വിവേകത്തിന്റെ ആനന്ദം അറിവിന്റെ ആകാശം

Thursday 13 January 2022 12:00 AM IST

ആശയദാരിദ്ര്യമാണ് ലോകത്തെ ഏറ്റവും ഭീതിദമായ ദാരിദ്ര്യം. അന്നവും സമ്പത്തും ഇല്ലാത്തതുമൂലമുള്ള ദാരിദ്ര്യം പട്ടിണിമരണങ്ങളിലേക്ക് നയിക്കുമ്പോൾ ആശയദാരിദ്ര്യം ഹിംസകളിലേക്കും കൂട്ടക്കുരുതിയിലേക്കുമാണ് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്. എസ്.എഫ്.ഐ പ്രവർത്തകനെ യൂത്ത് കോൺഗ്രസുകാരനും യൂത്തുകോൺഗ്രസ് പ്രവർത്തകനെ കമ്മ്യൂണിസ്റ്റുകാരനും കമ്മ്യൂണിസ്റ്റുകാരനെ ആർ.എസ്.എസുകാരനും ബി.ജെ.പിക്കാരനെ തീവ്രമുസ്ലിമിനും കൊല്ലാൻ തോന്നുന്നതും അതുകൊണ്ടാണ്. 'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരേ' എന്ന് ചിക്കാഗോയിൽ നിന്നുകൊണ്ട് സ്വാമി വിവേകാനന്ദന് സംബോധന ചെയ്യാൻ തോന്നിയത് അദ്ദേഹത്തിന് ആശയദാരിദ്ര്യം നേരിടേണ്ടിവന്നിട്ടില്ലാത്തതു കൊണ്ടാണ്. എന്റെ സഹോദരീസഹോദരന്മാരേ എന്നു കേട്ടാൽ ഇപ്പോൾ ആർക്കും അദ്ഭുതം തോന്നില്ല. പക്ഷേ, അന്ന് വിവേകാന്ദൻ തന്റെ മുന്നിലെ നിറഞ്ഞ സദസിനെ നോക്കി അങ്ങനെ പറഞ്ഞപ്പോൾ ലോകജനതയ്ക്കാകെ അതൊരു അറിവും തിരിച്ചറിവും പാഠവുമായിരുന്നു. ഭാരതത്തിന്റെ വേദാന്തസാഗരത്തിൽ നിന്ന് വിവേകാനന്ദൻ കടഞ്ഞെടുത്ത വിവേകമായിരുന്നു അത്. വേദാന്തത്തെ ശാസ്ത്രനിഷ്ഠമായ കണ്ണിലൂടെ ദർശിക്കുകയും യുക്തിഭദ്രമായ ഭാഷയിലൂടെ ലോകജനതയ്ക്കായി അത് ആവിഷ്കരിക്കുകയും ചെയ്ത സ്വാമി വിവേകാനന്ദൻ തന്റെ യൗവനകാലം മങ്ങാൻ തുടങ്ങും മുൻപ് അസ്തമിച്ചു. ആരും അസ്തമിക്കാൻ കൊതിക്കാത്ത 39 ാം വയസിലാണ് നിയതി ഈ പ്രിയപുത്രനെ തിരികെ വിളിച്ചത്. പിന്നെയും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ദൈവസങ്കല്പം തന്നെ മാറിമറിയുമായിരുന്നു. ദൈവത്തെ യുക്തിഭദ്രമായി അവതരിപ്പിക്കാൻ ശ്രീനാരായണഗുരുദേവന് വെളിച്ചം പകർന്നത് വിവേകാനന്ദന്റെ സാന്നിദ്ധ്യമല്ലെങ്കിലും അതിന്റെ സാധുതയെ വിളംബരം ചെയ്യാൻ മനുഷ്യരാശിക്കായത് സ്വാമി വിവേകാനന്ദൻ രൂപപ്പെടുത്തിയ ആത്മീയഭൂമികയുടെ പ്രാബല്യം കൊണ്ടാണെന്ന് പറയുന്നതിൽ അപാകതയില്ല. ഐൻസ്റ്റിനു മുൻപേതന്നെ വിവേകാനന്ദൻ ഈതർ സിദ്ധാന്തത്തെ നിരാകരിച്ചു. പ്രസിദ്ധ വൈദ്യുതി ശാസ്ത്രജ്ഞനായ നിക്കോളാസ് ടെസ്ള വിവേകാനന്ദന്റെ സംഖ്യാശാസ്തത്തെപ്പറ്റിയുള്ള പ്രഭാഷണം കേട്ടതിനെത്തുടർന്നാണ് ഭൗതികവസ്തുക്കൾ ഊർജ്ജത്തിന്റെ ആവിഷ്കരണമാണെന്ന അവലോകനത്തിലെത്തിയത്. തുടർന്നാണ് അദ്ദേഹം പിണ്ഡത്തെ തത്തുല്യമായ സ്ഥിതികോർജ്ജനിലയിലേക്ക് മാറ്റാമെന്ന് ഗണിതശാസ്ത്ര സഹായപ്രകാരം തെളിയിച്ചത്.

പാശ്ചാത്യർ പറഞ്ഞാലേ വിശ്വസിക്കൂ എന്ന അടിമ മനോഭാവം ഇന്നും ഇന്ത്യക്കാരെ വിട്ടുപോയിട്ടില്ല. ഇന്ത്യൻ മണ്ണിലൂടെ തലങ്ങും വിലങ്ങും സഞ്ചരിച്ച വിവേകാനന്ദനെ ഇന്ത്യൻ ബൗദ്ധികലോകം സ്വീകരിച്ചത് വിദേശസ്വീകാര്യതയുടെ മാർഗത്തിലൂടെ ആയതും അതുകൊണ്ടാവാം. ഇന്ത്യയിലെ സന്യാസിമാർക്കും മനുഷ്യദൈവങ്ങൾക്കും പാശ്ചാത്യരാജ്യങ്ങളിൽ ഇന്നു ലഭിക്കുന്ന വലിയ സ്വീകാര്യതയ്ക്ക് പിന്നിൽ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗവും തുടർന്നുള്ള പര്യടനങ്ങളും ചെലുത്തിയ സ്വാധീനം അളവറ്റതാണ്. പാശ്ചാത്യലോകത്ത് സ്വാമി വിവേകാനന്ദൻ ഒരു സ്ഥിരനിക്ഷേപം നടത്തിയിട്ടുണ്ടെന്നും അതിന്റെ പലിശയെടുത്ത് ആർക്കുവേണമെങ്കിലും അവിടെ കഴിയാമെന്നും നിത്യചൈതന്യ യതിയോട് നടരാജഗുരു പറഞ്ഞത് മറക്കാതിരിക്കാം.

1893 സെപ്തംബർ 11നാണ് സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ ചിക്കാഗോ പ്രസംഗം അരങ്ങേറിയത്. 'അമേരിക്കയിലെ സഹോദരീ സഹോദരന്മാരേ, നിങ്ങൾ ഞങ്ങൾക്ക് നല്‌കിയ ഊഷ്മളവും ഹൃദ്യവുമായ സ്വീകരണത്തിനു നന്ദിപറയാൻ പറ്റാത്ത വിധം എന്റെ ഹൃദയം ആഹ്ലാദാവേശത്തിലാണ്. ലോകത്തെ ഏറ്റവും പൗരാണികമായ ഋഷിപരമ്പരയുടെ പേരിൽ, ഞാൻ നന്ദി പറയട്ടെ. എല്ലാ മതങ്ങളുടെയും മാതാവിന്റെ പേരിൽ ഞാൻ നന്ദി പറയട്ടെ. വിവിധ വർഗങ്ങളിലും വിഭാഗങ്ങളിലുമുള്ള ലക്ഷോപലക്ഷം ഹിന്ദുക്കളുടെ പേരിൽ ഞാൻ നന്ദി പറയട്ടെ... ക്ഷമാശീലവും പ്രാപഞ്ചിക സ്വീകാര്യതയും ലോകത്തെ പഠിപ്പിച്ച മതമാണെന്റേത്. പ്രപഞ്ച സഹിഷ്ണുതയിൽ മാത്രമല്ല നാം വിശ്വസിക്കുന്നത്. എല്ലാ മതങ്ങളെയും സത്യമായി സ്വീകരിക്കുന്നു. എല്ലാ മതങ്ങളിലും പെട്ട, എല്ലാ രാജ്യങ്ങളിലുമുള്ള പീഡിതർക്കും അഭയാർത്ഥികൾക്കും അത്താണിയായ രാജ്യമാണെന്റേത് എന്നതിൽ ഞാനഭിമാനിക്കുന്നു.....

കുട്ടിക്കാലം തൊട്ട് പാടിവരുന്ന, ഇന്നും ലക്ഷോപലക്ഷങ്ങൾ പാടുന്ന ഏതാനും വരികൾ ഞാൻ പാടാം:

'എല്ലാ നദികളും ഒടുവിൽ സമുദ്രത്തിൽ ചേരുന്നതുപോലെ മനുഷ്യൻ, വേഷമേതായാലും, മട്ടെന്തായാലും, ദൈവത്തിൽചേരുന്നു' ഇന്നത്തെ ഈ സമ്മേളനംതന്നെ ലോകത്തിനു നല്‌കുന്ന സന്ദേശമിതാണ്. 'എന്റെയടുത്ത് വരുന്നവരാരായാലും ഏതു രൂപത്തിലായാലും ഞാനവരിലെത്തുന്നു; ഏതു വഴികളിൽ ഉഴറിയെത്തുന്ന മനുഷ്യനും ഒടുക്കം എന്നിലെത്തുന്നു'(ഭഗവദ്‌ഗീത).

കൊളംബസ് അമേരിക്കയിലെത്തിയതിന്റെ നാനൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലോകമത സമ്മേളനവേദിയിൽ വിവേകാനന്ദൻ നടത്തിയ ആ പ്രസംഗം അമേരിക്കയുടെ ആത്മാവിനെ തൊട്ടുണർത്തുന്നതായിരുന്നു. തുടർന്ന് വിവേകാനന്ദൻ മേളയിൽ പന്ത്രണ്ടോളം പ്രസംഗങ്ങൾ നടത്തി. അതിനുശേഷം പലതവണ സ്വാമി അമേരിക്കയിൽ പ്രഭാഷകനായെത്തി.

മനുഷ്യരിലുള്ള സമ്പൂർണതയുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം കിട്ടുന്നതോടെ ഉദ്ബുദ്ധമായ സമൂഹം ഉടലെടുക്കുമെന്നും സ്വാമി കരുതിയിട്ടുണ്ടാവാം. അത് പൂർണമായി ശരിയല്ലെന്ന് ഓർമ്മിപ്പിച്ചത് ഡോ. പൽപ്പുവാണ്. മെഡിക്കൽ ബിരുദധാരിയായിട്ടും തിരുവിതാംകൂറിൽ ജോലി ലഭിക്കാത്ത പൽപ്പുവിന്റെ അനുഭവം അദ്ദേഹത്തിൽനിന്നുതന്നെ അറിഞ്ഞ സ്വാമി വിവേകാനന്ദൻ നടുങ്ങി. ജാതിപ്പിശാച് ബാധിച്ച നമ്മുടെ നാട് കാണാനുള്ള തീരുമാനം ഉണ്ടായത് അങ്ങനെയെന്നാണ് ലഭ്യമായ വിവരം. അന്നത്തെ കൽക്കരി വണ്ടിയായ ട്രെയിനിൽ പാലക്കാട്ടിറങ്ങിയശേഷം,​ അവിടെനിന്ന് കാളവണ്ടിയിൽ തൃശൂരും കൊടുങ്ങല്ലൂരും കൊച്ചിയും പിന്നിട്ട്, ബോട്ടിൽ തിരുവനന്തപുരത്ത് എത്തിയ വിവേകാനന്ദൻ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നേരിട്ടറിഞ്ഞ് വിളിച്ചുപോയതാണ് 'ഭ്രാന്താലയം' എന്ന്. 1892-ലാണ് സ്വാമി വിവേകാനന്ദൻ അന്ന് മൂന്നു ഭരണക്രമത്തിലായിരുന്ന കേരളം സന്ദർശിച്ചത്.

'വിധവയുടെ കണ്ണുനീർ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും വിശ്വാസമില്ല'. എന്ന് പ്രഖ്യാപിച്ച വിവേകാനന്ദൻ ധനവും പദവിയും അധികാരവുമല്ല, ഹൃദയശുദ്ധിയാണ്‌ മനുഷ്യനെ ഭൂമിയുടെ അവകാശിയാക്കുന്നതെന്ന് ബാല്യത്തിലേ തിരിച്ചറിഞ്ഞിരുന്നു.

'നാം കുട്ടിക്കാലം മുതൽക്കേ നമുക്ക് വെളിയിലുള്ള വല്ലതിനെയും കുറ്റം ചുമത്താനാണ് യത്നിക്കുന്നത്. എന്നും എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നത്, വാസ്തവത്തിൽ നാം നമ്മെത്തന്നെയല്ലേ ആദ്യം നേരെയാക്കേണ്ടത്.' എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടാണ് വിവേകാനന്ദൻ മനുഷ്യഹൃദയങ്ങളിൽ നിറഞ്ഞത്. പുതിയ കാലം ആവശ്യപ്പെടുന്നതും അതാണ്.

39 വർഷം മാത്രം ഭൂമിയിൽ ജീവിച്ചിരുന്ന സ്വാമി വിവേകാനന്ദൻ ജനിച്ചിട്ട് 159 വർഷം പിന്നിടുകയാണ്. 'ഇരുമ്പിന്റെ മാംസപേശികളും ഉരുക്കിന്റെ ഞരമ്പുകളും അതിമാനുഷമായ ഇച്ഛാശക്തിയുമുള്ള യുവതലമുറയാണ് നമുക്കാവശ്യം' എന്നു പറഞ്ഞ സ്വാമിയുടെ പാദങ്ങളിൽ ആത്മവിവേകത്തിന്റെ ചെമ്പകപ്പൂക്കൾ അർപ്പിക്കുന്നു. വിവേകത്തിന്റെ ആനന്ദവും അറിവിന്റെ ആകാശവും നമുക്ക് നഷ്ടപ്പെടുന്നത് എങ്ങനെയെന്നറിയാൻ സ്വാമി വിവേകാനന്ദനെ വീണ്ടും വായിക്കാം.

Advertisement
Advertisement