കണ്ടാൽ മനുഷ്യന്റെ രൂപം ,​ ഇതൊരു വെറൈറ്റി നഗരം

Monday 10 January 2022 1:36 AM IST

പാരിസ് : പലതരം ഷേപ്പിലുള്ള നഗരങ്ങളേയും രാജ്യങ്ങളേയും ദ്വീപുകളേയും പറ്റി നാം കേട്ടിട്ടുണ്ട്. എന്നാൽ മനുഷ്യന്റെ രൂപമുള്ള നഗരമുണ്ടാകുമോ ഈ ലോകത്ത്.എന്നാൽ ഉണ്ടെന്നു തന്നെ കൂട്ടിക്കോ. ഇവിടെയൊന്നുമല്ല,​ അങ്ങ് ഇറ്റലിയിൽ. ഇറ്റലിയിലെ പുരാതന നഗരമായ സെഞ്ച്വറിപ്പാണ് മനുഷ്യ രൂപത്തിലുള്ള നഗരം എന്നറിയപ്പെടുന്നത്.സിസിലി ദ്വീപിനോട് ചേർന്നാണ് സെഞ്ച്വറിപ്പ് നഗരം സ്ഥിതി ചെയ്യുന്നത്. കുന്നുകളാൽ ചുറ്റപ്പെട്ട ഈ നഗരത്തിൽ ഏകദേശം 5000ത്തിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്.

ഈ നഗരത്തിന്റെ അതിർത്തികളായ അഞ്ചുപോയന്റുകൾ ഡ്രോണിന്റെ സഹായത്തോടെ പകർത്തിയ ചിത്രങ്ങൾ നോക്കിയാൽ ,​ കൈകാലുകൾ നിവർത്തി വച്ച് തലയെടുപ്പോടെ നിൽക്കുന്ന മനുഷ്യ രൂപം വ്യക്തമായി കാണാം.നിരവധി ചിത്രങ്ങൾ കൂട്ടിച്ചേർത്താണ് നഗരത്തിന്റെ പൂർണരൂപം ഫോട്ടോഗ്രാഫർ പകർത്തിയത്. ഡ്രോൺ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്ന പിയോ ആഡ്രിയ പെരിയെന്ന 32കാരനാണ് ഗൂഗിൾ എർത്തിൽ ആദ്യമായി നഗരത്തിന്റെ രൂപം മനുഷ്യന്റേത് പോലെയാണെന്ന് തിരിച്ചറിഞ്ഞത്.

കൈകാലുകൾ പോലെ വ്യത്യസ്ത ദിശയിലേക്ക് നീണ്ടുനിൽക്കുന്ന നാല് പോയിന്റുകളും തലപോലെ തോന്നിക്കുന്ന നഗരത്തിന്റെ ഭാഗവും ചിത്രത്തിൽ കാണാം. പിന്നീട് പിയോ സെഞ്ച്വറിപ്പിന് മുകളിലൂടെ ഡ്രോൺ പറത്തി കൂടുതൽ വ്യക്തമായ ചിത്രങ്ങൾ പകർത്തി. വളരെ പ്രയാസമേറിയ ജോലിയായിരുന്നു ഇതെന്നും ഡ്രോൺ പറത്താനുള്ള ഉയര പരിമിതി മൂലം പല തവണ ശ്രമിച്ചതിന് ശേഷമാണ് വ്യക്തമായ ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞതെന്നും പിയോ പറഞ്ഞു. പി്ന്നീട്

ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോൾ പിയോ ചിത്രത്തിൽ കൃത്രിമം കാട്ടിയാണ് ഈ രൂപം നിർമിച്ചതെന്ന് പലരും ആരോപിച്ചു. എന്നാൽ ഗൂഗ്ൾ എർത്തിൽ ചിത്രങ്ങൾ കണ്ടതോടെ ഏവരുടേയും സംശയം മാറിയെന്നും നഗരത്തിൽ ഈ ചിത്രങ്ങളുട പ്രദർശനം നടത്താൻ ഉദ്ദേശിക്കുന്നുവെന്നും പിയോ പറഞ്ഞു.

Advertisement
Advertisement