വളക്ഷാമവും വിലക്കയറ്റവും : വലഞ്ഞ് പഴം- പച്ചക്കറി കർഷകർ

Monday 10 January 2022 10:58 PM IST

തൃശൂർ : വളങ്ങളുടെ ലഭ്യതക്കുറവും വിലക്കയറ്റവും മൂലം പഴം-പച്ചക്കറി മേഖലയിലെ കർഷകർ വലയുന്നു. കൂനിന്മേൽ കുരുവായി കാലാവസ്ഥാ വ്യതിയാനവും വന്യമൃഗങ്ങളുടെ ശല്യവും നെൽക്കർഷകർക്ക് മാത്രം സംരക്ഷണം നൽകുന്ന സർക്കാർ നയങ്ങളും മാറുന്നുവെന്നും കർഷകർ പരാതിപ്പെടുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ വളങ്ങൾക്ക് ഇരട്ടിയിലേറെ രൂപയുടെ വിലയാണ് ഉയർന്നത്. വളങ്ങളിൽ യൂറിയ, പൊട്ടാഷ് എന്നിവയ്ക്കാണ് ക്ഷാമം കൂടുതൽ. അമ്പത് കിലോ പൊട്ടാഷിന് ഒരു വർഷം മുമ്പ് 850 രൂപയുണ്ടായിരുന്നത് ഇപ്പോൾ 1,700 രൂപയാണ്. ഇവയുടെ ക്ഷാമം മൂലം വേണ്ടത്ര ഉത്പാദനക്ഷമത കൈവരിക്കാനാകുന്നുമില്ല. കാലാവസ്ഥ വ്യതിയാനം മൂലം കാലം തെറ്റിയാണ് വിളവെടുപ്പ്. കാട്ടുപന്നികൾ, കാട്ടാനകൾ എന്നിവയാണ് മുൻകാലങ്ങളിൽ കൂടുതൽ ഭീഷണിയെങ്കിൽ കാടിറങ്ങി കൂട്ടത്തോടെയെത്തുന്ന മയിലുകൾ കർഷകർക്ക് വലിയ നാശമാണ് വരുത്തുന്നത്. വിത്തിട്ട് മുള വരുമ്പോൾ തന്നെ ഇവ നശിപ്പിക്കും.

വില കയറിയിട്ടും കർഷകന് ഗുണമില്ല

രണ്ടാഴ്ച മുമ്പ് വരെ പച്ചക്കറികൾക്ക് രൂക്ഷമായ വിലക്കയറ്റമുണ്ടായെങ്കിലും അതിന്റെ ഗുണഫലം കർഷകർക്ക് ലഭിച്ചില്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഇടനിലക്കാരാണ് നേട്ടം കൊയ്തതെന്നും ഇവർ പറയുന്നു. കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ സർക്കാരിന്റെ കീഴിലുള്ള വിപണന കേന്ദ്രങ്ങളിലെത്തിച്ചാണ് വിൽപ്പന നടത്തുന്നതെങ്കിലും പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല.

കളക്ടറേറ്റ് ധർണ്ണ

വളങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുക, വിലക്കയറ്റം പിൻവലിക്കുക, വന്യമൃഗങ്ങളുടെ ശല്യം തടയാൻ നടപടിയെടുക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 12 ന് സ്വാശ്രയ കർഷക സ്വതന്ത്ര യൂണിയന്റെ നേതൃത്വത്തിൽ രാവിലെ 10.30 ന് കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ. സുബ്രഹ്മണ്യൻ, എസ്.കെ. സത്താർ, സി.എ. ശിവൻ, ടി.രാംകുമാർ, ടി.എം. ദിവാകരൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.


വളങ്ങളുടെ നിലവിലെ വിലയും

(ബ്രാക്കറ്റിൽ കഴിഞ്ഞ വർഷത്തേത്)


പൊട്ടാഷ് 50 കിലോ 1700 (850)
യൂറിയ 650 (450)
ചാണക പൊടി (35 കില) 230 (140)
ആട്ടിൻ കാഷ്ടം 260 (150)

50 കോടിയുടെ നഷ്ടം

നെൽക്കൃഷി ഒഴിച്ച് മറ്റ് കാർഷിക മേഖലയിലെ നഷ്ടം 50 കോടിയിലേറെ

കാലവർഷക്കെടുതി, വരൾച്ച, വന്യമൃഗശല്യം എന്നിവ കാരണങ്ങൾ

നേന്ത്രവാഴക്കൃഷിയിലേത് 41.57 കോടി

പച്ചക്കറികൾക്ക് 79.43 ലക്ഷം

Advertisement
Advertisement