വിടരും മുമ്പെ കൊഴിഞ്ഞ് ധീരജ്; കണ്ണീർക്കടലിലേറ്റുവാങ്ങി നാട്

Tuesday 11 January 2022 8:48 PM IST
ആശ്വസിപ്പിക്കാനാകാതെ ...കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ തളിപ്പറമ്പിലെ വീട്ടിലെത്തിയ മന്ത്രി എം.വി ഗോവിന്ദൻ , സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു എന്നിവർ ധിരജിന്റെ അമ്മ കലയുടെ മുറിയിൽ

കണ്ണൂർ: നാലുമാസം കഴിഞ്ഞാൽ എൻജിനീയറായി പല പല ജീവിതദൗത്യങ്ങളിലേക്ക് ഇറങ്ങാൻ ആശിച്ച 21കാരനെ ചേതനയറ്റ നിലയിൽ ഒരു നാട് ഒന്നാകെ ചേർന്ന് ഏറ്റുവാങ്ങുന്ന കാഴ്ച അക്ഷരാർത്ഥത്തിൽ വികാരനിർഭരമായിരുന്നു. വഴിയിലുടനീളം സി.പി.എമ്മിന്റെയും ഇടതുവർഗബഹുജനസംഘടനാപ്രവർത്തകരുടേയും അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിയായിരുന്നു ഇടുക്കിയിൽ നിന്ന് ജന്മനാട്ടിലേക്കുള്ള ധീരജിന്റെ അവസാനയാത്ര. വഴിയിലുടനീളം എസ്.എഫ്.ഐ പ്രവർത്തകർ ബൈക്കുകളിൽ തങ്ങളുടെ സഖാവിനെ അനുഗമിച്ചിരുന്നു.

ഇടുക്കിയിൽ നിന്നു ഉച്ചയോടെ പുറപ്പെട്ട മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്രയ്ക്ക് അണമുറിയാതെയായിരുന്നു അന്ത്യാഭിവാദ്യം. ദേശീയപാതയുടെ ഓരങ്ങളിലും നഗര കേന്ദ്രങ്ങളിലും ധീരജിനെ ഒരു നോക്കു കാണാൻ സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലിയെത്തി.

പോസ്റ്റുമോർട്ടത്തിന് ശേഷം ഇടുക്കി, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, ചാലക്കുടി, തൃശ്ശൂർ, കുന്നംകുളം, എടപ്പാൾ, കോട്ടക്കൽ, തേഞ്ഞിപ്പലം, കോഴിക്കോട്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലെ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര മാഹിയിലെത്തിയത്.

ജില്ലാ അതിർത്തിയായ മാഹി പാലത്ത് നിന്നു ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലുള്ള സി.പി. എം പ്രവർത്തകർ ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.
തലശ്ശേരി, മീത്തലെപീടിക, മുഴപ്പിലങ്ങാട് കുളം ബസാർ, തോട്ടട ഗവ. പോളിടെക്‌നിക്ക്, താഴെചൊവ്വ, കണ്ണൂർ തെക്കി ബസാർ, പുതിയതെരു, പാപ്പിനിശ്ശേരി പഞ്ചായത്ത്, കല്യാശ്ശേരി, ധർമ്മശാല എന്നിവിടങ്ങളിൽ ആബുലൻസിൽ വച്ച് തന്നെ മൃതദേഹം കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നു.

തളിപ്പറമ്പ് കെ. കെ. എൻ പരിയാരം സ്മാരക ഹാളിലും പൊതുദർശനത്തിന് സൗകര്യമുണ്ടാക്കിയിരുന്നു. രാത്രി വൈകിയും ഇവിടെയെല്ലാം സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലിയാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്.സി.പി.എം തളിപ്പറമ്പ് ഏരിയാകമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷമാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

പട്ടപ്പാറയിൽ ധീരജിന്റെ വീടിന് സമീപം സി.പി.എം വാങ്ങിയ സ്ഥലത്താണ് അവസാനചടങ്ങുകൾ നടന്നത്. മന്ത്രി എം.വി.ഗോവിന്ദൻ,​ ജില്ലാസെക്രട്ടറി എം.വി.ജയരാജൻ തുടങ്ങിയ നേതാക്കൾ നേരത്തെ വീട്ടിലെത്തിയിരുന്നു. ധീരജിന്റെ കൊലപാതകത്തിൽ അനുശോചിച്ച് സി.പി. എം ആഹ്വാനം ചെയ്ത ഹർത്താൽ തളിപ്പറമ്പിൽ പൂർണമായിരുന്നു.ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും ഹർത്താലിൽ നിന്നും ഒഴിവാക്കിയിരുന്നു..
വൈകുന്നേരം നാല് മണി മുതലാണ് തളിപ്പറമ്പ് നഗരസഭാ പരിധിയിൽ ഹർത്താൽ തുടങ്ങിയത്. തിങ്കളാഴ്ച രാത്രിയിൽ തളിപ്പറമ്പിൽ അടക്കം കോൺഗ്രസ് ഓഫീസുകൾ ആക്രമിക്കപ്പെട്ട സാഹചര്യത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസിനെ വിന്യസിച്ചിരുന്നു.

Advertisement
Advertisement