റേഷൻ സെർവർ മാത്രം എന്താ ഇങ്ങനെ?

Thursday 13 January 2022 12:00 AM IST

സെർവർ തകരാറിനെത്തുടർന്ന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ചിടേണ്ട സാഹചര്യമുണ്ടായത് ഈ കമ്പ്യൂട്ടർ യുഗത്തിൽ അത്യത്ഭുതം തന്നെ. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തകരാർ കണ്ടുതുടങ്ങിയതാണ്. ഇതിനിടയിലും കുറെ കടകൾ തട്ടിയുംമുട്ടിയും പ്രവർത്തിച്ചു. ഭൂരിഭാഗത്തിനും പ്രവർത്തിക്കാനായില്ല. സഹികെട്ടതോടെ ചൊവ്വാഴ്ച ഉച്ചമുതൽ സംസ്ഥാനത്തൊട്ടാകെ റേഷൻകടക്കാർ കടപൂട്ടി പ്രതിഷേധിക്കുകയാണ്. ചൊവ്വാഴ്ച വൈകിട്ടോടെ സെർവർ തകരാർ പരിഹരിച്ചെന്നാണ് വകുപ്പുമന്ത്രി പറഞ്ഞതെങ്കിലും ബുധനാഴ്ചയും കാര്യങ്ങൾ നേരെയായിട്ടില്ലെന്നാണ് റേഷൻകടക്കാരുടെ പരാതി. സംസ്ഥാനത്താകെ പതിനാലായിരം റേഷൻകടകളാണുള്ളത്. അവയിലാകെ തൊണ്ണൂറു ലക്ഷത്തിൽപ്പരം കാർഡുകളുണ്ട്. ഇതിന്റെയൊക്കെ നൂറും ആയിരവും മടങ്ങ് വരിക്കാരുടെ ആവശ്യങ്ങൾ നിർവഹിക്കാൻ ശേഷിയുള്ള സെർവറുകളും കമ്പ്യൂട്ടർ ശൃംഖലകളും കുറ്റമറ്റ സോഫ്‌റ്റ്‌വെയർ ശേഷിയുമുള്ള രാജ്യത്ത് റേഷൻകടകളെ മാത്രം ഇടയ്ക്കിടെ പാടേ സ്തംഭിപ്പിക്കുന്ന സെർവർ തകരാർ എങ്ങനെയുണ്ടാകുന്നു എന്ന് കണ്ടുപിടിക്കാൻ കഴിയാത്തതെന്താണ്? റേഷൻകടകളെ ബാധിക്കുന്ന സെർവർ തകരാറുകൾ ഇത് ആദ്യമൊന്നുമല്ല. നെറ്റ്‌‌വർക്ക് അധിഷ്ഠിത സമ്പ്രദായത്തിലേക്കു മാറിയ നാൾ മുതൽ സെർവറുകൾ പണിമുടക്കുന്നതു പതിവാണ്. പൂർണമായും വിശ്വസിക്കാനാവാത്ത സെർവർ മാറ്റി കൂടുതൽ ശേഷിയുള്ള സെർവർ സ്ഥാപിച്ച് പരിഹരിക്കാവുന്ന കാര്യമേയുള്ളൂ. റേഷൻകടകളിൽ സ്ഥാപിച്ചിട്ടുള്ള ഇ - പോസ് യന്ത്രങ്ങളുടെ പരിപാലനവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ്. നടത്തിപ്പാകട്ടെ സംസ്ഥാന ഐ.ടി മിഷനും. റേഷൻകടകളുടെ പ്രവർത്തനം തടസപ്പെടുത്തുന്ന സെർവർ തകരാറിന് തങ്ങളല്ല ഉത്തരവാദികളെന്ന് സിവിൽ സപ്ളൈസ് വകുപ്പ് പറയുന്നു. മാത്രമല്ല റേഷൻകടക്കാർ ആസൂത്രിതമായി സെർവർ തകരാർ പെരുപ്പിച്ചുകാട്ടി കടകളുടെ പ്രവർത്തനം നിറുത്തിവയ്ക്കുകയാണെന്ന ആക്ഷേപവും അവർക്കുണ്ട്. സംഗതി എന്തായാലും റേഷൻ വാങ്ങാൻ കടകളിലെത്തുന്നവർ യന്ത്രത്തകരാർ കാരണം വെറുംകൈയോടെ മടങ്ങേണ്ടിവരുന്ന അനുഭവം അത്ര നല്ലതല്ല. അടിക്കടിയുണ്ടാകുന്ന ഈ സെർവർ തകരാറിന്റെ യഥാർത്ഥ കാരണം കണ്ടെത്തി ശാശ്വതമായി പരിഹരിക്കാൻ നടപടിയുണ്ടായേ മതിയാവൂ. യന്ത്രം തകരാറാക്കി അതിന്റെ മറവിൽ റേഷൻ സാമഗ്രികൾ കരിഞ്ചന്തയിലേക്കു കടത്താൻ ചിലരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിക്കണം. റേഷൻ കരിഞ്ചന്ത പുതിയ കാര്യമൊന്നുമല്ലാത്തതിനാൽ ആ വഴിക്കും ഒരന്വേഷണം നടത്തി യഥാർത്ഥ വസ്തുതകൾ കണ്ടെത്തേണ്ടതുണ്ട്.

സംസ്ഥാനത്ത് റേഷൻ സംവിധാനം കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഒട്ടേറെ പരിഷ്കാര നടപടികൾ കൊണ്ടുവരാനും കഴിഞ്ഞിരുന്നു. എല്ലാം ചിട്ടയായും ക്രമമായും നടന്നുവരുന്നതിനിടയിൽ ഇപ്പോഴത്തേതുപോലെ സെർവർ തകരാറിന്റെ പേരിൽ റേഷൻ വിതരണം മുടങ്ങുന്ന സ്ഥിതിയുണ്ടാകുന്നത് കല്ലുകടിക്കുന്ന അനുഭവം തന്നെ. പുതിയ സംവിധാനത്തിനെതിരെ പ്രതിഷേധിക്കുന്ന ധാരാളം പേർ റേഷൻ വ്യാപാരികൾക്കിടയിലുണ്ടെന്നത് രഹസ്യമൊന്നുമല്ല. കൂടക്കൂടെ ഉണ്ടാകുന്ന യന്ത്രത്തകരാർ അവരുടെ വാദത്തിന് ശക്തിപകരുകയും ചെയ്യും.

ഉപഭോക്താക്കൾ കൂട്ടത്തോടെ ഇടിച്ചു കയറുമ്പോൾ നെറ്റ്‌വർക്ക് ശൃംഖല മുടങ്ങുന്ന അവസരങ്ങളുണ്ടാകാറുണ്ട്. തിരക്കു കുറയുമ്പോൾ എല്ലാം സാധാരണ നിലയിലാവുകയും ചെയ്യും. എന്നാൽ റേഷൻകടകളിൽ ഓരോ ദിവസവും എത്തുന്ന കാർഡുടമകളുടെ സംഖ്യ എപ്പോഴും ഒരു പരിധിക്കപ്പുറം പോകാറില്ല. യന്ത്രസംവിധാനങ്ങളെ സ്തംഭിപ്പിക്കും വിധത്തിലുള്ള സമ്മർദ്ദം ഉണ്ടാവില്ലെന്നു ചുരുക്കം. എന്നിട്ടും സെർവർ കൂടക്കൂടെ പണിമുടക്കാനുള്ള കാരണമാണ് വിലയിരുത്തപ്പെടേണ്ടത്.

Advertisement
Advertisement