ചുവപ്പിൽ മുങ്ങി കോട്ടയം : സി.പി.എം ജില്ലാ സമ്മേളനം 13 മുതൽ 15വരെ

Tuesday 11 January 2022 12:32 AM IST

കോട്ടയം : സി.പി.എം ജില്ലാ സമ്മേളനം 13, 14, 15 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുമെന്ന് ജില്ലാ സെക്രട്ടറി എ.വി.റസൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പതാക - കൊടിമര ജാഥകൾ നാളെ വൈകിട്ട് നാലിന് ജില്ലാ ആശുപത്രിയ്ക്ക് സമീപം കേന്ദ്രീകരിച്ച് പ്രകടനമായി തിരുനക്കര മൈതാനത്ത് എത്തും. വൈകിട്ട് 5 ന് പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് സ്വാഗതസംഘം ചെയർമാൻ അഡ്വ.കെ. സുരേഷ്‌കുറുപ്പ് പതാക ഉയർത്തും. തുടർന്ന് ജില്ലയിലെ വിവിധ സമരങ്ങളുടെ ചരിത്രാവതരണമായ 'സമരസാക്ഷ്യം' നടക്കും. കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.13 ന് മാമ്മൻമാപ്പിള ഹാളിൽ പ്രതിനിധി സമ്മേളനം സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. എ.വിജയരാഘവൻ, വൈക്കം വിശ്വൻ, ഡോ.ടി.എം തോമസ് ഐസക്, പി.കെ.ശ്രീമതി, എം.സി.ജോസഫൈൻ, എളമരം കരീം, എം.എം.മണി, കെ.ജെ.തോമസ്, പി.രാജീവ്, വി.എൻ.വാസവൻ എന്നിവർ പങ്കെടുക്കും.

ഇന്ന് വൈകിട്ട് അഞ്ചിന് പഴയ പൊലീസ് സ്‌റ്റേഷൻ മൈതാനത്ത് നടക്കുന്ന സാംസ്‌കാരിക സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 13 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ധനവിചാര സദസ് ഡോ.ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജോസ് കെ മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. 14ന് വൈകിട്ട് അഞ്ചിന് 'മതരാഷ്ട്രീയവും ഇന്ത്യയുടെ ഭാവിയും' എന്ന വിഷയത്തിലുള്ള സെമിനാർ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. 15 ന് വൈകിട്ട് അഞ്ചിന് തിരുനക്കര മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയേറ്റ് അഗങ്ങളായ ടി.ആർ.രഘുനാഥൻ കെ.എം.രാധാകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Advertisement
Advertisement