അതിവേഗം ഉരൽ വിഴുങ്ങുമ്പോൾ

Wednesday 12 January 2022 1:00 AM IST

ഉരൽ വിഴുങ്ങുമ്പോൾ ഒരു വിരലെങ്കിലും മറവേണമെന്ന് പറയാറുണ്ട്. പുരയ്‌ക്കു തീപിടിക്കുമ്പോൾ കഴുക്കോലൂരുകയും വാഴവെട്ടുകയും ചെയ്യുന്നവരെക്കുറിച്ചും കേട്ടിട്ടുണ്ട്. കൊവിഡുകാലം ചിലർക്ക് കോഴക്കാലവുമായിരുന്നുവത്രേ. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി. പി.പി.ഇ കിറ്റിനും എ.സിക്കുമെല്ലാം നമ്മൾ വാങ്ങുന്നതിന്റെ പല ഇരട്ടി വില നൽകിയായിരുന്നുവത്രേ സർക്കാർ കച്ചവടമുറപ്പിച്ചത്. ആരോഗ്യവകുപ്പിന്റെ ആസ്ഥാനത്ത് ബന്ധപ്പെട്ട 500 ഫയലുകൾ കാണാനില്ലത്രേ!

പ്രളയ ഫണ്ട് സ്വന്തം അക്കൗണ്ടിലാക്കിയ ഉദ്യോഗസ്ഥരുടെ സ്വന്തം നാട്. കമ്മിഷനില്ലാത്ത ഒരേർപ്പാടിനും വേഗതയില്ല. സൗജന്യ റേഷൻ കിറ്റായാലും റോഡിലെ കുഴിയടക്കലായാലും മദ്യക്കച്ചവടമായാലും സിൽവർ ലൈനായാലും ആനുപാതിക അഴിമതിയിലാണ് നിഷ്‌‌‌കർഷ.

സർവകലാശാലകൾ അഴിമതിയുടെ ഉന്നതശാലകളായിരിക്കുന്നു. ഒരു വിരൽ പോലും മറയില്ലാത്ത ഉരൽ വിഴുങ്ങലാണവിടെ നടക്കുന്നത്. ബി.എ തോറ്റെന്നുവച്ച് വിദ്യാർത്ഥികളെ നിരാശപ്പെടുത്താത്ത സംസ്‌കൃത സർവകലാശാല തന്നെ മുന്നിൽ. തോറ്റവരെയൊക്കെ എം.എ ക്ളാസിലേക്ക് കയറ്റിയിരുത്തി! വിദ്യാഭ്യാസ രംഗത്തെ സംശുദ്ധമാക്കാൻ അഹോരാത്രം കവല പ്രസംഗം നടത്തുകയും സമരം നയിക്കുകയും ചെയ്യുന്ന യുവനേതാക്കളുടെ ഭാര്യമാർക്കെല്ലാം പിൻവാതിലിലൂടെ നിയമനം. പഠിച്ച് റാങ്കു നേടാൻ മിനക്കെടുന്ന പെൺകുട്ടികൾ കരുതിയിരിക്കുക. നേതാക്കന്മാരെ കല്യാണം കഴിക്കുന്നതാണ് ജോലി ഉറപ്പാക്കാനുള്ള എളുപ്പവഴി.

മാലിന്യ നിയന്ത്രണത്തിന് ഒരു ബോർഡുണ്ട്. എക്കാലത്തും അഴിമതിയുടെ അന്തഃപുരമാണത്രെ അത്. പൊതുമരാമത്ത്, രജിസ്ട്രേഷൻ, എക്സൈസ് എന്നിവകളിലേതുപോലെ അഴിമതി ആചാരനിഷ്ഠമാണവിടെ. ഈയിടെ കൈക്കൂലി വാങ്ങി കുടുങ്ങിയ ഒരു എൻജിനിയറുടെ അടുക്കളയിലും അലമാരയിലും നിറയെ നോട്ടുകെട്ടുകളായിരുന്നുവത്രേ.

റെയിൽ - ദേശീയപാത വികസനത്തിലൊന്നും പുരോഗമനവും വികസനവും കുറവായതുകൊണ്ടു മാത്രമല്ല സർക്കാരിന് കെ - റെയിൽ കമ്പം വളരാൻ കാരണം. പൗരപ്രമുഖരുമായി കുശലം പറഞ്ഞിരിക്കുന്ന സമയം ഒരു ദൃശ്യമാദ്ധ്യമം ഉചിതമായി കാണിച്ചതുപോലെ, കൊങ്കൺ റെയിൽവേയും മെട്രോയും നിർമ്മിച്ചു കാണിച്ചുതന്ന ഇ. ശ്രീധരനെപ്പോലുള്ള റെയിൽവേ വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തുകയായിരുന്നു വേണ്ടത്. കശുഅണ്ടിപ്പരിപ്പ് കൊറിച്ച് പ്രിയം പറയുന്നവരെക്കൊണ്ടുള്ള വർത്തമാനം കാര്യമായ പ്രയോജനം ചെയ്‌തെന്നുവരില്ല. വല്ലാർപാടം ടെർമിനലിനുവേണ്ടി നിർമ്മിച്ച റെയിൽപ്പാത പോലെ നോക്കുകുത്തിയായി തുരുമ്പെടുക്കാതിരിക്കാൻ ഒരു മുൻകരുതൽ വേണ്ടിയിരുന്നു. കൊച്ചി നഗരത്തെ മുക്കിക്കൊല്ലാൻ പോന്ന വടുതലബണ്ട് ഹൈക്കോടതി പറഞ്ഞിട്ടും പൊളിച്ചുനീക്കാനായില്ല. കഴിഞ്ഞ 13 വർഷമായി വല്ലാർപാടം പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസം നടന്നിട്ടില്ല. എം.സി റോഡിലും നഗരങ്ങളിലും ട്രാഫിക് ബ്ളോക്കുകൾ പരിഹാരമില്ലാതെ തുടരുന്നു.

കെ-റെയിലിന്റെ തുടക്കം തന്നെ കോപ്പി അടിച്ചുകൊണ്ടാണെന്ന് ശ്രീധരൻ പറയുന്നു. ഡി.എം.ആർ.സി അതിവേഗ റെയിൽവേക്ക് വേണ്ടി നടത്തിയ സോയിൽ - ട്രാഫിക് സർവേകൾ അതേപടി പകർത്തിയിരിക്കുകയാണത്രേ. ജലപ്രവാഹങ്ങളെയും പ്രകൃതിയെയും ജനജീവിതത്തെയും അപകടത്തിലാക്കുമെന്ന് വിദഗ്ദ്ധരും നിഷ്‌പക്ഷമതികളും ആവർത്തിച്ച് പറയുന്നു.

അറിവും അനുഭവവും ഭാവിയെക്കുറിച്ച് ഉത്‌കണ്ഠയുമുള്ള ശ്രീധരനെപ്പോലുള്ളവർ ഇരുകൈകളുമുയർത്തി അരുതേയെന്ന് വിലക്കുമ്പോൾ കെ - റെയിലിനു പകരം അതിവേഗപ്പാതയും, കെ. ഫ്ളൈറ്റും നിർദ്ദേശിക്കപ്പെടുമ്പോൾ, പ്രതിപക്ഷവും ജനപക്ഷവും സാങ്കേതിക വിദഗ്ദ്ധരും ഉയർത്തുന്ന അപായ സൂചനകളെ അവഗണിച്ചുകൊണ്ട് അപായമണി മുഴക്കി ഈ അഴിമതിയുടെ തീവണ്ടി എങ്ങോട്ടാണ് കൂവിപ്പായാൻ തിടുക്കപ്പെടുന്നത്? മഹാഭാരതത്തിന്റെ അവസാന വരികളിൽ ഇരുകൈകളുമുയർത്തി വ്യാസൻ വ്യാകുലപ്പെട്ടതുപോലെ, ഇത്രയൊക്കെ പറഞ്ഞിട്ടും ആരും ശ്രദ്ധിച്ചില്ലല്ലോ എന്ന് കാലം ഖേദിക്കുമോ?

ലേഖകന്റെ ഫോൺ : 9447575156

Advertisement
Advertisement