സഞ്ചാരികളെ ഇതിലേ,​ഇതിലേ: കോടമഞ്ഞണിയും കാഴ്ചകളുമായി പാലുകാച്ചിപ്പാറ

Saturday 08 January 2022 7:48 PM IST
പാലുകാച്ചിപ്പാറയിൽ എത്തിയ സഞ്ചാരികൾ

3000 അടി ഉയരത്തിൽ പുരളിമലയുടെ മനോഹരപ്രകൃതി ദൃശ്യം

മട്ടന്നൂർ: സഞ്ചാരികളെ മാടിവിളിച്ച് മട്ടന്നൂരിനടുത്ത് ശിവപുരം പാലുകാച്ചിപ്പാറ. മലയും പാറക്കെട്ടുകളും ചേർന്ന അപൂർവ ദൃശ്യവിരുന്നാണ് പുരളിമലയുടെ ഭാഗമായ പാലുകാച്ചിപ്പാറയിലുള്ളത്. സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള പാറയുടെ സൗന്ദര്യം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും സമീപ ജില്ലകളിൽ നിന്നും ആളുകൾ എത്തുകയാണിപ്പോൾ.

ഇക്കുറി കോടമഞ്ഞ് വർദ്ധിച്ചതോടെ പുലർച്ചെമുതൽ സന്ധ്യമയങ്ങുംവരെ സഞ്ചാരികളുടെ ഒഴുക്കാണ്. മാലൂർ പഞ്ചായത്തിലെ ഈ പാറയുടെ മുകളിലെത്തിയാൽ വിദൂരകാഴ്ചകൾ വിസ്മയം ജനിപ്പിക്കും. പഴശ്ശിരാജാവിന്റെ ഒളിപ്പോർ സങ്കേതങ്ങളിൽപെട്ടതാണ് പാലുകാച്ചിപ്പാറ. ഈ പ്രദേശത്തെ ഇക്കോ ടൂറിസം പദ്ധതിയിൽ പെടുത്താൻ സർക്കാർതലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപുതന്നെ ഇവിടെ മൈക്രോവേവ് ടവർ സ്ഥാപിച്ചിരുന്നു. അക്കാലത്ത് ദൂരദർശൻ ഭൂതല സംപ്രേഷണ ടവർ, എസ്.ടി.ഡി. സംവിധാന യന്ത്രങ്ങളും ഇവിടെ സ്ഥാപിച്ചിരുന്നു.

അപൂർവ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ് പാലുകാച്ചിപ്പാറയും സമീപ പ്രദേശങ്ങളും. പാറയുടെ മുകളിൽനിന്നാൽ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടും അറബിക്കടലും അടക്കമുള്ള വിദൂരദൃശ്യങ്ങൾ കാണാം.

അവധിദിവസങ്ങളിലും മറ്റും സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ തിരക്കാണ്. ചില സംഘങ്ങൾ ഭക്ഷണവും മദ്യവുമായാണ് വരവെന്ന് നാട്ടുകാർ പറയുന്നു. ചിലർ അലക്ഷ്യമായി മദ്യക്കുപ്പികൾ വലിച്ചെറിയുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പരിസരവാസികൾ പറയുന്നു. ലോക്ക്ഡൗൺ പിൻവലിച്ചതിനെ തുടർന്ന് ധാരാളം ആളുകൾ എത്തുന്ന സാഹചര്യത്തിൽ മാലൂർ പൊലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Advertisement
Advertisement