പുതുവഴി വെട്ടി കുതിരാൻ

Tuesday 11 January 2022 2:11 AM IST

ദക്ഷിണേന്ത്യയിലെ തന്നെ ശ്രദ്ധേയമായ ഒരു തുരങ്കപ്പാത പരിപൂർണമായ വിജയത്തിലേക്ക് കുതിക്കുകയാണ്. കുതിരാനിൽ ഒരു ‌ടണൽ തുറന്ന് ഒരു വർഷം തികയും മുമ്പേ അടുത്ത ടണലും തുറക്കുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. രണ്ടാം ടണലിലേക്കുളള വഴി തുറക്കാൻ പാറപൊട്ടിക്കൽ നടക്കുകയാണിപ്പോൾ. തുടക്കം മുതൽ അന്ത്യഘട്ടം വരെ വളരെ ക്ളേശകരമായിരുന്നു ഈ ടണൽ നിർമ്മാണം. നിരവധി ആക്ഷേപങ്ങൾക്കും അനാസ്ഥകൾക്കും കുതിരാൻപാത സാക്ഷിയായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളും രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും കുറേനാൾ കരിനിഴലിലും പിന്നെ വെള്ളിവെളിച്ചത്തിലുമായി. കരാർ കമ്പനിയും ദേശീയപാത അതോറിട്ടിയും നിരവധി തവണ കറുത്തനിഴലിലായി. എല്ലാം കലങ്ങിത്തെളിയുകയാണ്. മൂന്ന് മാസത്തിനുളളിൽ രണ്ടാം ടണലും തുറന്നാൽ അത് ചരിത്രമാകും. ദക്ഷിണേന്ത്യൻ റോഡ് ഗതാഗതത്തിൽ നിർണായകപാഠമാകും.

രണ്ടാം ടണലിലേക്ക് വഴിതുറക്കാൻ തുടർച്ചയായി പാറപൊട്ടിക്കുമ്പോൾ കുതിരാനിൽ രാത്രികാലങ്ങളിൽ ഗതാഗതക്കുരുക്ക് മുറുകുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. അതേസമയം ഗതാഗതക്കുരുക്കും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങളും ഇല്ലാതെ പാറപൊട്ടിക്കൽ തുടരാനുളള തീവ്രയജ്ഞത്തിലാണ് അധികൃതർ. അവധി ദിവസങ്ങളിൽ വൈകിട്ട് അഞ്ച് മുതൽ രാത്രി പത്ത് വരെ കുരുക്ക് തുടരുന്നുണ്ട്. ചില ദിവസം കിഴക്ക്ഭാഗത്ത് വാഹനങ്ങളുടെ നിര ചുവന്നമണ്ണ് വരെ നീണ്ടു. ടണലിൽ നിന്നുള്ള റോഡ് നിർമ്മാണത്തിനായി സ്‌ഫോടനം നടക്കുന്ന സമയത്തും വാഹനം നിയന്ത്രിച്ചിരുന്നു. കിഴക്ക്ഭാഗത്തേക്ക് രണ്ട് ട്രാക്കുകളിലൂടെയും പടിഞ്ഞാറ് ഒരു ട്രാക്കിലൂടെയുമാണ് ഗതാഗതം ക്രമീകരിച്ചത്. അതേസമയം, ഈ ആഴ്ച മുതൽ ദിവസവും മൂന്ന് സ്‌ഫോടനം നടത്താനാണ് തീരുമാനം.
പരീക്ഷണ സ്‌ഫോടനം വിജയകരമായിരുന്നു. രാവിലെ ആറിനും ഏഴിനും ഇടയിലും ഉച്ചയ്ക്ക് 12 നും ഒന്നിനും ഇടയിലുമാണ് സ്‌ഫോടനം നടക്കുന്നത്. ഉച്ചയ്ക്ക് ശേഷമോ രാത്രിയോ സ്‌ഫോടനം നടത്താനുളള അനുമതിയും തേടിയിട്ടുണ്ട്. ജനപ്രതിനിധികൾ, സമീപവാസികൾ എന്നിവരുമായി ചർച്ച ചെയ്താണ് സമയക്രമം തീരുമാനിച്ചത്. ഒന്നാമത്തെ ടണൽ നിർമ്മിച്ചപ്പോൾ പാറപൊട്ടിച്ച ശേഷം സമീപത്തെ വീടുകൾക്ക് കേടുപാട് പറ്റിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം നാട്ടുകാരും ജനപ്രതിനിധികളും ജില്ലാ കളക്ടർ അടക്കമുള്ളവരെ അറിയിച്ചിരുന്നു. അതുകൊണ്ട് ഇത്തവണ കൂടുതൽ കരുതലോടെയാണ് പാറപൊട്ടിക്കൽ.

ജില്ലയിലെ ക്വാറികളിൽ കാണുന്ന പാറകൾ തന്നെയാണ് കുതിരാനിലുമുള്ളതെന്നാണ് ജിയോളജി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതുകൊണ്ട് ശക്തിയേറിയ സ്‌ഫോടനങ്ങളുടെ ആവശ്യമില്ല. റോഡിന് അനുയോജ്യമാകുന്ന തരത്തിലാണ് പൊട്ടിക്കൽ നടത്തുന്നത്. ക്വാറി ഖനനം പോലെ അശാസ്ത്രീയമായ പൊട്ടിക്കൽ ഉണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എന്തായാലും വരുംദിവസങ്ങളിൽ മിന്നൽ പരിശോധനയിലൂടെ അധികൃതർ സ്‌ഫോടനം നിരീക്ഷിക്കും.

പാറപൊട്ടിക്കൽ പൂർത്തിയാക്കുന്നത് 40 ദിവസം കൊണ്ടാണ്. പ്രതിദിനസ്‌ഫോടനം മൂന്നുവീതമുണ്ടാകും. പാറപൊട്ടിച്ചാൽ
പഴയ റോഡ് ഉയരുന്നത് 30 അടിയിലേക്കാകും.

ശ്രദ്ധ തുടരണം


സമീപവാസികളുടെ പ്രതിനിധികൾക്ക് സ്‌ഫോടന സമയത്ത് അത് കാണാൻ അനുമതിയുണ്ട്. എന്നാൽ, പൊതുജനങ്ങൾ എത്തരുത്. നിയന്ത്രിത അളവിലാണോ സ്‌ഫോടനം നടത്തുന്നത് എന്നത് ജില്ലാ ഭരണകൂടം മിന്നൽ പരിശോധനയിലൂടെ ഉറപ്പു വരുത്തും. അനുമതി ഇല്ലാത്ത സമയത്ത് പാറപൊട്ടിച്ചാൽ കമ്പനിയുടെ പാറ പൊട്ടിക്കുന്നതിനുള്ള ലൈസൻസ് റദ്ദാക്കാൻ വരെ ജില്ലാ ഭരണകൂടത്തിന് കഴിയുമെന്നും മന്ത്രി കെ.രാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരീക്ഷണ സ്‌ഫോടനം നിരീക്ഷിച്ചപ്പോൾ അപകടരമായ സ്ഥിതിവിശേഷമില്ലെന്ന് വ്യക്തമായിരുന്നു. ഒന്നാമത്തെ ടണലിനായി പാറകൾ പൊട്ടിച്ചതിന്റെ അനുഭവം ഉള്ളതുകൊണ്ട് ആശങ്കപ്പെടാനില്ലെന്നാണ് ജില്ലാ ജിയോളജി ഓഫീസർ സംഗീത വ്യക്തമാക്കുന്നത്.

കുതിരാനില്‍ സ്‌ഫോടകവസ്തു ഉപയോഗിച്ചുള്ള പാറപൊട്ടിക്കല്‍ പരീക്ഷണം വിജയകരമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ദേശീയപാതയില്‍ കുതിരാന്‍മലയ്ക്ക് പടിഞ്ഞാറ് മൂന്ന് കിലോമീറ്റര്‍ ദൂരം ഗതാഗതം നിയന്ത്രിച്ചായിരുന്നു പാറ പൊട്ടിക്കല്‍. ഏപ്രില്‍ മാസത്തോടെ ടണല്‍പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിനും എന്‍.എച്ച് അതോറ്റിക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‌കിയിരിക്കുന്നത്.

കൂറ്റൻ തൂണുകൾ

രണ്ടാം ടണലില്‍ മുകളില്‍നിന്നും പാറ അടര്‍ന്ന് വീണ ഭാഗം പ്രത്യേകം ബലപ്പെടുത്താൻ നിര്‍മ്മിച്ച കൂറ്റന്‍തൂണുകള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. രണ്ടടി വീതിയും 14 അടി ഉയരവുമുള്ള കോണ്‍ക്രീറ്റ് തൂണുകളാണ് നിര്‍മ്മിച്ചത്. ടണലില്‍ ഈ ഭാഗത്ത് മാത്രമാണ് തൂണുകളുള്ളത്. രണ്ടാമത്തെ ഇടനാഴി ടണലിന്റെ പ്രവേശന കവാടത്തിനരികിലാണ് പ്രത്യേക നിര്‍മ്മാണം. രണ്ടുവര്‍ഷം മുന്‍പ് തുരങ്ക നിര്‍മാണത്തിന്റെ പാറപൊട്ടിക്കല്‍ പൂര്‍ത്തിയായതിന് ശേഷം മുകള്‍ഭാഗത്തു നിന്ന് കല്ലുകള്‍അടര്‍ന്നു വീണത് ആശങ്ക ഉയര്‍ത്തിയിരുന്നു. ഇടനാഴി ടണലിന്റെ പ്രവേശന കവാടമായതിനാല്‍ ഈ ഭാഗത്ത് ഗാന്‍ട്രി കോണ്‍ക്രീറ്റിംഗ് നടത്താനാവില്ല. ഇതിന് പകരമാണ് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചത്. ഷോര്‍ട്ട് കോണ്‍ക്രീറ്റിംഗ് നടത്തിയാണ് ബലപ്പെടുത്തല്‍.

കുതിരാനിലെ രണ്ടാം ടണലില്‍ ഫയര്‍ ഫോഴ്‌സ് നടത്തിയ സുരക്ഷാ പരിശോധന വിജയമായിരുന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അഗ്‌നിശമന ഉപകരണങ്ങളുടെ പ്രവര്‍ത്തനക്ഷമത തൃപ്തികരമാണെന്നും അതിവേഗത്തില്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അധികൃതർ അറിയിച്ചു.

ഒന്നാം ടണലിനെപ്പോലെ വെള്ളം വിതരണം ചെയ്യുന്നതിനായി രണ്ട് ഇലക്ട്രിക് പമ്പുകള്‍, ഒരു ഡീസല്‍ പമ്പ്, 21 ഹൈഡ്രന്റ് പോയിന്റുകള്‍, ഓരോ ഹൈഡ്രന്റ് പോയിന്റുകള്‍ക്കുമൊപ്പം ഹോസ് റീലുകള്‍, ആവശ്യമായ വെള്ളം സംഭരിക്കാനായി രണ്ട് ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക്, 70 ഫയര്‍ എക്സ്റ്റിംഗ്വിഷറുകള്‍ എന്നിവയെല്ലാം സജ്ജമാക്കി.

അടിയന്തരഘട്ടങ്ങളില്‍ വാഹനം കടത്തിവിടാൻ രണ്ടാംടണലും പൂര്‍ണസജ്ജമാണെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ അവകാശപ്പെടുന്നത്. ഒന്നാം ടണല്‍ തുറന്ന് കൊടുക്കുന്നതിന് മുന്‍പ് ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ടണലിലൂടെ പൊലീസ് ഗതാഗതം അനുവദിച്ചിരുന്നു. ഇത് പിന്നീട് ആക്ഷേപങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Advertisement
Advertisement