ജന്മദിനത്തിൽ യേശുദാസിന് ഗാനാഞ്ജലിയുമായി ഗായകർ

Saturday 08 January 2022 10:59 PM IST

തൃശൂർ: യേശുദാസിന്റെ 82ാം ജന്മദിനത്തിൽ അദ്ദേഹത്തിന് സമർപ്പണവുമായി നാളെ ഉച്ചയ്ക്ക് രണ്ട് മുതൽ 82 ഗായകർ ചേർന്ന് ഗാനാഞ്ജലി അർപ്പിക്കും. 8 മണിക്കൂർ 20 മിനിറ്റ് നീളുന്ന വെബ് സ്ട്രീമിംഗിലൂടെ യേശുദാസിന്റെ ഗാനങ്ങളാകും ആലപിക്കുക. സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും പാലക്കാട് സ്വരലയയും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയും സംയുക്തമായാണ് ഗാനാഞ്ജലി ഒരുക്കുന്നത്.

സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, സ്വരലയ ചെയർമാൻ എൻ.എൻ കൃഷ്ണദാസ്, സെക്രട്ടറി ടി.ആർ അജയൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, കഥാകൃത്ത് അശോകൻ ചരുവിൽ, സാംസ്‌കാരിക പ്രവർത്തകൻ കരിവെള്ളൂർ മുരളി എന്നിവർ ജന്മദിന സന്ദേശങ്ങളുമായെത്തും. ഭാരത് ഭവന്റെയും, പാലക്കാട് സ്വരലയയുടെയും വിവിധ ഫേസ് ബുക്ക് പേജുകളിലൂടെ സ്ട്രീമിംഗുമുണ്ടാകും.
യേശുദാസ് തിരുവനന്തപുരത്തെ സ്വാതി തിരുനാൾ സംഗീത കോളേജിൽ പഠിച്ചിരുന്ന കാലത്ത് താമസിച്ചിരുന്ന, ഭാരത് ഭവൻ പ്രവർത്തിക്കുന്ന കെട്ടിടത്തോട് ചേർന്നുള്ള കാർ ഷെഡ് തനിമയോടെ നിലനിർത്തി യേശുദാസ് ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണ്.

യേശുദാസിന്റെ സാംസ്‌കാരിക മൂല്യമുള്ള ജീവിത നാൾവഴികളെ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി, ഗാന ഗന്ധർവ്വൻ വിവിധ കാലഘട്ടങ്ങളിലായി ആലപിച്ച ശാസ്ത്രീയ സംഗീതം, ലളിത ഗാനം, ഭക്തിഗാനം, നാടൻപാട്ടുകൾ, ചലച്ചിത്രസംഗീതം, അദ്ദേഹത്തിന്റെ പേരിലുള്ള പുസ്തകങ്ങൾ തുടങ്ങിയവ ലൈബ്രറിയിലുണ്ടാകും.

Advertisement
Advertisement