നൂറിലേറെ ബോംബുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ ഹീറോ, മഗാവ എലി ഇനി ഓർമ

Thursday 13 January 2022 1:20 AM IST

നോംപെൻ : കംബോഡിയയിൽ മണ്ണിനുള്ളിൽ പൊട്ടാതെ കിടക്കുന്ന കുഴിബോംബുകൾ മണത്ത് കണ്ടെത്തി ആയിരക്കണക്കിന് പേരുടെ ജീവൻ രക്ഷിക്കാൻ കാരണക്കാരനായ ' മഗാവ " എന്ന എലി വിടവാങ്ങി. എട്ട് വയസായിരുന്നു ജയന്റ് ആഫ്രിക്കൻ പൗച്‌ഡ് ഇനത്തിൽപ്പെട്ട മഗാവയ്ക്ക്. 1.2 കിലോ ഭാരവും 70 സെ.മീ നീളവുമുണ്ടായിരുന്നു മഗാവയ്ക്ക്. പ്രായാധിക്യം മൂലമുള്ള അവശതകളാണ് മരണത്തിലേക്ക് നയിച്ചത്. മഗാവയ്ക്ക് കുഴിബോംബുകൾ മണത്ത് കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ചിരുന്നു. 1970 മുതൽ ഏകദേശം അറുപത് ലക്ഷത്തോളം കുഴിബോംബുകൾ കംബോഡിയയിൽ മണ്ണിനടിയിലുണ്ടെന്നാണ് കണക്ക്. ഇതിൽ പകുതിയോളം കണ്ടെത്തിയിട്ടുണ്ട്. ബാക്കിയുള്ളവ കണ്ടെത്തി നിർവീര്യമാക്കുന്ന ജോലി ഇപ്പോഴും തുടരുന്നുണ്ട്. ഈ ദൗത്യത്തിന് മനുഷ്യർക്കൊപ്പം ഏഴ് വർഷത്തോളം പ്രവർത്തിച്ചു മഗാവ. കഴിഞ്ഞ ജൂണിൽ സർവീസിൽ നിന്ന് മഗാവ വിരമിച്ചിരുന്നു. ശേഷം വിശ്രമത്തിലായിരുന്നു അധികൃതർ ഹീറോയെന്ന് വിശേഷിപ്പിക്കുന്ന ഈ എലി. മറ്റ് എലികൾക്ക് സ്ഫോടക വസ്തുക്കൾ മണത്ത് തിരിച്ചറിയാനുള്ള പരിശീലനവും മഗാവ നൽകിയിരുന്നു. ടാൻസാനിയയിലാണ് മഗാവ ജനിച്ചത്. ഓരോ തവണയും ബോംബുകളും മറ്റും കണ്ടെത്തുമ്പോൾ സമൃദ്ധമായ ഭക്ഷണമാണ് മഗാവയ്ക്ക് ലഭിച്ചിരുന്നത്. 100ലേറെ കുഴിബോംബുകളും സ്ഫോടക വസ്തുക്കളും മഗാവ കണ്ടെത്തിയെന്നാണ് കണക്ക്. 1.5 മില്യണിലേറെ ചതുരശ്രഅടി പ്രദേശം മഗാവ സുരക്ഷിതമാക്കി. ബ്രിട്ടീഷ് ചാരിറ്റി സംഘടനയായ പി.ഡി.എസ്.എയുടെ ( പീപ്പിൾസ് ഡിസ്പെൻസറി ഫോർ സിക്ക് ആനിമൽസ് ) പരമോന്നത ബഹുമതിയായ ധീരതയ്ക്കുള്ള സ്വർണ മെഡൽ മഗാവയ്ക്ക് ലഭിച്ചിരുന്നു.

Advertisement
Advertisement