ഫെബ്രുവരിയിൽ റിലീസ് പൂരം

Monday 10 January 2022 6:39 AM IST

മമ്മൂട്ടിയുടെ ഭീഷ്‌മ പർവ്വം, മോഹൻലാലിന്റെ ആറാട്ട്, ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞ് എന്നിവയാണ് വമ്പൻ റിലീസുകൾ

പുതുവർഷത്തിലെ ആദ്യ വമ്പൻ റിലീസുകൾ ഫെബ്രുവരി മാസം എത്തുന്നു. മെഗാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങൾ ഒരേമാസം റിലീസ് ചെയ്യുന്നതിന്റെ ആവേശത്തിലാണ് ഇരുവരുടെയും ആരാധകർ. മമ്മൂട്ടിയുടെ അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം, മോഹൻലാലിന്റെ ബി. ഉണ്ണിക്കൃഷ്ണൻ ചിത്രം ആറാട്ട്, ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്ത മലയൻകുഞ്ഞ് എന്നിവയാണ് മേജർ റിലീസുകൾ. ഐശ്വര്യലക്ഷ്മി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന അർച്ചന 31 നോട്ടൗട്ട് എന്ന ചിത്രവും ഫ്രെബുവരിയിൽ റിലീസ് ചെയ്യും. ആസിഫ് അലിയുടെ രാജീവ് രവി ചിത്രം കുറ്റവും ശിക്ഷയും ഫെബ്രുവരി മാസം റിലീസ് ചെയ്യാൻ ആലോചനയുണ്ട്. സൂപ്പർഹിറ്റായ ബിഗ്ബിക്കുശേഷം മമ്മൂട്ടിയും അമൽനീരദും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ഭീഷ്മ പർവ്വം നൽകുന്ന ഏറ്റവും വലിയ പ്രത്യേകത. മൈക്കിൾ എന്ന ഗ്യാങ് സ്റ്റാറായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. മമ്മൂട്ടിയുടെ ലുക്ക് നൽകുന്ന ആവേശം ബോക്സോഫീസിൽ ഭീഷ്മ പർവ്വം വൻനേട്ടം കൊയ്യുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. ഫെബ്രുവരി 24 നാണ് ഭീഷ്മ പർവ്വം തിയേറ്ററുകളിൽ എത്തുക. നെടുമുടിവേണു,ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ , ഷൈൻ ടോം ചാക്കോ, അബുസലിം, സുദേവ് നായർ, ഫർഹാൻ ഫാസിൽ, ഹരീഷ് ഉത്തമൻ, ഷെബിൻ ബെൻസൺ, കെ.പി.എ.സി. ലളിത, നദിയ മൊയ്‌തു, ലെന , അനസൂയ, ശ്രിന്ധ, വീണ നന്ദകുമാർ, ധന്യ അനന്യ, മാല പാർവതി ഉൾപ്പെടെ വൻതാര ഭീഷ്മ പർവ്വത്തിൽ അണിനിരക്കുന്നു. അമൽനീരദ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഭീഷ്മ പർവ്വത്തിന് അമൽനീരദും ദേവദത്ത് ഷാജിയും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ, സംഗീതം സുഷിൻ ശ്യാം.

മോഹൻലാലും ബി. ഉണ്ണിക്കൃഷ്ണനും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകരുടെ ആവേശം വാനോളം ഉയരും. ഫെബ്രുവരി 10ന് ആറാട്ട് തിയേറ്ററുകളിൽ എത്തും. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ആറാട്ടിൽ മോഹൻലാൽ എത്തുക. കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്. മൈ ഫോൺ നമ്പർ ഇൗസ് 2255 എന്ന രാജാവിന്റെ മകനിലെ ഡയലോഗ് ഒാർമ്മിപ്പിക്കുംവിധം ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ കാറിനും 2255 എന്ന നമ്പരാണ് നൽകിയിരിക്കുന്നത്. ശ്രദ്ധ ശ്രീനാഥാണ് ആറാട്ടിലെ നായിക. നെടുമുടിവേണു, സായ് കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജുപപ്പൻ, സ്വാസിക, മാളവിക മേനോൻ, രചന നാരായണൻകുട്ടി എന്നിവരാണ് മറ്റു താരങ്ങൾ.

ആർ.ഡി . ഇല്യുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ചേഴ്സ്, മൂവി പേ മീഡിയാസ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ആറാട്ടിന് ഉദയകൃഷ്ണ ആണ് രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം വിജയ് ഉലകനാഥ്.

പതിനെട്ടുവർഷത്തിനുശേഷം അച്ഛൻ ഫാസിലും മകൻ ഫഹദ് ഫാസിലും വെള്ളിത്തിരയിൽ കൈകോർക്കുന്നു എന്നതാണ് മലയൻകുഞ്ഞിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫാസിലാണ് ചിത്രം നിർമ്മിക്കുന്നത്. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് സംവിധായകൻ സജിമോൻ ആദ്യ ചിത്രം ഒരുക്കുന്നത്. രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു താരങ്ങൾ. സംവിധായകൻ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ രചനയും ഛായാഗ്രഹണവും. മഹേഷ് നാരായണൻ ആദ്യമായാണ് ഛായാഗ്രാഹകനാവുന്നത്. എ.ആർ. റഹ്‌മാൻ ഒരുക്കുന്ന സംഗീതം മലയൻകുഞ്ഞിന്റെ പ്രധാന ആകർഷണീയതയായിരിക്കും. ഫെബ്രുവരി 18ന് മലയൻകുഞ്ഞ് റിലീസ് ചെയ്യും. നവാഗതനായ അഖിൽ അനിൽകുമാർ സംവിധാനം ചെയ്ത അർച്ചന 31 നോട്ട് ഒൗട്ടിൽ വ്യത്യസ്ത ലുക്കിലാണ് ഐശ്വര്യലക്ഷ്മി എത്തുന്നത്. ഫെബ്രുവരി നാലിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ ഇന്ദ്രൻസ് , രമേശ് പിഷാരടി എന്നിവരാണ് മറ്റു താരങ്ങൾ. അദ്ധ്യാപികയുടെ വേഷമാണ് ചിത്രത്തിൽ ഐശ്വര്യലക്ഷ്മിക്ക്. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന് സംവിധായകൻ അഖിൽ അനിൽകുമാർ, അജയ് വിജയൻ, വിവേക് ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ. മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന് ജോയൽ ജോജി ഛായാഗ്രഹണം നിർവഹിക്കുന്നു.

Advertisement
Advertisement