പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനും നിതീഷ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചു; ബീഹാറിൽ തിരിച്ചറിയാത്ത വകഭേദം കണ്ടെത്തി

Monday 10 January 2022 8:30 PM IST

പട്ന: ഇതുവരെ തിരിച്ചറിയാത്ത പുതിയൊരുതരം കൊവിഡ് വകഭേദം ബീഹാറിൽ കണ്ടെത്തി. ബീഹാറിലെ ഇന്ദിരാ ഗാന്ധി ഇൻസ്‌റ്റി‌റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പരിശോധിച്ച 32 സാമ്പിളുകളിൽ ഒന്നിലാണ് ഇതുവരെ തിരിച്ചറിയാത്ത വകഭേദം ലഭിച്ചത്. 27 സാമ്പിളുകൾ വലിയ വകഭേദം സംഭവിച്ച ഒമിക്രോൺ വകഭേദമാണെന്നാണ് കണ്ടെത്തിയത്. നാലെണ്ണം ഡെൽറ്റാ വകഭേദവും. ഒരെണ്ണം ഇതുവരെ കാണാത്ത തരമാണെന്നാണ് കണ്ടെത്തിയത്.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ശക്തിപ്പെടുന്ന ലക്ഷണമാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്നത്. 5022 പുതിയ കേസുകളാണ് ബീഹാറിൽ റിപ്പോർട്ട് ചെയ്‌തത്. ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരണമടഞ്ഞതോടെ 12,101 മരണങ്ങളാണ് സംസ്ഥാനത്തുണ്ടായത്. ഇതോടെ ബീഹാറിലെ ആക്ടീവ് കൊവിഡ് കേസുകൾ 16,898 ആയി ഉയർന്നു.

ഇതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. നിലവിൽ വീട്ടിൽ ഐസൊലേഷനിലാണ് താനെന്ന് രാജ്‌നാഥ് സിംഗ് ട്വി‌റ്ററിൽ അറിയിച്ചു. ഡോക്‌ടർമാരുടെ നിർദ്ദേശപ്രകാരം നിതീഷ് കുമാറും ഹോം ഐസൊലേഷനിൽ പ്രവേശിച്ചു. മുൻപ് മുഖ്യമന്ത്രിയുടെ സ്‌‌റ്രാഫിലെ 30 പേ‌ർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Advertisement
Advertisement