'എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ"; ദീലിപിനും കുടുംബത്തിനുമെതിരായ വിമർശനങ്ങളിൽ നിലപാട് വ്യക്തമാക്കി സാന്ദ്രാതോമസ്

Saturday 08 January 2022 10:02 AM IST

നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട നടൻ ദിലീപിനെതിരെ അടുത്ത ദിവസങ്ങളിൽ ഗുരുതരമായ പുതിയ ആരോപണങ്ങൾ പലതും പുറത്തു വന്നിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ പ്രമുഖ മാഗസിന്റെ മുഖചിത്രത്തിൽ ദിലീപ് കുടുംബസമേതം എത്തിയതും വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്.

ദിലീപ്, കാവ്യ, മൂത്ത മകൾ മീനാക്ഷി, ഇളയ മകൾ മാമാട്ടി എന്ന മഹാലക്ഷ്‌മി എന്നിവാരാണ് ചിത്രത്തിലുള്ളത്. ക്രിമിനൽ കേസ് പ്രതിയെ മുഖചിത്രമായി നൽകിയതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതോടെ ദിലീപിന്റെ കുഞ്ഞിന് പിന്തുണ അറിയിച്ചെത്തിയിരിക്കുകയാണ് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. വിവാദങ്ങളിലേക്ക് കുഞ്ഞിനെ വലിച്ചിഴയ്‌ക്കരുതെന്നാണ് സാന്ദ്ര പറയുന്നത്.

''മാമാട്ടി' ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാൻ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകൾ മാത്രമേ കാണാൻ പറ്റുന്നുള്ളു. എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ് മാത്രമേ കാണാൻ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവൾ. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അർഹിക്കുന്നു.' ഇങ്ങനെയായിരുന്നു സാന്ദ്രാ തോമസിന്റെ കുറിപ്പ്.

അതേസമയം, നിരവധി പേർ താരത്തിന്റെ കുറിപ്പിനെ എതിർത്തും അനുകൂലിച്ചുമെത്തി. പ്രതിയെ മാത്രമാണ് തങ്ങൾ കുറ്റപ്പെടുത്തുന്നതെന്നും സാന്ദ്രയാണ് ഇപ്പോൾ കുഞ്ഞിനെ ചർച്ചയിലേക്ക് വലിച്ചിട്ടതുമെന്നൊക്കെയുള്ള തരം കമന്റുകളാണ് കൂടുതലും.