി.വി.രാധാകൃഷ്ണൻ സായാഹ്ന ഫൗണ്ടേഷൻ സ്ഥാപിക്കുന്നത്. ആർ. ചിത്രജകുമാറിനും സി.വി. രാധാകൃഷ്ണനുമിടയിൽ ഒന്നര പതിറ്റാണ്ട് കാലം താൻ നടന്നുതീർത്ത ദൂരമാണ് മലയാളലിപി കൈവരിച്ച പൂർണതയെന്ന് ഹുസൈൻ പറഞ്ഞുവയ്ക്കുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ 2018 ലെ മാതൃഭാഷാ പുരസ്‌കാരം, 2010ലെ കേരള സർക്കാരിന്റെ ഇ ഗവേണൻസ് അവാർഡ് എന്നീ അവാർഡുകൾ നേടി. ഭാര്യ : രാജമ്മ. മകൾ: മീര.

രണ്ട് പതിറ്റാണ്ടിന്റെ സേവനം ഇവ

രചന, മീര, കേരളീയം എന്നീ ഫോണ്ടുകളുടെ സ്രഷ്ടാവ്

തമിഴ് ഇനിമെ, ദ്യുതി, ഉറൂബ്, പന്മന തുടങ്ങി യൂണികോഡ് ഫോണ്ടുകൾ

അഞ്ച് ഡിജിറ്റൽ ആർക്കൈവുകളിലായി ദശലക്ഷക്കണക്കിന് പേജുകളുടെ സംരക്ഷണം

അറബി മലയാളം കീബോർഡ്

Advertisement
Advertisement