ബൈക്കപകടത്തിലല്ല,​ ഈ ജീവനുകൾ പൊലിഞ്ഞത് കാറുകളിടിച്ച് : ദാരുണം,​ക്രൂരം...

Monday 10 January 2022 12:41 AM IST

തെളിവായി സി.സി ടി.വി ദൃശ്യം ലഭിച്ചു

ഇരിട്ടി: കിളിയന്തറയിൽ ശനിയാഴ്ച രാത്രി രണ്ട് യുവാക്കൾ മരിച്ചത് ബൈക്കപകടത്തിൽ പെട്ടതിനാൽ മാത്രമല്ലെന്നതിന്റെ തെളിവായി സി.സി.ടി.വി ദൃശ്യങ്ങൾ. നിയന്ത്രണം തെറ്റി മറിഞ്ഞുവീണ ബൈക്കിൽ നിന്ന് തെറിച്ച ഇരുവരെയും ആദ്യം സ്കോർപ്പിയോ കാർ ഇടിച്ചുതെറിപ്പിക്കുകയും പിന്നാലെ വന്ന വാഗണർ കാർ ശരീരത്തിൽ കയറിയിറങ്ങിപ്പോകുകയും ചെയ്തിട്ടുണ്ടെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് തെളിയിുന്നത്.

അപകടം നടന്ന പാതയോരത്തെ ഒരു വീട്ടിലെ സി.സി ടി.വി യിലാണ് ബൈക്കപകടത്തിന്റെയും പിന്നാലെ രണ്ട് വാഹനങ്ങൾ ഇടിച്ചുതെറിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പതിഞ്ഞത്. കിളിയന്തറ 32ാം മൈൽ സ്വദേശി തൈക്കാട്ടിൽ അനീഷ് (28), വളവുപാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇരിട്ടി കൂട്ടുപുഴ അന്തർ സംസ്ഥാന പാതയിൽ കിളിയന്തറ ചെക്ക് പോസ്റ്റിന് സമീപത്തായി രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.

ഇരുവരുടേയും ശരീരത്തിൽ രണ്ടാമത് കയറിയിറങ്ങിയ വാഗണർ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ ആദ്യം കടന്നുപോയ സ്‌കോർപ്പിയോ കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. സി.സി ടി.വി ദൃശ്യങ്ങൾ ലഭിക്കുന്നത് വരെ അപകടത്തേയും മരണത്തെയും കുറിച്ച് നിരവധി സംശയങ്ങൾ നിലനിന്നിരുന്നു. ബൈക്ക് കാറിൽ ഇടിച്ചത്തിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ബൈക്കിൽ ഒരു പോറൽ പോലും ഏറ്റിട്ടില്ല. അതെ സമയം വാഗണർ കാറിന്റെ മുൻഭാഗം തകർന്ന നിലയിലുമാണ്.

ദുരന്തത്തിലേക്ക് നയിച്ചതിൽ കൂരിരുട്ടും
അതേസമയം ഈ ഭാഗത്തെ തെരുവുവിളക്കുകളൊന്നും കത്താത്തതും പ്രദേശത്തെ കൂരിരുട്ടും അപകടത്തിന്റെ ആഴം കൂടിയതായി നാട്ടുകാർ പരാതിപ്പെടുന്നു. കെ.എസ്.ടി.പി റോഡ് പുനർ നിർമ്മാണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഈ ഭാഗത്തെ സോളാർ ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങളായി. ഇതിനെതിരെ പരാതി നൽകിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

മൃതദേഹങ്ങൾ സംസ്കരിച്ചു
പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം സന്ധ്യയോടെ ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിച്ചു. അനീഷിന്റെ മൃതദേഹം മുണ്ടയാംപറമ്പ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ സംസ്‌കരിച്ചു. അസീസിന്റെ മൃതദേഹം വള്ളിത്തോട് ജുമാസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി.

ദൃശ്യം ഒന്നിൽ

കൂട്ടുപുഴ ഭാഗത്തുനിന്നും എത്തിയ ഇവരുടെ ബൈക്ക് റോഡിൽ പൊടുന്നനെ നിൽക്കുന്നതും തിരിക്കാൻ ശ്രമിക്കുന്നതിനിടെ റോഡിൽ മറിഞ്ഞു വീഴുന്നതും

ദൃശ്യം രണ്ടിൽ

ഇരുവരും എഴുന്നേൽക്കാൻ ശ്രമിക്കുന്നു. ഇതിനിടെ കൂട്ടുപുഴ ഭാഗത്തേക്ക് അമിതവേഗതയിൽ പോവുകയായിരുന്ന ഒരു സ്‌കോർപ്പിയോ വാഹനം രണ്ടുപേരെയും ഇടിച്ചു തെറിപ്പിച്ചു.

ദൃശ്യം മൂന്നിൽ

കുറച്ചുസമയത്തിന് ശേഷം ഒരു വാഗണർ കാർ ഇതുവഴി എത്തുന്നു.ഇരുവരുടേയും ശരീരത്തിലൂടെ കയറി ഇറങ്ങിപ്പോകുന്നു.

Advertisement
Advertisement