തലവേദനയായി ഉത്തര കൊറിയൻ മിസൈൽ പരീക്ഷണം, വിമാനങ്ങൾ വൈകിപ്പിച്ച് യു.എസ്

Thursday 13 January 2022 1:29 AM IST

വാഷിംഗ്ടൺ : ഒരാഴ്ചക്കുള്ളിൽ ഉത്തര കൊറിയ നടത്തിയ രണ്ടാമത്തെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം തലവേദന സൃഷ്ടിച്ചത് യു.എസിന്. പരീക്ഷണത്തെ തുടർന്ന് പടിഞ്ഞാറൻ തീരത്തെ വിമാനത്താവളങ്ങളിൽ നിന്നുള്ള ചില വിമാനങ്ങൾ 15 മിനിറ്റോളം വൈകിപ്പിച്ചതായി യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനാണ് അറിയിച്ചത്.

ചൊവ്വാഴ്ച പരീക്ഷിച്ച ഈ ഹൈപ്പർസോണിക് മിസൈൽ 700 കിലോമീറ്റർ സഞ്ചരിച്ച് ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള കടൽ ഭാഗത്ത് പതിച്ചെന്നാണ് റിപ്പോർട്ട്. ഉത്തര കൊറിയയുടെ നടപടിക്കെതിരെ ജപ്പാനും യു.എസും രംഗത്തെത്തിയിരുന്നു. കഴിഞ്ഞാഴ്ച നടന്ന ഉത്തര കൊറിയയുടെ ഹൈപ്പർസോണിക് മിസൈൽ പരീക്ഷണത്തെ പറ്റി ചർച്ച ചെയ്യാൻ ന്യൂയോർക്കിൽ യു.എൻ രക്ഷാസമിതി ചേർന്നതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ പരീക്ഷണം.

Advertisement
Advertisement