നിർബന്ധിത ക്വാറന്റൈൻ പീഡനമെന്ന് പ്രവാസികൾ

Tuesday 11 January 2022 12:39 AM IST

ആലപ്പുഴ: രണ്ട് ഡോസ് വാക്സിനും, ബൂസ്റ്റർ ഡോസും, 48 മണിക്കൂറിനുള്ളിൽ രണ്ട് റാപ്പിഡ് ടെസ്റ്റും നടത്തി നെഗറ്റീവായാലും ഒരാഴ്ച നിർബന്ധിത ക്വാറന്റൈൻ വേണമെന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ നിർദേശം വെല്ലുവിളിയാകുന്നതായി പ്രവാസികൾ.

കുറഞ്ഞ ദിവസത്തെ അവധിക്ക് നാട്ടിലെത്തുന്നവർക്കാണ് ഇത്തരം നിബന്ധന ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതോടെ അവധി റദ്ദാക്കി നാട്ടിലേക്കുള്ള വരവ് വേണ്ടെന്ന് വയ്ക്കുന്നവരുടെ എണ്ണം വർദ്ധിച്ചതായി പ്രവാസി സംഘടനകൾ പറയുന്നു. മൂന്നാം തരംഗം ആരംഭിച്ചതിനാൽ തിരിച്ചുപോക്ക് സാദ്ധ്യമാകുമോയെന്ന ആശങ്കയും പിന്നോട്ട് വലിക്കുകയാണ്.

അടിയന്തര ആവശ്യങ്ങളുള്ളവർ മാത്രമാണ് യാത്രയ്ക്ക് തയ്യാറാകുന്നത്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായാൽ യാത്രാവിലക്ക് വന്നേക്കുമെന്ന ഭയവും പ്രവാസികൾക്കുണ്ട്. കഴിഞ്ഞ തരംഗ കാലത്ത് അത്യാവശ്യങ്ങൾക്ക് നാട്ടിലെത്തിയ പലർക്കും തിരിച്ചുപോക്ക് സാദ്ധ്യമാകാതെ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങൾ ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തിയതോടെ, അർമേനിയ, ഉസ്ബെക്കിസ്താൻ തുടങ്ങിയ രാജ്യങ്ങൾ വഴി വലിയ തുക ചെലവഴിച്ചാണ് പലരും ജോലി സ്ഥലത്ത് തിരിച്ചെത്തിയത്.

ഒരേ പരിശോധന, വിവിധ നിരക്ക്

1. വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന് 48 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

2. ഫ്ലൈറ്റിൽ കയറുന്നതിന് മുമ്പ് വിമാനത്താവളത്തിൽ റാപ്പിഡ് ടെസ്റ്റ് നടത്തി നെഗറ്റീവെന്ന് സ്ഥിരീകരിക്കണം

3. 500 രൂപയുടെ ടെസ്റ്റിന് എയർപ്പോർട്ടിനുള്ളിൽ നിരക്ക് അഞ്ചിരട്ടി ഉയരും

4. പല വിമാനത്താവളങ്ങളിലും വിവിധ നിരക്കാണ് ഈടാക്കുന്നത്

5. പത്ത് മിനിട്ടിൽ താഴെ സമയമെടുത്ത് നൽകുന്ന ഫലം തെറ്റാണെന്നും പരാതിയുണ്ട്

റാപ്പിഡ് ടെസ്റ്റ് നിരക്ക്

തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളം ₹ 2490

മറ്റ് വിമാനത്താവളങ്ങൾ ₹ 1790

പുറത്തുള്ള ലാബ് ₹ 500

""

വിമാനത്താവളങ്ങളിലെ റാപ്പിഡ് പരിശോധനയിലെ കള്ളക്കളി തടയാനും, നിരക്ക് ഏകീകരണത്തിനും പ്രവാസി കമ്മിഷന് പരാതി നൽകി. അടിയന്തര പ്രശ്നപരിഹാരമുണ്ടാവണം.

ദിനേശ് ചന്ദന, പ്രവാസി കോൺഗ്രസ്

""

നിബന്ധനകൾ കർശനമാക്കിയതോടെ, പലരും നാട്ടിലേക്ക് വരാൻ മടിക്കുകയാണ്. നെഗറ്റീവെന്ന് തുടർച്ചയായ ടെസ്റ്റുകളിൽ വ്യക്തമായിട്ടും കർശന നിബന്ധന തുടരരുത്. സർക്കാർ ഇടപെടണം.

ബി. അൻസാരി, ജില്ലാ സെക്രട്ടറി, പ്രവാസി ഫെഡറേഷൻ

Advertisement
Advertisement