മറവൻതുരുത്തിൽ വാഴയ്ക്ക് അജ്ഞാതരോഗ ബാധ

Thursday 13 January 2022 12:00 AM IST

തലയോലപ്പറമ്പ് : വാഴകൾ ചുവടു വീർത്ത് ഒടിഞ്ഞു വീഴുന്നു. മറവൻതുരുത്ത് ഇടവട്ടത്താണ് ഈ അജ്ഞാത രോഗ ബാധ വ്യാപിക്കുന്നത്. ഇടവട്ടം ജയ് വിഹാറിൽ ഡി. മോഹനന്റെ 100 ഓളം ഏത്തവാഴകൾ ഇതിനകം നശിച്ചു. വാഴ കൃഷി കൂട്ടത്തോടെ നശിക്കുന്നതറിഞ്ഞ് കൃഷി വകുപ്പ് അധികൃതർ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
36 വർഷമായി വാഴ കൃഷിയിൽ ചെയ്യുന്നുണ്ട് മോഹനൻ. ഇത്രയും കാലം ഇത്തരമൊരു രോഗബാധ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഇടവട്ടത്ത് അറുപതിൽ ഭാഗത്ത് ഒരേക്കറും മ​റ്റൊരിടത്ത് 60 സെന്റും പാട്ടത്തിനെടുത്താണ് വാഴ കൃഷി നടത്തുന്നത്. ഇതിൽ 60 സെന്റ് സ്ഥലത്ത് നട്ട 250 ഓളം ഏത്തവാഴകളിൽ 100 ഓളം പാതി വളർച്ചയെത്തിയപ്പോൾ ഒടിഞ്ഞു നശിച്ചു. വാഴയുടെ ചുവട് ഭാഗം വീർത്ത് ചാഞ്ഞു നിന്ന ശേഷം വീഴുകയാണ്.

കൃഷി നാശം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് ഈ പാട്ട കർഷകൻ .

സംഭവം ശ്രദ്ധയിൽ പെടുത്തിയതോടെ കോഴ മണ്ണ് പരിശോധന ലാബ് എ.ഡി.എ ഷേർളി സഖറിയാസ്, മറവൻതുരുത്ത് കൃഷി ഓഫിസർ ലി​റ്റിവർഗീസ്, കൃഷി അസിസ്​റ്റന്റ്മാരായ ജി. അജിമോൻ , ബി.ആർ.അമ്പിളി , ബ്ലോക്ക് തല പെസ്​റ്റ് സ്‌കൗട്ട് സി.എ.ഷൈബി തുടങ്ങിയവർ സ്ഥലത്തെത്തി പരിശോധന നടത്തി. വിശദ പരിശോധനയ്ക്കായി വാഴയുടെ ചുവട് ഭാഗം ശേഖരിച്ചു.

'ജില്ലയിൽ ആദ്യമായാണ് ചുവട് വീർത്ത് ചാഞ്ഞ് വാഴ ഒടിഞ്ഞു വീഴുന്ന സംഭവം. കൊക്കാൻ വൈറസ് ബാധയോ അസന്തുലിതമായ വളപ്രയോഗമോ കാരണമായിട്ടുണ്ടാകാം'

- ഷേർളി സഖറിയാസ്, എ.ഡി.എ മണ്ണ് പരിശോധനലാബ് ,കോഴ

Advertisement
Advertisement