കൂലിയില്ലാതെ കയർ തൊഴിലാളികൾ

Sunday 09 January 2022 1:41 AM IST

മുടപുരം: ജില്ലയിലെ കയർതൊഴിലാളികൾക്ക് ശമ്പളം കിട്ടിയിട്ട് നാല് മാസത്തോളമായി. ഇവരുടെ കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ കടംവാങ്ങിയും പലിശയ്ക്കെടുത്തും കുഴഞ്ഞു. പട്ടിണിയിലേക്ക് കൂപ്പുകുത്തിയ കയർതൊഴിലാളികൾ ആകെ നട്ടംതിരിയുകയാണ്. ജില്ലയിലെ 52 കയർ സഹകരണ സംഘങ്ങളിലായി പണിയെടുക്കുന്ന മൂവായിരത്തോളം തൊഴിലാളികളാണ് ഇപ്രകാരം കഷ്ടപ്പെടുന്നത്. ആഭ്യന്തര വിപണിയിൽ കയറിന്റെ വില്പന കുറവായതിനാൽ മാസങ്ങളായി കയർഫെഡ് സംഘങ്ങളിൽ നിന്ന് കയർ വാങ്ങുന്നില്ല. വാങ്ങിയ കയറിന് കയർഫെഡിൽ നിന്ന് ലക്ഷകണക്കിന് രൂപ സംഘങ്ങൾക്ക് നൽകാനുമുണ്ട്. അഴൂർ, ചിറയിൻകീഴ് പഞ്ചായത്തുകളിലെ 13 കയർസംഘങ്ങളിലായി ആയിരത്തോളം തൊഴിലാളികൾ പണിയെടുക്കുന്നുണ്ട്. ജില്ലയിൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ പണിയെടുക്കുന്ന അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി കയർ വ്യവസായ സഹകരണ സംഘത്തിൽ ഇരുന്നൂറിൽ പരം തൊഴിലാളികൾ ജോലി ചെയ്യുന്നു. പരമ്പരാഗത റാട്ടിലും യന്ത്രവത്കൃത റാട്ടിലുമാണ് ഇവർ ജോലി ചെയ്യുന്നത്. പരമ്പരാഗത റാട്ടിൽ പണിയെടുക്കുന്നവർക്ക് 350 രൂപയാണ് ഒരു ദിവസത്തെ കൂലി. ഇതിൽ 240 രൂപ കയർ സംഘവും 110 രൂപ വരുമാന ഉറപ്പ് പദ്ധതിയിലൂടെ സംസ്ഥാന സർക്കാർ നൽകുന്നതുമാണ്. യന്ത്രവത്കൃത റാട്ടിൽ ജോലി ചെയ്യുന്നവർക്ക് 500 രൂപ ലഭിക്കും. കയർ ഫെഡ് കയർ എടുക്കാത്തതിനാൽ പെരുങ്ങുഴി കയർ സംഘത്തിന്റെ ഗോഡൗണിൽ മാത്രം 275 ക്വിന്റൽ കയർ സ്റ്റോക്ക് ചെയ്തിരിക്കുകയാണ്. നേരത്തെ കയർ ഫെഡിന് നൽകിയ കയറിന്റെ വിലയായി ലക്ഷകണക്കിന് രൂപ ഈ സംഘത്തിന് ലഭിക്കാനുമുണ്ട്. അതുകൊണ്ടാണ് തൊഴിലാളികൾക്ക് കൂലി നൽകാൻ സംഘത്തിന് കഴിയാതിരുന്നത്.

പ്രിയം തമിഴ്നാടിനോട്

തമിഴ്‌നാട്ടിൽ നിന്നുള്ള കയർ ഇവിടുത്തെതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ കേരളത്തിലെ ഫാക്ടറികൾ കയർ ഉത്പന്നങ്ങൾ നിർമ്മിക്കാൻ അന്യസംസ്ഥാനത്തെ കയറാണ് വാങ്ങുന്നത്. പി.ഡബ്ലിയു.ഡി റോഡുകൾ ടാർ ചെയ്യുമ്പോൾ അതിൽ ഭൂവസ്ത്രം ഉപയോഗിക്കണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് പെരുങ്ങുഴി കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് ആർ.അജിത്ത് പറഞ്ഞു. എന്നാൽ ആനത്തലവട്ടം ചിറയിൻകീഴ് റോഡ് ടാർ ചെയ്തപ്പോൾ തമിഴ്‌നാട്ടിൽ നിന്നുള്ള കയർ ഭൂവസ്ത്രമാണ് ഇതിൽ ഉപയോഗിച്ചതത്രേ.

തൊഴിലുറപ്പിലും കയറില്ല

തൊഴിലുറപ്പ് തൊഴിലാളികൾ മുൻപ് ചെയ്തിരുന്ന ഭൂവസ്ത്ര വിധാനം എന്ന പദ്ധതിയും ഇപ്പോൾ ചെയ്യുന്നില്ല. മണ്ണും ജലവും സംരക്ഷിക്കുന്നതിനായി കയർ ഭൂവസ്ത്രം വിനിയോഗിച്ച് നടപ്പിലാക്കിയിരുന്നു ഈ പദ്ധതി നടപ്പിലാക്കാൻ ഇപ്പോൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വിമുഖത കാട്ടുന്നതായാണ് ആക്ഷേപം.ആ പദ്ധതി നടപ്പിലാക്കിയാൽ മണ്ണും ജലവും ഉൾപ്പടെ പ്രകൃതി സംരക്ഷണത്തോടൊപ്പം കയർ വിൽപ്പന വർധിക്കുകയും ചെയ്യും.അത് വഴി നാട്ടിലെ പരമ്പരാഗത വ്യവസായമായ കയറിനെ സംരക്ഷിക്കാനും കയർ തൊഴിലാളികൾക്ക് ആശ്വാസമേകാനും കഴിയും.

ആഭ്യന്തരമായി കയർ വില്പന വർധിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ ഭരണാധികാരികളും ജീവനക്കാരും കയർഫെഡിൽ നിന്ന് കയർ ഭൂവസ്ത്രം വാങ്ങാൻ തയ്യാറാവണം. പി.ഡബ്ള്യു.ഡി റോഡുകളുടെ ടാറിങ്ങിന് കയർ ഭൂവസ്ത്രം ഉപയോഗിക്കുകയും അതിന് നാട്ടിൽ നിന്ന് തന്നെ കയർ ഭൂവസ്ത്രം വാങ്ങാൻ നടപടി സ്വീകരിക്കുകയും വേണം. എന്നാൽ മാത്രമേ കയർതൊഴിലാളികൾക്ക് മുടക്കം കൂടാതെ കൂലി നൽകാൻ കഴിയൂ.
-- ആർ. അജിത്ത് (പ്രസിഡന്റ്, പെരുങ്ങുഴി കയർവ്യവസായ സഹകരണ സംഘം )

Advertisement
Advertisement