'തെറ്റ് ആർക്കും പറ്റാം, അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയാൽ അടുത്ത സിനിമ"; ദിലീപിനെ ന്യായീകരിച്ച് സംവിധായകൻ

Wednesday 12 January 2022 5:03 PM IST

ആക്രമണത്തിനിരയായ നടി തന്റെ അതിജീവന യാത്രയെ കുറിച്ച് കഴിഞ്ഞ ദിവസം എഴുതിയ കുറിപ്പ് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പിന്നാലെ നടിക്ക് പിന്തുണയുമായി സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിതാ സംവിധായകൻ ഒമർ ലുലു ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. തെറ്റ് ആർക്കും പറ്റാമെന്നും തെറ്റ് സംഭവിക്കാനുള്ള സാഹചര്യം എന്താണെന്ന് അറിയില്ലെന്നുമാണ് ഒമർലുലു പറയുന്നത്.

'ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ്. അയാളുടെ ഡേറ്റ് കിട്ടിയാൽ തീർച്ചയായും ഞാൻ സിനിമ ചെയ്യും. അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും. ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും. എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ. തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ . തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമുക്ക് എന്താണെന്ന് അറിയില്ല. അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു. അതുകൊണ്ട് 'സത്യം ജയിക്കട്ടെ'. ഇങ്ങനെയായിരുന്നു പോസ്റ്റ്.

നിരവധി പേരാണ് ഒമർലുലുവിന്റെ കുറിപ്പിനെ വിമർശിച്ച് എത്തിയത്. അതിന് പിന്നാലെ ഗോവിന്ദചാമിയുമായി ദിലീപിനെ ഉപമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഗോവിന്ദചാമി എന്ന മനുഷ്യനെ ആദ്യമായി ഞാൻ കാണുന്നത് ആ പീഡന കേസിൽ ആണ്. ദിലീപ് എന്ന നടനെ ഞാൻ ചെറുപ്പം മുതലേ ഇഷ്ട്ടപ്പെട്ടിരുന്നു. എന്നെ സ്കൂൾ കാലഘട്ടം മുതൽ ഒരുപാട്‌ inspire ചെയ്ത വ്യക്തിയാണ് ദിലീപ്.

പഞ്ചാബീ ഹൗസ് എന്ന സിനിമ ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ഇപ്പോഴും എന്റെ favourite ആണ്. അത്കൊണ്ട് ഗോവിന്ദചാമിയെ വച്ച് ദിലീപിനെ ചെക്ക് വയ്‌ക്കുന്ന രീതി മണ്ടൻമാരുടെ അടുത്ത് കൊണ്ട്‌ പോയി വേവിക്കുക. ഇവിടെ വേണ്ട. കേസ് വിധി വരുന്ന വരെ പ്രതിയാണ്. അല്ലാതെ കുറ്റക്കാരൻ അല്ല." ഇങ്ങനെയായിരുന്നു ഒമർലുലു നൽകിയ മറുപടി.