അതിർത്തി തർക്കം: ഗൃഹനാഥൻ അടിയേറ്റ് മരിച്ചു

Sunday 09 January 2022 12:47 AM IST

  • അയൽവാസികളായ പ്രതികൾ കസ്റ്റഡിയിൽ

ആലത്തൂർ: പശുവിനെ കുളിപ്പിച്ച വെള്ളം അയൽവീടിന് മുന്നിലൂടെ ഒഴുക്കുന്നതിനെ തുടർന്നുണ്ടായ തർക്കത്തിൽ ഗൃഹനാഥൻ അടിയേറ്റ് മരിച്ചു. തരൂർ തോണിപ്പാടം വാവുളള്യാപുരം അമ്പാട്ടുപറമ്പ് ബാപ്പുട്ടിയാണ് (63) മരിച്ചത്. അയൽവാസികളായ അബ്ദുൾ റഹ്‌മാൻ (52), മകൻ ഷാജഹാൻ (27), പ്രായപൂർത്തിയാവാത്ത മറ്റൊരു മകൻ എന്നിവരെ ആലത്തൂർ പൊലീസ് പിടികൂടി. വെള്ളിയാഴ്ച് വൈകിട്ട് അഞ്ചരയോടെയായിരുന്നു ആക്രമണം.

അബ്ദുൾ റഹ്‌മാന്റെ വീട്ടിലെ പശുവിനെ കുളിപ്പിക്കുന്ന വെള്ളം ബാപ്പുട്ടിയുടെ വീടിന് മുന്നിലൂടെ ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് നവംബർ 16ന് വാക്കുതർക്കമുണ്ടായി. സംഘർഷത്തിൽ ബാപ്പുട്ടിയുടെ കൈ ഒടിഞ്ഞു. ആക്രമണക്കേസിൽ അബ്ദുൾ റഹ്‌മാൻ ജയിലിലായി. ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ശേഷം വെള്ളിയാഴ്ച് ഇരുവരും തമ്മിൽ വീണ്ടുമുണ്ടായ തർക്കത്തിനിടെ ബാപ്പുട്ടിയെയും ഭാര്യ ബീക്കുട്ടി (56), മക്കളായ സലീന (37), ഷമീറ (33) എന്നിവരെയും കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ബാപ്പുട്ടിയെ ജില്ലാ ആശുപത്രിയിലും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച് രാത്രി പതിനൊന്നരയോടെ മരിച്ചു. മകൾ ഷമീറയ്ക്ക് തലയ്ക്കും ചെവിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ് മാർട്ടത്തിനു ശേഷം ബാപ്പുട്ടിയുടെ മൃതദേഹം തോണിപ്പാടം അമ്പാട്ടുപറമ്പ് പുതുക്കുള്ളി പള്ളി കബർസ്ഥാനിൽ കബറടക്കി. മരുമക്കൾ: ഫൈസൽ, ഷാജഹാൻ.

Advertisement
Advertisement