പ്രതിദിന കേസുകൾ കുറഞ്ഞു ; ഡൽഹിയിൽ ലോക്ക്‌ഡൗണില്ല

Wednesday 12 January 2022 1:00 AM IST

‌ഡൽഹിയിൽ സ്വകാര്യ ഓഫീസുകൾ അടച്ചിടും

ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് വർദ്ധനയിൽ നേരിയ കുറവ്. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 1,68,063 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 10.64 ശതമാനമാണ് ടി.പി.ആർ. തൊട്ടു മുൻപത്തെ ദിവസം 1,79,723 കേസുകൾ സ്ഥിരീകരിച്ചിരുന്നു. അതേസമയം ഒമിക്രോൺ കേസുകൾ 4,461 ആയി. 1247 കേസുകളുള്ള മഹാരാഷ്‌ട്രയാണ് മുന്നിൽ.

ഡൽഹിയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തില്ലെന്നും എന്നാൽ കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സ്വകാര്യ ഓഫീസുകൾ പൂട്ടി ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം. അവശ്യ സേവനങ്ങൾക്ക് മാത്രമാണ് അനുമതി. ദേശീയ തലസ്ഥാന മേഖലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. അതിൽ ഉറപ്പ് ലഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ കേസുകൾ ഏറ്റവും ഉയരത്തിലെത്തുമെങ്കിലും പിന്നീട് കുറയും - അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബാങ്കുകൾ, സ്വകാര്യ ഇൻഷ്വറൻസ് കമ്പനികൾ, ഫാർമ കമ്പനികൾ, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ, അഭിഭാഷകരുടെ ഓഫീസുകൾ എന്നിവ പ്രവർത്തനം നിറുത്തി ജീവനക്കാരെ പൂർണമായും വർക്ക് ഫ്രം ഹോമിലേക്ക് മാറ്റാനാണ് സർക്കാർ ഉത്തരവ്. തുടർച്ചയായി രണ്ടു ദിവസം പോസിറ്റിവിറ്റി 25 ശതമാനം കടന്നതോടെയാണ് തീരുമാനം. ഇന്നലെ 21,259 കേസുകളും 23 മരണവും റിപ്പോർട്ട് ചെയ്തു. പോസിറ്റിവിറ്റി 25.65 %.

Advertisement
Advertisement