പ്രവാസി ഭാരതീയദിന ചിന്തകൾ

Sunday 09 January 2022 12:00 AM IST

ജനുവരി ഒൻപത് പ്രവാസി ഭാരതീയ ദിവസ് ആയി പ്രഖ്യാപിച്ചത് 2002 ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ആണ്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് പ്രവാസികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു ഈ പ്രഖ്യാപനം. കേരളത്തിലും 2002 മുതൽ പ്രവാസി ഭാരതീയ ദിവസ് എല്ലാവർഷവും എൻ.ആ‌ർ.എെ കൗൺസിൽ ഒഫ് ഇന്ത്യയുടെയും പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്റെയും ആഭിമുഖ്യത്തിൽ
വിപുലമായി സംഘടിപ്പിച്ചു വരുന്നു. പ്രവാസിബന്ധു ഡോ. എസ്. അഹമ്മദിന്റെയും, കടയ്ക്കൽ രമേഷിന്റെയും നേതൃത്വത്തിൽ വിവിധ മേഖലകളിലുള്ളവരുടെ കൂട്ടായ്മയാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.
ഇരുപത് വർഷത്തിനിടെ വിവിധ രാജ്യങ്ങളിൽ താമസിച്ച് ജോലി ചെയ്യുകയും ബിസിനസ് നടത്തുകയും ചെയ്യുന്ന നൂറുകണക്കിന് പ്രവാസികളെ ഇത്തരം സമ്മേളനങ്ങളിൽ ആദരിച്ചിട്ടുണ്ട്.

സാമൂഹ്യസേവന പ്രവർത്തനങ്ങളും ഈ അവസരത്തിൽ നടപ്പിലാക്കി വരുന്നു. രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ മടങ്ങിയെത്തിയ പ്രവാസികൾക്കിടയിൽ അനേകംപേർ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. വീടില്ലാത്തവർ, വിവിധതരം രോഗങ്ങളാൽ കഷ്ടതയനുഭവിക്കുന്നവർ, സ്ഥിരവരുമാനമില്ലാത്തവർ എന്നിങ്ങനെ പ്രയാസമനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായമെത്തിക്കാൻ ഈ അവസരം ഞങ്ങൾ പ്രയോജനപ്പെടുത്താറുണ്ട്.
ഗൾഫ് എന്ന സ്വപ്നം മലയാളികളുടെ മനസിൽ കടന്നുകൂടിയത് 1960 – 70 കാലഘട്ടത്തിലാണ്. അന്ന് കേരളത്തിൽ നിലനിന്നിരുന്ന തൊഴിലില്ലായ്മയും
ദാരിദ്ര്യവും സൃഷ്ടിച്ച അരക്ഷിതാവസ്ഥയിൽ നിന്ന് രക്ഷനേടാൻ വേണ്ടിയാണ് അഭ്യസ്തവിദ്യരായ മലയാളി യുവാക്കൾ ഗൾഫിലെ മരുഭൂമിയിലേക്ക് ചേക്കേറാൻ തീരുമാനിച്ചത്. അതിലൂടെ നമ്മുടെ കൊച്ചു കേരളം അഭിവൃദ്ധിയിലേക്ക് കുതിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് മലയാളി കുടുംബങ്ങളിൽ നിന്ന് ദാരിദ്ര്യം വിട്ടകലുകയും അടുത്ത തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം നേടാനും കഴിഞ്ഞു.

കൊവിഡ് മഹാമാരിയുടെ കാലം പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമായിരുന്നില്ല. ലക്ഷക്കണക്കിന് ആൾക്കാർ ജോലിയും ബിസിനസും ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിച്ചുവന്നു. ഇവിടെ അവർ ചെറിയ ജോലികൾ ചെയ്യാൻ നിർബന്ധിതരായി. പലർക്കും വിദേശങ്ങളിലേക്ക് തിരിച്ചുപോകാൻ സാധിച്ചിട്ടില്ല. പ്രവാസി മലയാളികൾ കഷ്ടതയനുഭവിക്കുന്ന സമയത്താണ് നമ്മൾ ഇരുപതാമത് പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നത്. ഈ കഷ്ടതകളെല്ലാം മറികടന്ന് പ്രവാസി മലയാളികൾ വീണ്ടും സമൃദ്ധിയുടെ പടവുകൾ കയറുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ലേഖകൻ NRI കൗൺസിൽ ഓഫ് ഇന്ത്യ വൈസ് ചെയർമാനാണ്

Advertisement
Advertisement