പാകിസ്ഥാനിലെ ആദ്യ വനിതാ സുപ്രീം കോടതി ജഡ്ജിയായി ജസ്റ്റിസ് അയിഷ മാലിക്

Saturday 08 January 2022 12:34 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാൻ സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയെന്ന നേട്ടം സ്വന്തമാക്കി ജസ്റ്റിസ് അയിഷ മാലിക്. പാക് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് അദ്ധ്യക്ഷനായ പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷനാണ് അയിഷയുടെ നിയമനത്തിന് അംഗീകാരം നൽകിയത്. നിലവിൽ ലാഹോർ ഹൈക്കോടതി ജഡ്ജിയാണ് അയിഷയ്ക്ക് 2031 വരെ സുപ്രീം കോടതി ജഡ്ജിയായി തുടരാനാകും. ഇത് രണ്ടാം തവണയാണ് അയിഷ മാലിക്കിന്റെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനമെടുക്കാൻ പാകിസ്ഥാൻ ജുഡീഷ്യൽ കമ്മീഷൻ യോഗം ചേർന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അയിഷയുടെ നിയമന വിഷയം പരിഗണനയിൽ വന്നെങ്കിലും പാനൽ അംഗങ്ങളിൽ 4 പേർ എതിർക്കുകയും 4 പേർ യോജിക്കുകയും ചെയ്തതിനെ തുടർന്ന് തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ഇത്തവണ നാലിനെതിരെ അഞ്ചു വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് അയിഷയെ സുപ്രീം കോടതി ജഡ്ജിയാക്കി നിയമിച്ചത്.

അതേ സമയം അയിഷയുടെ നിയമനത്തിൽ സീനിയോറിറ്റി പ്രശ്നം ആരോപിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ രംഗത്തെത്തി.രാജ്യത്തെ അഞ്ച് ഹൈക്കോടതികളിൽ ജഡ്ജുമാരായിരിക്കുന്നവരേക്കാൾ ചെറുപ്പമാണ് അയിഷയ്‌ക്കെന്നും അതിനാൽ സീനിയോറിറ്റി നിയമം ലംഘിച്ചു കൊണ്ടുള്ള നിയമനം അംഗീകരിക്കാനാവില്ലെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് അഫ്രീദി പറഞ്ഞു. സുപ്രീം കോടതി തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും രാജ്യത്തെ ബാർ അസോസിയേഷൻ അംഗങ്ങൾ കോടതി നടപടികൾ ബഹിഷ്കരിക്കുമെന്നും അഫ്രീദി കൂട്ടിച്ചേർത്തു. 2012 മാർച്ചിൽ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട അയിഷ ,​നിലവിൽ ലാഹോർ ഹൈക്കോടതി ജഡ്ജി സീനിയോറിറ്റി പട്ടികയിൽ നാലാം സ്ഥാനത്താണ്.

Advertisement
Advertisement