പാറപൊട്ടിക്കാനും കുരുക്കഴിക്കാനും കിതച്ചും കുതിച്ചും കുതിരാൻ

Sunday 09 January 2022 9:16 PM IST

തൃശൂർ: രണ്ടാം ടണലിലേക്ക് വഴി തുറക്കാൻ തുടർച്ചയായി പാറപൊട്ടിക്കുമ്പോൾ കുതിരാനിൽ രാത്രികാലങ്ങളിൽ മുറുകുകയാണ് ഗതാഗതക്കുരുക്ക്. അതേസമയം ഗതാഗതക്കുരുക്കും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇല്ലാതെ പാറപൊട്ടിക്കൽ തുടരാനുളള തീവ്രയജ്ഞത്തിലാണ് അധികൃതർ.
അവധിദിവസങ്ങളിൽ വൈകിട്ട് 5 മുതൽ രാത്രി പത്ത് വരെ കുരുക്ക് തുടരുന്നുണ്ട്.

ശനിയാഴ്ച രാത്രി കിഴക്ക്ഭാഗത്ത് വാഹനങ്ങളുടെ നിര ചുവന്നമണ്ണ് വരെ നീണ്ടു. ടണലിൽ നിന്നുള്ള റോഡ് നിർമ്മാണത്തിനായി സ്‌ഫോടനം നടക്കുന്ന സമയത്തും വാഹനം നിയന്ത്രിച്ചിരുന്നു. കിഴക്ക്ഭാഗത്തേക്ക് രണ്ട് ട്രാക്കുകളിലൂടെയും പടിഞ്ഞാറ് ഒരു ട്രാക്കിലൂടെയുമാണ് ഗതാഗതം ക്രമീകരിച്ചത്. അതേസമയം, ഈ ആഴ്ച മുതൽ ദിവസവും മൂന്ന് സ്‌ഫോടനം നടത്താനാണ് തീരുമാനം.


പരീക്ഷണ സ്‌ഫോടനം വിജയകരമായിരുന്നു. രാവിലെ 6നും 7നും ഇടയിലും ഉച്ചയ്ക്ക് 12നും ഒന്നിനും ഇടയിലുമാണ് സ്‌ഫോടനം നടക്കുന്നത്. ഉച്ചയ്ക്ക് ശേഷമോ രാത്രിയോ സ്‌ഫോടനം നടത്താനുളള അനുമതിയും തേടിയിട്ടുണ്ട്. ജനപ്രതിനിധികൾ, സമീപവാസികൾ എന്നിവരുമായി ചർച്ച ചെയ്താണ് സമയക്രമം തീരുമാനിച്ചത്. ഒന്നാമത്തെ ടണൽ നിർമ്മിച്ചപ്പോൾ പാറപൊട്ടിച്ച ശേഷം സമീപത്തെ വീടുകൾക്ക് കേടുപാട് പറ്റിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം നാട്ടുകാരും ജനപ്രതിനിധികളും ജില്ലാ കളക്ടർ അടക്കമുള്ളവരെ അറിയിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ കൂടുതൽ കരുതലോടെയാണ് പാറ പൊട്ടിക്കൽ.

അപകടകരമല്ലെന്ന്

ജില്ലയിലെ ക്വാറികളിൽ കാണുന്ന പാറകൾ തന്നെയാണ് കുതിരാനിലുമുള്ളതെന്നാണ് ജിയോളജി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതുകൊണ്ട് ശക്തിയേറിയ സ്‌ഫോടനങ്ങളുടെ ആവശ്യമില്ല. റോഡിന് അനുയോജ്യമാകുന്ന തരത്തിലാണ് പൊട്ടിക്കൽ നടത്തുന്നത്. ക്വാറി ഖനനം പോലെ അശാസ്ത്രീയമായ പൊട്ടിക്കൽ ഉണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്തായാലും വരും ദിവസങ്ങളിൽ മിന്നൽ പരിശോധനയിലൂടെ അധികൃതർ സ്‌ഫോടനം നിരീക്ഷിക്കും.

നിർമ്മാണപ്രവർത്തനം ഇങ്ങനെ

പാറപൊട്ടിക്കൽ പൂർത്തിയാക്കുന്നത്: 40 ദിവസം കൊണ്ട്
പ്രതിദിനസ്‌ഫോടനം: 3
രണ്ടാം ടണൽ തുറക്കുന്നത്: 3 മാസത്തിനകം
പഴയ റോഡ് ഉയരുന്നത്: 30 അടി

ശ്രദ്ധിക്കാൻ


സമീപവാസികളുടെ പ്രതിനിധികൾക്ക് സ്‌ഫോടന സമയത്ത് അത് കാണാൻ അനുമതിയുണ്ട്. എന്നാൽ, പൊതുജനങ്ങൾ എത്തരുത്. നിയന്ത്രിത അളവിലാണോ സ്‌ഫോടനം നടത്തുന്നത് എന്നത് ജില്ലാ ഭരണകൂടം മിന്നൽ പരിശോധനയിലൂടെ ഉറപ്പു വരുത്തും. അനുമതി ഇല്ലാത്ത സമയത്ത് പാറ പൊട്ടിച്ചാൽ കമ്പനിയുടെ പാറ പൊട്ടിക്കുന്നതിനുള്ള ലൈസൻസ് റദ്ദാക്കാൻ വരെ ജില്ലാ ഭരണകൂടത്തിന് കഴിയുമെന്നും മന്ത്രി കെ.രാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പരീക്ഷണ സ്‌ഫോടനം നിരീക്ഷിച്ചപ്പോൾ അപകടരമായ സ്ഥിതിവിശേഷമില്ലെന്ന് വ്യക്തമായിരുന്നു. ഒന്നാമത്തെ ടണലിനായി പാറകൾ പൊട്ടിച്ചതിന്റെ അനുഭവം ഉള്ളതുകൊണ്ട് ആശങ്കപ്പെടാനില്ല.

സംഗീത
ജില്ലാ ജിയോളജി ഓഫീസർ

Advertisement
Advertisement