കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കില്ല: സതീശൻ

Wednesday 12 January 2022 1:30 AM IST

തിരുവനന്തപുരം: ഇടുക്കി പൈനാവ് എൻജിനിയറിംഗ് കോളേജിലുണ്ടായ കൊലപാതകം ദൗർഭാഗ്യകരമാണെന്നും കോൺഗ്രസോ യു.ഡി.എഫോ കൊലപാതക രാഷ്ട്രീയത്തെ ന്യായീകരിക്കില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

പുതിയ കെ.പി.സി.സി പ്രസിഡന്റ് വന്നതിനാലാണ് കൊലപാതകമുണ്ടായതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണ്. കൊലപാതകം കെ. സുധാകരന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ശരിയല്ല.

ഇടുക്കി കൊലപാതകത്തിന്റെ പേരിൽ എറണാകുളം മഹാരാജാസ് കോളേജിലെ ഒരു പെൺകുട്ടി ഉൾപ്പെടെ 11 കെ.എസ്.യു പ്രവർത്തകരാണ് ഗുരുതരമായി ആക്രമിക്കപ്പെട്ടത്. കേരളത്തിലെ കാമ്പസുകളിൽ വ്യാപകമായ ആക്രമണമാണ് എസ്.എഫ്.ഐ നടത്തുന്നത്. കെ.എസ്.യു ആയതുകൊണ്ട് മാത്രം നിരവധി കുട്ടികൾക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നിട്ടുണ്ട്. കാമ്പസുകളിലെ അക്രമം അവസാനിപ്പിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങണം.

കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർക്ക് ക്രിമിനൽ ശൈലി ഇല്ല. കൊല്ലാനും വെട്ടാനും പാർട്ടി ഗ്രാമങ്ങളിൽ പരിശീലനം കൊടുക്കുന്ന പാർട്ടിയാണ് സി.പി.എം. തീവ്രവാദി സംഘടനകളേക്കാൾ ആസൂത്രിതമായാണ് അവരുടെ പ്രവർത്തനം. വാടക ഗുണ്ടകളെ ഉപയോഗിക്കുക, ആയുധവും വാഹനവും നൽകുക, രക്ഷപ്പെടാൻ വഴിയൊരുക്കുക, പ്രതികൾക്ക് അഭയം നൽകാൻ ഏരിയാ കമ്മിറ്റികളെ നിയോഗിക്കുക, കൊലപാതകത്തിൽ പങ്കില്ലാത്തവരെ പ്രതികളാക്കി പ്രത്യുപകാരമായി ബന്ധുക്കൾക്ക് ജോലി നൽകുക എന്നിവയൊക്കെയാണ് സി.പി.എം ചെയ്യുന്നത്.

രാഷ്ട്രീയ കൊലക്കേസ് പ്രതികളെ ജയിലിൽ പോയി കാണുന്നയാളാണ് കോടിയേരി ബാലകൃഷ്ണൻ. അവരുടെ കുടുംബത്തിൽപ്പെട്ടവരെ സഹായിക്കുന്നതും സി.പി.എമ്മാണ്. കാസർകോട് ജില്ലാ ആശുപത്രിയിലെ നിയമനത്തിന് പെരിയ കൊലക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യയ്ക്ക് ഒന്നാം റാങ്കും രണ്ടാം പ്രതിയുടെ ഭാര്യയ്ക്ക് രണ്ടാം റാങ്കും മൂന്നാം പ്രതിയുടെ ഭാര്യയ്ക്ക് മൂന്നാം റാങ്കും നൽകിയത് ഈ സർക്കാരാണ്. കാമ്പസുകളിലെ അതിക്രമം അവസാനിപ്പിക്കാൻ സി.പി.എമ്മാണ് അവരുടെ വിദ്യാർത്ഥി സംഘടനയോട് ആദ്യം പറയേണ്ടത്.

പൊലീസ് നോക്കി നിൽക്കുമ്പോഴാണ് പൈനാവിൽ ആക്രമണമുണ്ടായത്. നൂറ് പേർ ചേർന്ന് ഏഴു പേരെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടു പോകാൻ പൊലീസ് തയ്യാറായില്ലെന്ന ആരോപണവും അന്വേഷിക്കണം. കൊലപാതകത്തിന്റെ പേരിൽ നിരപരാധികളെ അറസ്റ്റു ചെയ്യുന്നു. എസ്.എഫ്.ഐക്കാർ ആക്രമിക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് കോളേജിൽ നിന്ന് മാറി നിന്ന വിദ്യാർത്ഥിയെയും കൊലക്കേസിൽ അറസ്റ്റ് ചെയ്തു. പാർട്ടി കൊടുക്കുന്ന ലിസ്റ്റനുസരിച്ച് നിരപരാധികളെ അറസ്റ്റ് ചെയ്‌താൽ അവരെ സംരക്ഷിക്കാൻ കോൺഗ്രസുണ്ടാകും.

എസ്.ഡി.പി.ഐ സി.പി.എമ്മുകാരെ കൊലപ്പെടുത്തിയിട്ട് കേരളത്തിൽ ഇതുപോലൊരു ബഹളവുമുണ്ടായില്ല. എൻ.കെ. പ്രേമചന്ദ്രനെതിരെ ആക്രമണം നടത്തിയതെന്തിനാണ്. അങ്ങനെ ഭയപ്പെടുത്തി വീട്ടിലിരുത്താമെന്ന് കരുതേണ്ടെന്നും സതീശൻ പറഞ്ഞു.

Advertisement
Advertisement