ധീരജിന് വീടിനോട് ചേർന്ന് അന്ത്യവിശ്രമം,​ സ്ഥലം വിലയ്ക്ക് വാങ്ങി സിപിഎം,​ സ്മാരകം നിർമ്മിക്കും

Monday 10 January 2022 10:40 PM IST

തിരുവനന്തപുരം : ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കൊലക്കത്തിക്കിരയായ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന് വീടിനോട് ചേര്‍ന്ന് അന്ത്യവിശ്രമം ഒരുക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സി.പി.എം വിലയ്ക്ക് വാങ്ങി. ഇവിടെയായിരിക്കും ധീരജിന്റെ മൃതദേഹം സംസ്‌കരിക്കുന്നത്,​ ഈ സ്ഥലത്ത് ധീരജിന് സ്മാരകം നിര്‍മിക്കാനാണ് സി.പി.എം തീരുമാനം. കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ നാല് മണിക്ക് ശേഷം തളിപ്പറമ്പിൽ സി.പി.എം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. .

അതേസമയം, ധീരജിനെ കൊന്നത് താന്‍ തന്നെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി സമ്മതിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് ധീരജിനെ കുത്തിയത് താന്‍ ആണെന്ന് നിഖില്‍ സമ്മതിച്ചത്. നിഖില്‍ അടക്കം ആറ് പേരാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. ഇവര്‍ കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകരാണ്.

കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജീനിയറിംഗ് എഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയാണ് തളിപ്പറമ്പ് പാല്‍കുളങ്ങര രാജേന്ദ്രന്റെയും പുഷ്‌പകലയുടെയും മകന്‍ ധീരജ്. അനുജൻ അദ്വൈത് തളിപ്പറമ്പ് സർ സയ്യിദ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. ധീരജിൻറെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ രാവിലെ വിലാപയാത്രായി സ്വദേശത്തേക്ക് കൊണ്ടു പോകും. വിവിധ സ്ഥലങ്ങളിൽ പൊതു ദർശനമുണ്ടാകും.